വിപണിയില്‍ ചാഞ്ചാട്ടം തുടരുന്നു, ക്ലോസിങ് നേട്ടത്തില്‍
മുംബൈ: ലാഭത്തിനും നഷ്ടത്തിനുമിടയില്‍ ചാഞ്ചാടിയ ഇന്ത്യന്‍ വിപണി ഒടുവില്‍ ലാഭത്തില്‍ ക്ലോസ് ചെയ്തു. 400 പോയിന്റിനിടയിലായിരുന്നു സെന്‍സെക്‌സിന്റെ കളി. 19321നും 19711നും ഇടയില്‍ പലതവണ കയറിയിറങ്ങിയ മുംബൈ ഓഹരി സൂചിക ഒടുവില്‍ 182.89 പോയിന്റ് ലാഭത്തില്‍ 19691.78ല്‍ വില്‍പ്പന അവസാനിപ്പിച്ചു. 112 പോയിന്റോളം താഴേയ്ക്കു പോയ നിഫ്റ്റി അദ്ഭുതകരമായ തിരിച്ചുവരവാണ് നടത്തിയത്. 50.30 പോയിന്റ് ലാഭത്തില്‍ 5907.65 എന്ന സുരക്ഷിതമായ നിലയിലാണ് നിഫ്റ്റി ക്ലോസ് ചെയ്തത്.
തുടക്കം നേട്ടത്തോടെയായിരുന്നെങ്കിലും ബ്ലുചിപ്പ് കമ്പനി ഓഹരികളില്‍ നിന്ന് ലാഭമെടുക്കാന്‍ നിക്ഷേപകര്‍ നടത്തിയ ശ്രമം വിപണിയില്‍ സമ്മര്‍ദ്ദമുണ്ടാക്കി. ഐടി ഓഹരികളിലാണ് വില്‍പ്പന കൂടുതല്‍ പ്രകടമായത്. അതേസമയം അവസാനമണിക്കൂറില്‍ വാങ്ങാനെത്തിയവരുടെ എണ്ണം വര്‍ധിച്ചതോടെ വിപണി തിരിച്ചുവരാന്‍ തുടങ്ങി.
നിരക്കുകളില്‍ മാറ്റം വരുത്തേണ്ടെന്ന ചൈനീസ് സര്‍ക്കാറിന്റെ നിലപാടും ഇന്ത്യയിലെ മികച്ച വ്യാവസായിക വളര്‍ച്ചാനിരക്കും ആഗോളവിപണിയില്‍ പ്രത്യേകിച്ച് യാതൊരു സമ്മര്‍ദ്ദമില്ലാത്തതും നിക്ഷേപകരില്‍ ശുഭപ്രതീക്ഷ വളര്‍ത്തുന്നുണ്ടെന്നു വേണം മനസ്സിലാക്കാന്‍.
റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചര്‍, ഡി.എല്‍.എഫ് ലിമിറ്റഡ്, സീമെന്‍സ് ലിമിറ്റഡ്, ഹിന്‍ഡാല്‍കോ, സുസ്‌ലോണ്‍ എനര്‍ജി തുടങ്ങിയ മെറ്റല്‍ റിയാലിറ്റി സ്‌റ്റോക്കുകളാണ് ഇന്നലെ ഏറ്റവുമധികം നേട്ടമുണ്ടാക്കിയത്. അതേ സമയം എച്ച്.ഡി.എഫ്.സി ബാങ്ക്, അംബുജാ സിമന്റ്‌സ് ലിമിറ്റഡ്, എ.സി.സി ലിമിറ്റഡ്, ഐ.ടി.സി ലിമിറ്റഡ്, മഹീന്ദ്ര ആന്റ് മഹീന്ദ്ര കമ്പനികള്‍ക്ക് തിങ്കളാഴ്ച നല്ല ദിവസമായിരുന്നില്ല.
ആഗോളവിപണി മൊത്തം പരിഗണിക്കുമ്പോള്‍ ഏഷ്യന്‍ വിപണിയാണ് കൂടുതല്‍ ഉണര്‍വ് പ്രകടമാക്കിയത്.