അഴിക്കോട് മാഷെ ഓര്‍ക്കുമ്പോള്‍

പ്രഭാഷണകലയെ കുറിച്ചുള്ള അഴിക്കോട് മാഷുടെലേഖനം പത്താംക്ലാസില്‍ അതുപഠിച്ചതിനുശേഷമാണ് ഒന്നു കാണാനും ആ പ്രസംഗമൊന്നുകേള്‍ക്കാനുള്ള ആഗ്രഹം മനസ്സില്‍ ജനിച്ചത്. അടുത്ത ഗ്രാമത്തില്‍ പുരോഗമനകലാസംഘത്തിന്റെ പരിപാടിക്ക് അദ്ദേഹമെത്തുന്ന വിവരമറിഞ്ഞ് മണിക്കൂറുകള്‍ക്കു മുമ്പ് വേദിയിലെത്തിയതും ഈ ഒരു ആവേശത്തിലായിരുന്നു.
ആ വാക്കുകള്‍ അതു വരെ കേള്‍ക്കാത്ത ഒരു സംസാരരീതിയയിരുന്നു അത്. പതുക്ക പതുക്കെ മനസ്സിനെ കീഴടക്കാന്‍ തുടങ്ങി. തിരിച്ചുപോയപ്പോഴും പിന്നീടും ആ ശൈലി അനുകരിക്കാനുള്ള ശ്രമമായിരുന്നു. അന്നു മുതല്‍ അഴിക്കോട് മാഷുടെ പ്രസംഗം കേള്‍ക്കാന്‍ എത്തിപ്പെടാന്‍ കഴിയുന്ന എല്ലായിടത്തും എത്തുന്നത് ശീലമായി.

ജേര്‍ണലിസം പഠനത്തിനുശേഷം സിറാജ് പത്രത്തില്‍ ജോലി നോക്കുന്ന കാലത്താണ് വര്‍ത്തമാനം പത്രം തുടങ്ങുന്ന വിവരമറിയുന്നത. സുകുമാര്‍ അഴിക്കോട്, എന്‍ പി മുഹമ്മദ് എന്ന രണ്ടു മഹാരഥന്മാരാണ് ഇതിന്റെ അമരത്തുള്ളത് എന്നറിഞ്ഞതോടെ പിന്നെ രണ്ടാമതൊന്നാലോചിച്ചില്ല. കോഴിക്കോട് അളകാപുരിയില്‍ വെച്ചായിരുന്നു അഭിമുഖം. മുന്നിലുള്ളവരുടെ ചോദ്യങ്ങളെക്കാളും മനസ്സില്‍ ആരാധിക്കുന്ന വ്യക്തിയെ അരമീറ്റര്‍ വ്യത്യാസത്തില്‍ കാണാന്‍ സാധിച്ചതിന്റെ ത്രില്ലിലായിരുന്നു. അവിടെ നിന്നിറങ്ങിയിട്ടും ജോലി കിട്ടുമയെന്ന കാര്യത്തില്‍ വലിയ ടെന്‍ഷനൊന്നുമില്ലായിരുന്നു. മറിച്ച് അഴിക്കോടിനെ കണ്ട സന്തോഷമായിരുന്നു.
സബ്എഡിറ്ററായി ജോലിചെയ്യുന്ന കാലത്ത് അദ്ദേഹത്തെ കൂടുതല്‍ അടുത്തുകാണാനും സംസാരിക്കാനുമുള്ള അവസരം ലഭിച്ചു. പത്രത്തിന്റെ ഉദ്ഘാടനത്തിലും പത്രവുമായി ബന്ധപ്പെട്ട ചടങ്ങുകളിലും അദ്ദേഹം ഇടക്കിടെ ഓര്‍മ്മിപ്പിക്കുന്ന ഒരു കാര്യമുണ്ടായിരുന്നു. ‘ഞാന്‍ പരാജയപ്പെട്ട ഒരു പത്രാിപരാണ്’. നേരത്തെ ഒരു പത്രത്തിന്റെ ചുമതല ഏറ്റെടുത്തിരുന്നെങ്കിലും തിരക്കേറിയ ജീവിതത്തിനിടയില്‍ ആ കസേരയില്‍ തിളങ്ങാന്‍ അദ്ദേഹത്തിനു സാധിച്ചിരുന്നില്ല. മികച്ച എഴുത്തുകാരനും വാഗ്മിയും സാമൂഹികവിമര്‍ശകനുമായിരുന്നെങ്കിലും പലപ്പോഴും പത്രാധിപരുടെ ജോലി അദ്ദേഹത്തിനു അത്ര സുഖിച്ചിരുന്നില്ലെന്നതാണ് സത്യം. കാരണം അദ്ദേഹത്തെ പോലൊരു മനുഷ്യനെ അത്തരം ഒരു കസേരയില്‍ ഒതുക്കി നിര്‍ത്തുക ഏറെ ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു.

