Uncategorized

എം.എല്‍എം കമ്പനികളുടെ ബാങ്കിടപാടുകള്‍ നിരീക്ഷിക്കുന്നു

എം.എല്‍.എം കമ്പനികള്‍ വന്‍കിട ബാങ്കുകളില്‍ എക്കൗണ്ടുകള്‍ തുറന്ന് കൊടുത്ത് വന്‍തോതില്‍ നിക്ഷേപങ്ങള്‍ സ്വീകരിക്കുന്നത് സര്‍ക്കാര്‍ ഏജന്‍സികള്‍ അതീവഗൗരവത്തോടെയാണ് കാണുന്നതെന്ന് വ്യക്തമായി. ഒരു പ്രത്യേക എക്കൗണ്ടിലേക്ക് വന്‍തോതില്‍ പണം ഒഴുകിയെത്തുന്നതും പിന്നീട് അത് മറ്റു ചില എക്കൗണ്ടുകളിലേക്ക് വഴിമാറി ഒഴുകുന്നതും സ്ഥിരസംഭവമായി മാറിയിരിക്കുകയാണ്.
വന്‍ പലിശ അല്ലെങ്കില്‍ സാമ്പത്തികനേട്ടമാണ് ഇത്തരം നിക്ഷേപത്തിന് കമ്പനികള്‍ ഓഫര്‍ ചെയ്യുന്നത.് വന്‍തോതില്‍ ചെക് ലീഫുകള്‍ സ്വന്തമാക്കി പലിശയ്ക്കും മുതലിനും പോസ്റ്റ് ഡേറ്റഡ് ചെക്കുകള്‍ നല്‍കി നിക്ഷേപകരുടെ മനസ്സില്‍ കൃത്രിമമായ സുരക്ഷിതത്വം സൃഷ്ടിക്കുകയാണ് ഈ കമ്പനികളുടെ രീതി.
അന്താരാഷ്ട്ര എം.എല്‍.എം കമ്പനികളുടെ പേരിലോ അല്ലെങ്കില്‍ അതിനുസമാനമായ പേരിലോ സ്ഥാപനങ്ങള്‍ പ്രൈവറ്റ് ലിമിറ്റഡ് കമ്പനികള്‍ ഉണ്ടാക്കിയാണ് തട്ടിപ്പ് തുടങ്ങുന്നത്. രജിസ്‌ട്രേഷനുള്ള കമ്പനി, അടിപൊളി ഓഫിസ് സെറ്റ്അപ് എന്നിവയെല്ലാം വിശ്വാസം ഊട്ടിയുറപ്പിക്കും.
ഇത്തരം കമ്പനികളുടെ പേരില്‍ വാങ്ങുന്ന പണം. പതുക്കെ വ്യക്തിഗത എക്കൗണ്ടിലേക്കോ അല്ലെങ്കില്‍ മറ്റൊരു അസോസിയേറ്റ് സ്ഥാപനത്തിന്റെ കറന്റ് എക്കൗണ്ടിലേക്കോ മാറ്റും. ചിലര്‍ കമ്പനിയില്‍ നിന്നു മാറിനിന്നു ഇത്തരം ബാങ്ക് എക്കൗണ്ടുകള്‍ മാത്രം ഓപറേറ്റ് ചെയ്യും. ഇത്തരത്തിലുള്ള 15 പ്രമുഖ കമ്പനികളെ കണ്ടെത്തി കഴിഞ്ഞു. 11 ബാങ്കുകളിലായി 35 എക്കൗണ്ടുകളാണ് ഈ കമ്പനികള്‍ ഓപറേറ്റ് ചെയ്യുന്നത്.. ഇത്രയധികം എക്കൗണ്ടിലേക്ക് ഫണ്ട് ഒഴുകുന്നതിനാല്‍ ഇതിന്റെ കണക്കുകള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഏജന്‍സികള്‍ക്ക് പിടുത്തം കിട്ടില്ല. ഇനി ഒരു ഞെട്ടിക്കുന്ന കണക്കു പറയട്ടെ…ഇത്തരത്തിലുള്ള ഒരു കമ്പനി എക്കൗണ്ടില്‍ നിന്നും 130 കോടി രൂപയാണ് 16 മാസം കൊണ്ട് മറ്റൊരു എക്കൗണ്ടിലേക്ക് ഒഴുകിയത്. ഇതുമായി ബന്ധപ്പെട്ട് ഒരു കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
കമ്പനികളില്‍ ചേരുന്നതോടെ ഒരു ബാങ്ക് എക്കൗണ്ട് ഫ്രീയാണ് എന്നു ഓഫറുമായി രംഗത്തെത്തുന്നവരെ ശ്രദ്ധിക്കണമെന്ന് ചുരുക്കം. പിന്നെ പണത്തിന് അത്യാര്‍ത്തിയുള്ളവരാണ് പലപ്പോഴും ഇത്തരത്തില്‍ കബളിപ്പിക്കപ്പെടുന്നത്. ശ്രദ്ധിക്കേണ്ട കാര്യം വിയര്‍പ്പൊഴുകാതെ കിട്ടുന്ന പണത്തിന് ഒരു പരിധിയുണ്ട്. അതിലധികം ആരെങ്കിലും ഓഫര്‍ ചെയ്യുന്നുണ്ടെങ്കില്‍ അത് ഒരു തട്ടിപ്പിലേക്കുള്ള ടിക്കറ്റാണെന്ന് തിരിച്ചറിയാന്‍ സാധിക്കണം.