പുതിയ ആഴ്ച: വിപണിയെ സ്വാധീനിക്കാവുന്ന ചില ഘടകങ്ങള്‍


മുംബൈ: നാളെ വിപണി തുറക്കുന്നത് എങ്ങനെയായിരിക്കുമെന്ന് നിക്ഷേപകരെല്ലാം ഇതിനകം തലപുകഞ്ഞാലോചിക്കാന്‍ തുടങ്ങിയിരിക്കും. വിപണിയെ കുറിച്ച് നൂറുശതമാനം കൃത്യതയോടെപ്രവചനം നടത്തുക സാധ്യമല്ലെങ്കിലും വ്യക്തമായ സൂചനകളുമായി ചില ഘടകങ്ങള്‍ എപ്പോഴും സജീവമായിട്ടുണ്ടാവും.
ഏതൊക്കെ ഘടകങ്ങളായിരിക്കാം വരുന്ന ആഴ്ചയെ സ്വാധീനിക്കുക. ഈ ചോദ്യത്തിന് ഉത്തരം കിട്ടുമ്പോള്‍ വിപണിയുടെ താളം ഏകദേശം മനസ്സിലാവും.
പോയ വാരം അമേരിക്കന്‍ വിപണി ക്ലോസ് ചെയ്യത് പോസീറ്റിവായാണ്. ഇത് ഒരു അനുകൂലഘടകമാണ്. അതേ സമയം യൂറോപ്യന്‍ വിപണി ഒരു പ്രതീക്ഷയും നല്‍കാതെ തീര്‍ത്തും നിര്‍ജീവ അവസ്ഥയിലും.
സപ്പോര്‍ട്ട് ലെവല്‍: 20030-20070 എന്ന സപ്പോര്‍ട്ടിങ് ലെവല്‍ വളരെ ശക്തമാണ്. ഈ സപ്പോര്‍ട്ടിങ് ലെവല്‍ തകര്‍ന്നാല്‍ ഇനിയും 500-700 പോയിന്റ് വരെ താഴാനുള്ള സാധ്യതയുണ്ട്.

എഫ്.ഐ.ഐ ഫോബിയ: നിക്ഷേപത്തിനു വഴിയൊരുക്കാന്‍ വിദേശസ്ഥാപനങ്ങള്‍ സമ്മര്‍ദ്ദതന്ത്രത്തിലേക്ക് നീങ്ങുന്നത്. പക്ഷേ, ലോങ് ടാര്‍ജറ്റ് ഓഹരികള്‍ കൂടുതലുള്ളതിനാല്‍ ഷോര്‍ട്ട് പൊസിഷനുകള്‍ വിറ്റൊഴിക്കാനുള്ള നീക്കത്തിന് തടയിടേണ്ടതും ഇത്തരം കമ്പനികളുടെ ബാധ്യതയാണ്. കൂടാതെ സാമ്പത്തിക വിദഗ്ധര്‍ നല്‍കുന്ന സൂചനയനുസരിച്ച് ഈ വര്‍ഷം വിദേശനിക്ഷേപസ്ഥാപനങ്ങളുടെ മുതല്‍മുടക്ക് ഒരു ലക്ഷം കോടിയാവും. പൊതുമേഖലയിലെ കൂടുതല്‍ ഓഹരികള്‍ വിറ്റഴിക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചതും ഈ കുത്തൊഴുക്കിന്റെ വേഗത വര്‍ധിപ്പിക്കും. ഇത്രയും പണം മുടക്കിയ സ്ഥാപനങ്ങള്‍ വിപണിയുടെ തകര്‍ച്ചയെ പ്രതിരോധിക്കാന്‍ ശ്രമിക്കുമെന്ന കാര്യം തീര്‍ച്ചയാണ്. ഈ വീക്ഷണകോണിലൂടെ നോക്കുമ്പോള്‍ വിപണിയിലുണ്ടായ ഇടിവ് താല്‍ക്കാലികം മാത്രമാണ്. സെന്‍സെക്‌സില്‍ പരമാവധി 500 പോയിന്റിന്റെ ഇടിവ് കൂടിയുണ്ടായേക്കാം. ചിലപ്പോള്‍ ഇപ്പോഴുള്ള തിരുത്തലില്‍ നിന്ന് കരുത്താര്‍ജ്ജിച്ച് മുന്നേറാനും സാധ്യതയുണ്ട്.

രണ്ടാം പാദ ഫലങ്ങള്‍: കമ്പനികളുടെ രണ്ടാം പാദ സാമ്പത്തിക അവലോകന റിപ്പോര്‍ട്ടുകള്‍ തീര്‍ച്ചയായും വിപണിയില്‍ പ്രതിഫലനം ഉണ്ടാക്കും. കൂടാതെ റിപോര്‍ട്ടിനൊപ്പം സാമ്പത്തികവര്‍ഷത്തിലെ ബാക്കിയുള്ള കാലത്തെടുക്കേണ്ട നിലപാടുകളെ കുറിച്ചും കമ്പനി തീരുമാനങ്ങള്‍ പുറത്തുവരാനിടയുണ്ട്.
ഇന്‍ഫോസിസ് ടെക്‌നോളജീസ്, ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്, സി.എം.സി, എക്‌സൈഡ് ഇന്‍ഡസ്ട്രീസ്, കാസ്‌ട്രോള്‍ ഇന്ത്യ, മാസ്‌റ്റെട്, എല്‍.ഐ.സി ഹൗസിങ് ഫിനാന്‍സ്, ആക്‌സിസ് ബാങ്ക് സ്ഥാപനങ്ങളുടെ റിപ്പോര്‍ട്ടാണ് ഈ ആഴ്ച വരാനുള്ളത്.