എഡിറ്റോറിയല്‍ മീറ്റിങുകളില്‍ അപൂര്‍വമായേ മാഷ് പങ്കെടുക്കാറുണ്ടായിരുന്നുള്ളൂവെങ്കിലും ഞങ്ങളുടെ മൊത്തം പ്രവര്‍ത്തനങ്ങളുടെ ഊര്‍ജ്ജം അദ്ദേഹമായിരുന്നു. അഭിമുഖത്തിനും മറ്റു പോകുമ്പോള്‍ പുതിയ പത്രമായതിനാല്‍ ആദ്യം പത്രത്തെകുറിച്ച് പറഞ്ഞുകൊടുക്കേണ്ടി വരുമായിരുന്നു. ചീഫ് എഡിറ്റര്‍ അഴിക്കോട് മാഷല്ലെ എന്നു ചോദിച്ച് പലരും കൂടുതല്‍ പരിചയവും പ്രിയവും കാണിച്ചത് ഇപ്പോഴും ഓര്‍ക്കുന്നു. സാമ്പത്തികമായി പത്രം ക്ഷീണം കാണിക്കാന്‍ തുടങ്ങിയപ്പോഴും നയപരമായ കാഴ്ചപ്പാടുകളില്‍ കാലിടറിയപ്പോഴും മാഷെന്ന പത്രാധിപര്‍ പലപ്പോഴും ഒത്തുതീര്‍പ്പിന് തയ്യാറായിരുന്നത് സൗഹൃദത്തിന്റെ ഊഷ്മളത കൊണ്ടു മാത്രമായിരുന്നു. . തെറ്റു കണ്ടാല്‍ ആരെയും വെറുതെ വിടാത്ത വിമര്‍ശകന്‍ പലപ്പോഴും പത്രമാനേജ്‌മെന്റിന്റെ പ്രശ്‌നങ്ങള്‍ കൂടുതല്‍ മനസ്സിലാക്കുകയും ഞങ്ങളെ ആശ്വസിപ്പിക്കുന്ന, സമാധാനിപ്പിക്കുന്ന കുടുംബനാഥനായി മാറുകയും ചെയ്തിരുന്നു. ഏത് തിരക്കിലിനിടയിലും ആഴ്ചയില്‍ മൂന്നോ നാലോ ദിവസം പത്ര ഓഫീസിലെ സ്വന്തം കാബിനിലെത്താനും കാര്യങ്ങള്‍ ശ്രദ്ധിക്കാനും അദ്ദേഹം താല്‍പ്പര്യം കാണിച്ചിരുന്നു. പപ്പോഴും ‘എന്താടോ’ എന്നൊരു ചോദ്യം കേള്‍ക്കാനായി മുന്നിലെത്താന്‍ ഞാനും ശ്രമിച്ചിരുന്നു. ആ ഒരു ചോദ്യത്തില്‍ എല്ലാം അടങ്ങിയിരുന്നു.

മൂന്നു വര്‍ഷത്തിനുശേഷം വര്‍ത്തമാനത്തില്‍നിന്നു പുറത്തിറങ്ങിയതിനുശേഷമാണ് മാഷുമായി കൂടുതല്‍ അടുക്കാനുള്ള അവസരം ലഭിച്ചത്. അഴിക്കോട് ട്രസ്‌ററ് രൂപീകരിക്കുന്നതും അതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് പോകുന്നതും ഇക്കാലത്താണ്. പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ള വാഗ്ഭടാനന്ദ ട്രസ്റ്റ് സംഘടിപ്പിക്കുന്ന പരിപാടികള്‍ക്കിടയിലാണ് മാഷുടെ സന്തത സഹചാരിയായ സുരേഷുമായി പരിചയപ്പെടുന്നത്. മാഷുടെ ഓരോ കാര്യവും തിരിച്ചറിഞ്ഞ് വര്‍ഷങ്ങളായി നിഴല്‍ പോലെ സുരേഷ് കൂടെയുണ്ട്. അദ്ദേഹത്തിന്റെ സുവനീര്‍ തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട് ഏറെ കാലം സഹകരിച്ച് പ്രവര്‍ത്തിച്ചിരുന്നു. കോഴിക്കോടെത്തിയാല്‍ തങ്ങാറുള്ള മലബാര്‍ പാലസിലെ സ്ഥിരം മുറിയില്‍ ചെന്ന് നിരവധി തവണ അദ്ദേഹത്തെ കാണാനും സംസാരിക്കാനുമുള്ള ഭാഗ്യമുണ്ടായിട്ടുണ്ട്. കൂടെ നില്‍ക്കുന്നവരോട് എന്നും വളരെ ഔദാര്യത്തോടെ പെരുമാറിയിരുന്ന മാഷ് എപ്പോഴാണ് തെറ്റുകയെന്ന് പ്രവചിക്കാനാവില്ല. പക്ഷേ, കാര്യം മനസ്സിലായാല്‍ അല്ലെങ്കില്‍ നമ്മുടെ കുറ്റം ഏറ്റുപറഞ്ഞാല്‍ എല്ലാ മഞ്ഞും നിമിഷനേരം കൊണ്ട് അലിഞ്ഞില്ലാതാവും. പഴയ വാത്സല്യവും സ്‌നേഹവും ആവോളം ലഭിക്കുകയും ചെയ്യും. മാഷുമായി തെറ്റിയവരെല്ലാം തന്നെ മാഷെ ശരിയ്ക്കും മനസ്സിലാക്കാത്തവരായിരുന്നുവെന്നതാണ് ശരി.

 

വണ്‍ ഇന്ത്യ മലയാളത്തില്‍ പ്രസിദ്ധീകരിച്ചത്.