മുംബൈ: രാജ്യത്തെ ഏറ്റവും വലിയ ഐ.പി.ഒയായ കോള്‍ ഇന്ത്യയുടെ അരങ്ങേറ്റവും 600 മില്യന്‍ ഡോളര്‍ മതിപ്പുവിലയുള്ള ബോണ്ടുകള്‍ വാങ്ങാനുള്ള യു.എസ് ഫെഡറല്‍ റിസര്‍വിന്റെ തീരുമാനവും ഇന്ത്യന്‍ ഓഹരി വിപണിയില്‍ ദീപാവലി തീര്‍ത്തു. കോള്‍ ഇന്ത്യ ഇഷ്യു പ്രൈസായ 245ല്‍ നിന്ന് 40 ശതമാനം വര്‍ധനവോടെ 342.35ലെത്തി ദ്വിതീയ മാര്‍ക്കറ്റിലെ തുടക്കം ഗംഭീരമാക്കി. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 121.30 പോയിന്റ് വര്‍ധിച്ച് 6281.80ലും സെന്‍സെക്‌സ് 427.83 പോയിന്റ് വര്‍ധിച്ച് 20893.57ലും ക്ലോസ് ചെയ്തു. 2008 ജനുവരി ഒന്നിലെ 20878 എന്ന റെക്കോഡാണ് ഇവിടെ പഴങ്കഥയായത്. അമേരിക്കന്‍ വിപണിയില്‍ നിന്നുള്ള പിന്തുണയുടെ പിന്‍ബലത്തില്‍ ഏഷ്യന്‍, യൂറോപ്യന്‍ വിപണികള്‍ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്.
റിലയന്‍സ് ഇന്‍ഡസ്ട്രീസും ഒ.എന്‍.ജി.സിയും നേതൃത്വം നല്‍കുന്ന എണ്ണ മേഖലയാണ് ഇന്ന് ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയത്. മെറ്റല്‍,ബാങ്ക്, റിയാലിറ്റി, ഓട്ടോമൊബൈല്‍, ഐടി വിഭാഗങ്ങളും മോശമല്ലാത്ത പ്രകടനമാണ് കാഴ്ചവച്ചത്. അതേ സമയം കാപ്പിറ്റല്‍ ഗൂഡ്‌സ്, പവര്‍, എഫ്.എം.സി.ജി മേഖലകള്‍ക്ക് വിപണിയുടെ ഇന്നത്തെ കുതിപ്പില്‍ നിന്ന് ലാഭമുണ്ടാക്കാനായില്ല.
ഇന്ന് നേട്ടമുണ്ടാക്കിയ ഓഹരികളെ ശതമാനക്കണക്കില്‍ വിലയിരുത്തുമ്പോള്‍ ഡിഷ് ടിവിയാണ് ഏറ്റവും മുന്നില്‍. ഒറ്റ ദിവസം കൊണ്ട് 5.69 ശതമാനത്തിന്റെ വളര്‍ച്ചയാണ് ഈ ഓഹരി നേടിയത്. ഹിന്ദു സ്ഥാന്‍ സിങ് 68.05 രൂപയുടെയും ഐ.ഡി.ബിഐ 9.60 രൂപയുടെയും എസ്.ബി.ഐ 162.85 രൂപയുടെയും ഗ്രേറ്റ് ഈസ്റ്റേണ്‍ 17.15 രൂപയുടെയും അധികമൂല്യം നേടി തൊട്ടുപിറകിലെത്തി. സാമ്പത്തികലാഭം നോക്കുമ്പോള്‍ എസ്.ബി.ഐ, റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഹിന്‍ഡാല്‍കോ, എച്ച്.ഡി.എഫ്.സി, ഒ.എന്‍.ജി.സി, മഹീന്ദ്ര ആന്റ് മഹീന്ദ്ര എന്നീ ഓഹരികളാണ് ഏറ്റവും മുന്നിലെത്തിയത്.
കഴിഞ്ഞ ദിവസം റെക്കോഡ് ഉയരത്തിലെത്തിയ രാഷ്ട്രീയ കെമിക്കല്‍സിന് ഇന്ന് കനത്ത തിരിച്ചടിയേറ്റു. 122.50ല്‍ വില്‍പ്പന ആരംഭിച്ച ഓഹരി 6.95 രൂപ താഴ്ന്ന് 115.55ലാണ് വില്‍പ്പന നിര്‍ത്തിയത്. നാഷണല്‍ ഫെര്‍ട്ടിലൈസേഴ്‌സ്, എം.ടി.എന്‍.എല്‍, ഗ്ലെന്‍മാര്‍ക്ക്, ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ഓഹരികള്‍ക്കും നിലമെച്ചപ്പെടുത്താനായില്ല.
നാളെ അവധിയാണെങ്കിലും ദീപാവലി പ്രമാണിച്ചുള്ള mahurat ട്രേഡിങിനായി വിപണി തുറക്കും. വൈകുന്നേരം 6.15ന് തുറക്കുന്ന വിപണി 7.00ന് ക്ലോസ് ചെയ്യും.