ഇന്‍ഷുറന്‍സ് കമ്പനികളുടെ യൂനിറ്റ് ലിങ്ക്ഡ് ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നത് അടുത്ത മാസം നാലാം തിയ്യതി വരെ ഐ.ആര്.ഡി.എ വിലക്കി. വില്‍പ്പനയ്ക്കായി കമ്പനികള്‍ സ്വീകരിക്കുന്ന നടപടികളെ കുറിച്ച് നിരവധി പരാതികള്‍ ലഭിച്ച പശ്ചാത്തലത്തിലാണ് ഈ നടപടി. മാക്സ് ന്യൂയോര്‍ക്ക് ലൈഫ്, അവിവ ലൈഫ്, ഭാരതി ലൈഫ്, റിലയന്‍സ് ലൈഫ് എന്നീ കമ്പനികള്‍ വില്‍ക്കുന്ന യൂനിവേഴ്സല്‍ ലൈഫ് പോളിസികളെ കുറിച്ചാണ് ഏറെ പരാതികളുള്ളത്. ജീവിതകാലം മൂഴുവന്‍ നീണ്ടു നില്ക്കുന്ന ഈ ഓഹരികള്‍ വളരെ ഉദാരമായ നിബന്ധനകളോടെ നല്‍കുന്നത് ഐ.ആര്.ഡി.എ സംശയത്തോടെയാണ് നിരീക്ഷിക്കുന്നത്. ഇന്‍ഷുറന്‍സ് കമ്പനികള്‍ക്കായി പുതിയ നിബന്ധനകള്‍ തയ്യാറാക്കുന്നതിനാണ് യൂലിപ് ഉല്‍പ്പന്നങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുള്ളത്.
യൂലിപ്: സംരക്ഷണവും നിക്ഷേപവും ഒരുമിച്ചു സാധ്യമാവുന്ന പോളിസികളാണിത്. തുക ഷെയര്‍ വിപണികളില്‍ നിക്ഷേപിക്കുന്നതിനാല്‍ ലാഭം കൂടുതലായിരിക്കും. മൂന്നു വര്‍ഷം 10000 രൂപ വീതമോ അതില്‍ കൂടുതലോ നല്കി നിങ്ങളില്‍ പലരും ഇതില്‍ ചേര്‍ന്നിരിക്കും. ഇപ്പോള്‍ അഞ്ചുവര്‍ഷമാണ് ഇത്തരം പോളിസികളുടെ ലോക്കിങ്. ഈ കാലയളവ് കഴിഞ്ഞേ ഫണ്ട് പിന്‍വലിക്കാനാവൂ.. ഒരിക്കലും ഷെയര്‍ വിപണിയും യൂലിപ് ഇന്‍ഷുറന്‍സും ഒന്നായി പരിഗണിക്കരുത്.