Uncategorized

വിപണി തിരുത്തലിന്റെ വഴിയേ…

മുംബൈ: നിര്‍ണായകമായ സപ്പോര്‍ട്ടിങ് പോയിന്റുകള്‍ തകര്‍ത്തുകൊണ്ട് ഇന്ത്യന്‍ ഓഹരി വിപണി ഇന്ന് തിരുത്തലിന്റെ വഴിയിലേക്ക് തിരിഞ്ഞു. സെന്‍സെക്‌സ് 345.20 താഴ്ന്ന് 19585.44ലും നിഫ്റ്റി 108.50 കുറഞ്ഞ് 5890.30ലും ക്ലോസ് ചെയ്തു. സെന്‍സെക്‌സിലെ രണ്ടുമാസത്തെ ഏറ്റവും താഴ്ന്ന പോയിന്റാണിത്.
അമേരിക്ക, യൂറോപ്പ്, ഏഷ്യന്‍ വിപണികള്‍ തലേ ദിവസം നേട്ടത്തോടെ ക്ലോസ് ചെയ്തതില്‍ നിന്നു ആവേശം ഉള്‍കൊണ്ട് ഇന്ത്യന്‍ വിപണിയിലും ലാഭത്തിലാണ് വില്‍പ്പനതുടങ്ങിയത്. എന്നാല്‍ ഈ മുന്നേറ്റം കുറച്ചുനേരം മാത്രമാണ് നീണ്ടുനിന്നത്. നിക്ഷേപകര്‍ ഏറെ പേടിയോടെയാണ് ഇന്നു വിപണിയെ സമീപിച്ചത്. അമേരിക്കയിലെയും യൂറോപ്പിലെയും പ്രതിസന്ധികള്‍ക്ക് താല്‍ക്കാലിക പരിഹാരമായ സ്ഥിതിക്ക് ചൈന പലിശനിരക്കില്‍ വര്‍ധനവ് വരുത്താനുള്ള സാധ്യതയും 2ജി സ്‌പെക്ട്രം അഴിമതി ഇന്ത്യന്‍ രാഷ്ട്രീയത്തിലുണ്ടാക്കിയ അനിശ്ചിതത്വവുമാണ് നിക്ഷേപകരുടെ ആത്മവിശ്വാസം തകര്‍ത്തത്. ആഴ്ചയിലെ അവസാനദിവസമായതും യൂറോപ്യന്‍ യൂനിയന്റെയും ഐ.എം.എഫിന്റെയും സാമ്പത്തികപാക്കേജിനോടുള്ള അയര്‍ലന്റിന്റെ നിലപാടില്‍ അവ്യക്തത തുടരുന്നതും ചെറിയ ചെറിയ കാരണങ്ങളായി പരിഗണിക്കാം.
രാവിലത്തെ നഷ്ടത്തിന് ഉച്ചയോടുകൂടി വിപണി ഒരു പരിധി വരെ പരിഹാരം കണ്ടെങ്കിലും അവസാന ഒരു മണിക്കൂറിലെ വില്‍പ്പന സമ്മര്‍ദ്ദത്തില്‍ വിപണി താഴേക്ക് കൂപ്പുകുത്തുകയായിരുന്നു.
വിപണിയില്‍ എന്നൊക്കെ വില്‍പ്പന സമ്മര്‍ദ്ദമുണ്ടായാലും അത് റിയാലിറ്റി സ്റ്റോക്കുകളെയാണ് ഏറ്റവും കൂടുതല്‍ ബാധിക്കുക. ഇന്നും ഏറ്റവും കൂടുതല്‍ നഷ്ടം സംഭവിച്ചത് റിയാലിറ്റി മേഖലയ്ക്കാണ്. 3.84 ശതമാനത്തോളമാണ് ഇന്ന് ഇടിവു സംഭവിച്ചത്. മെറ്റല്‍, കണ്‍സ്യൂമര്‍, പവര്‍, ബാങ്ക്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, പൊതുമേഖലാ സ്ഥാപനങ്ങള്‍, ഓട്ടോ, ഹെല്‍ത്ത്‌കെയര്‍ മേഖലയെയും ഇന്നത്തെ തകര്‍ച്ച കാര്യമായി ബാധിച്ചിട്ടുണ്ട്. അതേ സമയം എഫ്.എം.സി.ജി, കാപ്പിറ്റല്‍ ഗൂഡ്‌സ് മേഖലയില്‍ ചെറിയ നേട്ടം പ്രകടമായിരുന്നു.
മൊബൈല്‍ ലൈസന്‍സ് റദ്ദാക്കാനുള്ള ട്രായിയുടെ ശുപാര്‍ശ വീഡിയോ കോണ്‍ ഓഹരികള്‍ക്ക് ഇന്ന് കനത്ത തിരിച്ചടി നല്‍കി. ഇന്ത്യ ബുള്‍ ഫിന്‍സര്‍വീസ്, സിന്‍ഡിക്കേറ്റ് ബാങ്ക്, ഷിപ്പിങ് കോര്‍പ്പറേഷന്‍, വെല്‍സ്പണ്‍ കോര്‍പ്പറേഷന്‍ തുടങ്ങിയ കമ്പനികളുടെ ഓഹരികള്‍ക്കാണ് ഏറ്റവും നഷ്ടം സംഭവിച്ചത്.
നേട്ടമുണ്ടാക്കിയവരുടെ പട്ടികയില്‍ എഡ്യുകോംപ് സൊലൂഷന്‍സ്, ഐഡിയ സെല്ലുലാര്‍, ഗ്ലെന്മാര്‍ക്ക്, ശ്രീ സിമന്റ്, റൂറല്‍ ഇലക്ട്രോണിക്‌സ് ഓഹരികളാണ് മുന്നിലെത്തിയത്.
2ജി സ്‌പെക്ട്രം അഴിമതി, മൈക്രോഫിനാന്‍സ് വിവാദം എന്നിവയുടെ പശ്ചാത്തലത്തില്‍ നിക്ഷേപകര്‍ കൂട്ടത്തോടെ വിറ്റൊഴിവാക്കാന്‍ ശ്രമിക്കുകയായിരുന്നു. ടെലികോം, ബാങ്കിങ് മേഖലയിലാണ് വില്‍പ്പന കൂടുതല്‍ പ്രകടമായത്. യൂറോപ്യന്‍ വിപണി നഷ്ടത്തോടെ ഓപണ്‍ ചെയ്തതും വിറ്റൊഴിക്കലിന്റെ വേഗത കൂട്ടി-ജിയോജിത് പാരിബാസ് റിസര്‍ച്ച് ഹെഡ് അലെക്‌സ് മാത്യു പറഞ്ഞു.
നിഫ്റ്റിയുടെ അടുത്ത സപ്പോര്‍ട്ടിങ് ലെവലായി പരിഗണിക്കുന്നത് 5840 ആണ്. ഇതും ഭേദിക്കുകയാണെങ്കില്‍ 5775ല്‍ നോക്കിയാല്‍ മതി-ബി.എസ്.പി.എല്ലിന്റെ വിജയ് അഭിപ്രായപ്പെട്ടു.