Uncategorized

നിരക്ക് വര്‍ധനവിനെ കുറിച്ചുള്ള ആശങ്ക, വില്‍പ്പന സമ്മര്‍ദ്ദം രൂക്ഷം, വിപണി നാലുമാസത്തെ ഏറ്റവും താഴ്ന്ന നിലയില്‍

മുംബൈ: വിപണിയില്‍ വില്‍പ്പന സമ്മര്‍ദ്ദം വര്‍ധിച്ചതോടെ സൂചികള്‍ താഴോട്ട് പതിക്കാന്‍ തുടങ്ങി. സെന്‍സെക്‌സ് 285.02 പോയിന്റ് താഴ്ന്ന് 18684.43ലും നിഫ്റ്റി 83.10 പോയിന്റ് കുറഞ്ഞ് 5604.30ലും ക്ലോസ് ചെയ്തു. നിഫ്റ്റിയ്ക്ക് 5600എന്ന സപ്പോര്‍ട്ടിങ് ലെവല്‍ കാത്തുസൂക്ഷിയ്ക്കാന്‍ സാധിച്ചില്ലെങ്കില്‍ കൂടുതല്‍ കടുത്ത നഷ്ടത്തിലേക്ക് വിപണി കൂപ്പുകുത്താന്‍ സാധ്യതയുണ്ട്. ഫ്യൂച്ചര്‍ ഓപ്ഷനുകളുടെ കാലാവധി തീരുന്ന ദിവസമായതുകൊണ്ട് വിപണിയില്‍ ഒരു തിരിച്ചുവരവ് എല്ലാവരും പ്രതീക്ഷിച്ചിരുന്നെങ്കില്‍ അവസാന മണിക്കൂറുകളില്‍ വന്‍തോതില്‍ വിറ്റൊഴിക്കലാണ് നടന്നത്. പണപ്പെരുപ്പം തുടരുന്നതിനാല്‍ ഇനിയും നിരക്ക് വര്‍ധനവടക്കമുള്ള കടുത്ത നടപടികള്‍ തുടരുമെന്ന ആശങ്കകളാണ് നിക്ഷേപകരെ ഇത്തരമൊരു തീരുമാനത്തിലേക്ക് നയിച്ചത്.
പക്ഷേ, സെന്‍ട്രം വെല്‍ത്ത് മാനേജ്‌മെന്റിലെ ജി ചൊക്കലിംഗത്തിന്റെ അഭിപ്രായത്തില്‍ വിദേശഫണ്ടിന്റെ ഒഴുക്കുകുറഞ്ഞതാണ് വിപണിയെ തകര്‍ക്കുന്നത്. വികസ്വരരാജ്യങ്ങളില്‍ നിക്ഷേപിച്ചിട്ടുള്ള പണം വന്‍തോതില്‍ പിന്‍വലിച്ച് അത് വികസിത രാജ്യങ്ങളിലേക്ക് വഴിമാറ്റിവിടാനുള്ള വിദേശനിക്ഷേപസ്ഥാപനങ്ങളുടെ ശ്രമങ്ങള്‍ സമ്മര്‍ദ്ദം സൃഷ്ടിക്കുന്നുണ്ട്-അദ്ദേഹം പറഞ്ഞു.
വിപണി 5450-5500 ലെവലിലേക്ക് പോകുവാനുള്ള സാധ്യത കൂടുതലായതിനാല്‍ ചുരുങ്ങിയത് ആറുമാസത്തെ ടാര്‍ജറ്റില്‍ നിക്ഷേപിക്കാന്‍ തയ്യാറാവണം. ഷോര്‍ട്ട് ടേം ടാര്‍ജറ്റില്‍ ലാഭം നേടല്‍ ലക്ഷ്യമാക്കി നിക്ഷേപത്തിനിറങ്ങുന്നവര്‍ ശ്രദ്ധിക്കണമെന്ന് ചുരുക്കം.
തകര്‍ച്ചക്കിടയിലും റെലിഗെയര്‍ എന്റര്‍പ്രൈസ്, ജി.ടി.എല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍, മദര്‍ സണ്‍ സുമി സിസ്റ്റംസ്, മാരികോ ലിമിറ്റഡ്, ടാറ്റാ മോട്ടോഴ്‌സ് എന്നീ കമ്പനികള്‍ നേട്ടമുണ്ടാക്കി. അതേ സമയം ലാന്‍കോ ഇന്‍ഫ്രാടെക്, ടാറ്റാ കെമിക്കല്‍സ്, ഐ.ഡി.ബി.ഐ ബാങ്ക്, ഐ.വി.ആര്‍.സി.എല്‍ ഇന്‍ഫ്രാ, ടാറ്റാ കമ്യൂണിക്കേഷന്‍ ഓഹരികള്‍ക്ക് ഇന്നു കനത്ത നഷ്ടത്തിന്റെ ദിവസമായിരുന്നു. ഓട്ടോ, ബാങ്കിങ്, കണ്‍സ്യൂമര്‍ ഗൂഡ്‌സ് മേഖലകളിലാണ് വില്‍പ്പന സമ്മര്‍ദ്ദം ഏറ്റവും പ്രകടമായത്. അതേ സമയം ഐ.ടി, എഫ്.എം.സി.ജി മേഖലകിലെ ചില കമ്പനികള്‍ നേട്ടമുണ്ടാക്കി.
ചില ടിപ്പുകള്‍:
1.ഡി.എല്‍.എഫ് ഓഹരിയില്‍ ഇനിയും ഇടിവ് തുടരും.
2 സ്റ്റെര്‍ലൈറ്റ് ഓഹരികള്‍ 160ല്‍ താഴെയെത്തുകയാണെങ്കില്‍ ധൈര്യത്തില്‍ വാങ്ങാം
3 ഹിന്ദുസ്ഥാന്‍ പെട്രോളിയത്തിന്റെ ഓഹരികള്‍ വാങ്ങാന്‍ പറ്റിയ സമയമാണ്.
4 ഇപ്പോള്‍ 204 രൂപയുള്ള ഗീതാജ്ഞലി ഒരാഴ്ചയ്ക്കുള്ളില്‍ 10 ശതമാനത്തിലേറെ ലാഭം തരാനുള്ള സാധ്യത കൂടുതലാണ്.