വിശ്വാസത്തിന്റെ കാര്യത്തില്‍ എനിക്ക് എന്റെതായ രീതികളുണ്ടായിരുന്നു. കല്യാണം കഴിയ്ക്കുന്ന സമയത്ത് ഇക്കാര്യത്തില്‍ കുറെ കടുംപിടുത്തങ്ങളും. ജാതകം നോക്കണ്ട, ആളെ വിളിക്കണ്ട. ജാതകത്തിന്റെ കാര്യത്തില്‍ ഞാന്‍ കോംപ്രമൈസ് ചെയ്തില്ല. പക്ഷേ, കള്ള കൂട്ടുകാര്‍ ആദ്യമേ നോക്കിയിട്ടാണ് എന്നെ കൊണ്ടുപോയതെന്ന് പിന്നീടാണ് അറിഞ്ഞത്. ആളെ വിളിച്ചില്ലെങ്കിലും തലേന്ന് ആയിരം പേരാണ് എത്തിയത്. അടിച്ച കത്ത് 150, കൊടുത്തത് 40, ഇവിടെയും എനിക്കു പിഴച്ചു.
കല്യാണം കഴിഞ്ഞാല്‍ പിറ്റേ ദിവസം അമ്പലത്തില്‍ പോകണം പോലും… ഞാന്‍ പറഞ്ഞു പറ്റില്ലാ….അവള് അമ്മയെ വിളിയ്ക്കുന്നു. എന്റെ അമ്മ ഇടപെടുന്നു…അവസാനം സാഹചര്യങ്ങളുടെ സമ്മര്‍ദ്ദം മൂലം അമ്പലത്തിലേക്ക്. പക്ഷേ, അവള് തനിച്ച് അമ്പലത്തിനുള്ളിലേക്ക്…ഞാന്‍ പുറത്ത് കാത്തു നില്ക്കുന്നു. അന്നു നമ്മുടെ വിശ്വാസമായിരുന്നു വലുത്. ഞാന്‍ ആ വിശ്വാസം മുറുകെ പിടിച്ചു… തീര്‍ച്ചയായും അന്നവളുടെ കണ്ണ് നിറഞ്ഞു കാണും.
കഴിഞ്ഞ ദിവസം, ക്ലാസിലെ ഒരു കുട്ടിയെ പറ്റി പറയുമ്പോള്‍ പാറുവിന്റെ ആദ്യത്തെ ഡയലോഗ് ക്രിസ്ത്യനാണ്…. അതു കേട്ടപ്പോള്‍ ഞാനും ഭാര്യയും പകച്ചു.. കൂട്ടുകാരിയുടെ പേരിനേക്കാളും പ്രാധാന്യം അവളുടെ മതത്തിന്… ഞങ്ങള്‍ രണ്ടു പേരും അവളെ സാവധാനം പറഞ്ഞു മനസ്സിലാക്കി. മതമെന്നു പറയുന്നത് മനുഷ്യനുണ്ടാക്കിയ സംഗതിയാണ്. നമ്മളും അവരും പ്രാര്‍ത്ഥിക്കുന്നത് ഒരേ കാര്യത്തിനുവേണ്ടിയാണ്. മോള്‍ക്കും അങ്ങനെ ചെയ്യാം. ദൈവം എന്നത് വിശ്വാസമാണ്. മനുഷ്യന്റെ നല്ല ജീവിതത്തിന് ഇത്തരം വിശ്വാസങ്ങള്‍ നല്ലതാണ്. നിര്‍ബന്ധമാണെന്ന് പറയില്ല. വിശ്വസിക്കാതിരിക്കാനുള്ള അവകാശം എല്ലാവര്‍ക്കുമുണ്ട്. മതത്തിലും ദൈവത്തിലും നല്ലതും ചീത്തയുമില്ല. എല്ലാം നമ്മളുണ്ടാക്കിയതാണ്.
അറിയാത്ത കാര്യങ്ങളെ ദൈവമാക്കുന്നതായിരുന്നു നമ്മുടെ രീതിയെന്നും പണ്ട് വെള്ളവും അഗ്നിയും വായുവും സൂര്യനും ചന്ദ്രനും ദൈവങ്ങളായിരുന്നുവെന്നും പറഞ്ഞു കൊടുത്തു. ദൈവത്തിനെ ഓരോ രൂപങ്ങളില്‍ നമ്മള് അമ്പലങ്ങളില്‍ കാണുന്നുണ്ടെങ്കിലും അതെല്ലാം ഒരേ സങ്കല്‍പ്പമാണെന്നും ഹിന്ദുവും മുസ്ലീമും ക്രിസ്ത്യനും ഒരേ കാര്യം വ്യത്യസ്തരീതിയില്‍ ചെയ്യുകയാണെന്നും പറഞ്ഞു കൊടുത്തു.
പറഞ്ഞു വരുന്നത്, ഭാര്യയുടെ വിശ്വാസ രീതികളിലും എന്റെ സമീപനങ്ങളിലും ഏറെ മാറ്റം വന്നു. അന്ന് അമ്പലത്തിനുള്ളില്‍ കയറാതിരുന്ന ഞാന്‍ പിന്നീട് പല അമ്പലങ്ങളിലും കയറി, രണ്ടു കുട്ടികളുടെയും ചോറൂണ് ഗുരുവായൂര്‍ വെച്ചായിരുന്നു. പക്ഷേ, അതിനര്‍ത്ഥം ഞാന്‍ നേരത്തെ ഊട്ടിയുറപ്പിച്ച വിശ്വാസപ്രമാണങ്ങളില്‍ മാറ്റം വന്നുവെന്നല്ല, മറിച്ച് സമീപനത്തില്‍ മാറ്റം വന്നു. ഞങ്ങളുടെ വിശ്വാസത്തെ ഇനിയും തേച്ചു മിനുക്കിയെടുക്കേണ്ടതുണ്ട്. അതിന്റെ സത്ത പാറുവിനും കിച്ചനും പകര്‍ന്നു കൊടുക്കണം. മതവെറിയന്മാര്‍ക്കിടയില്‍ വേറിട്ട് തലയുയര്‍ത്തി തന്നെ അവര്‍ക്ക് നില്‍ക്കാനാകണം. യഥാര്‍ത്ഥ വിശ്വാസത്തിന്റെ മഹത്വം ഉയര്‍ത്തി പിടിച്ച്….സംഘിയും സുഡാപ്പിയും മതത്തിന്റെ കൃഷിക്കാരനുമല്ലാത്ത നല്ല മനുഷ്യരായി മക്കള്‍ ജീവിക്കട്ടെ. ഇഷ്ടപ്പെട്ട വിശ്വാസരീതികള്‍ സ്വീകരിക്കട്ടെ, ലക്ഷ്യം സമാധാനം മാത്രമായിരിക്കട്ടെ..