യുഎന്‍ മനുഷ്യാവകാശ കൗണ്‍സിലില്‍ വരുന്ന അമേരിക്കന്‍ പ്രമേയത്തിന്റെ വോട്ടെടുപ്പില്‍ നിന്നും സാങ്കേതികമായി ഇന്ത്യ വിട്ടുനില്‍ക്കണം അതേ സമയം ലങ്കന്‍ സൈന്യത്തിന്റെ കൊടും ക്രൂരതകള്‍ക്കെതിരേ ലോകരാജ്യങ്ങള്‍ക്കൊപ്പം നില്‍ക്കുകയും മനുഷ്യാവകാശ ധ്വംസനത്തിനെതിരേയുള്ള ഇന്ത്യന്‍ നിലപാട് വളരെ ശക്തമായി തന്നെ ലങ്കയെ അറിയിക്കുകയും വേണം.
എന്തിനാണ് ഇങ്ങനെയൊരു ‘ആണും പെണ്ണും’ കെട്ട നിലപാടെന്ന് ചിന്തിക്കുന്നുണ്ടാവും. മറ്റൊരു രാജ്യത്തെ ആഭ്യന്തരകാര്യങ്ങളില്‍ ഇടപെടരുതെന്നാണ് ഇന്ത്യന്‍ വിദേശനയത്തിന്റെ കാതലായ ഭാഗം. ലോക പോലിസ് ചമഞ്ഞ് കൊടും ക്രൂരതകള്‍ അഴിച്ചുവിടുന്ന അമേരിയ്ക്ക് മനുഷ്യാവകാശത്തെ കുറിച്ച് ഒന്നും പറയാനുള്ള അവകാശമില്ല. അപ്പോള്‍ ലങ്കയിലെ പ്രശ്നങ്ങളുമായി അമേരിക്ക വരുന്നതിന് ചില രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ട്.
എന്തുകൊണ്ട് വോട്ട് ചെയ്തുകൂടാ എന്നതു പരിശോധിക്കുമ്പോള്‍. ലങ്കയിലെ പ്രശ്നം ആ രാജ്യത്തെ രണ്ടു വിഭാഗങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലിന്റെ വിഷയമാണ്. ലോകത്തെ ഒട്ടുമിക്ക രാജ്യങ്ങളിലും ഇത്തരം ആഭ്യന്തരപ്രശ്നങ്ങള്‍ ഉണ്ട്. ഇത്തരം കാര്യങ്ങള്‍ ഇന്ത്യ നിലപാട് എടുക്കാറില്ലെന്നതാണ് ചരിത്രം. പിന്നെ എന്തിനാണ് ലങ്കന്‍ വിഷയത്തില്‍ ഇത്തരമൊരു സമ്മര്‍ദ്ദം. ലങ്കയിലെ തമിഴരും ഇന്ത്യയിലും തമിഴരും ഒന്നല്ല. രണ്ടാണ്. ഇന്ത്യയിലെ തമിഴര്‍ സമ്മര്‍ദ്ദമുണ്ടാക്കുമ്പോള്‍ പൊളിച്ചെഴുതേണ്ടതല്ല ഇന്ത്യന്‍ വിദേശനയം.
കാരണം ഈ പൊളിച്ചെഴുത്തുകൊണ്ട് ഇന്ത്യയ്ക്ക് സാമ്പത്തികമായും രാഷ്ട്രീയമായും ഏറെ നഷ്ടങ്ങളാണുള്ളത്. കഴിഞ്ഞ വോട്ടെടുപ്പില്‍ അമേരിയ്ക്കപ്പൊപ്പം നിന്നതുകൊണ്ട് തന്നെ കോടികണക്കിനു രൂപയുടെ ഇറക്കുമതി ഓര്‍ഡറുകളാണ് ലങ്ക റദ്ദാക്കിയത്. അതു പോലെ ലങ്കയില്‍ നിന്നുള്ള കയറ്റുമതിയ്ക്കും നിയന്ത്രണങ്ങളുണ്ട്.
ചുരുക്കത്തില്‍ മനുഷ്യാവകാശലംഘനത്തെ അപലപിക്കുന്നതോടൊപ്പം മേഖലയിലെ മാലി, ലങ്ക തുടങ്ങിയ രാജ്യങ്ങളുടെ രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കേണ്ട ബാധ്യത കൂടി ഇന്ത്യ ഏറ്റെടുത്തിട്ടില്ലെങ്കില്‍ കാര്യങ്ങള്‍ കൈവിട്ടു പോകും. ലങ്കന്‍ തമിഴരുടെ വിഷയത്തില്‍ ഇന്ത്യന്‍ തമിഴരുടെ സമ്മര്‍ദ്ദമുണ്ടായി കാര്യങ്ങള്‍ മാറ്റിയെഴുതിയാല് നാളെ പാകിസ്താനിലെ മുസ്ലീങ്ങള്‍ക്കു വേണ്ടിയും ഇന്ത്യ നിലപാട് മാറ്റേണ്ടി വരും. മറ്റൊരു രാജ്യത്തിന്റെ കാര്യത്തില്‍ ഇന്ത്യ ഇടപെടരുത്. അതുപോലെ ഇന്ത്യയുടെ കാര്യത്തില്‍ മറ്റൊരു രാജ്യവും ഇടപെടരുത്. പക്ഷേ, മനുഷ്യാവകാശ ധ്വംസനങ്ങള്‍ക്കെതിരേ പ്രതികരിക്കുകയും വേണം.
30 വര്‍ഷത്തോളം ആഭ്യന്തരസംഘര്‍ഷങ്ങള്‍ക്ക് അറുതിയായിരിക്കുന്നു. രാജ്യത്ത് ശാന്തിയും സമാധാനവുമുണ്ട്. എല്‍ടിടിഇ നടത്തിയ ആക്രമണങ്ങളില്‍ പതിനായിരങ്ങളാണ് കൊല്ലപ്പെട്ടിട്ടുള്ളത്. അതില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി പോലും ഉള്‍പ്പെടും. ഇവര്‍ക്കെല്ലാം മനുഷ്യാവകാശങ്ങളുണ്ടായിരുന്നു. ചൈനയും റഷ്യയും കഴിഞ്ഞ തവണ അമേരിക്ക കൊണ്ടു വന്ന പ്രമേയത്തെ എതിര്‍ത്തിരുന്നു. എട്ടു രാജ്യങ്ങള്‍ വോട്ടെടുപ്പില്‍ നിന്നു മാറി നില്‍ക്കുകയും ചെയ്തു. ഇന്ത്യയ്ക്ക് മാറിനിന്നവരുടെ കൂടെയെങ്കിലും നില്‍ക്കമായിരുന്നു.