വൈകാരികം:കൊറിയയില്‍ സംഘര്‍ഷാവസ്ഥ, വിപണി താഴോട്ട്
മുംബൈ: അയര്‍ലന്റിന്റെ കടക്കെണിയും ചൈനയിലെ പലിശനിരക്ക് വര്‍ധനവും പ്രാദേശികമായ അഴിമതി വിവാദങ്ങളും ഇന്ത്യന്‍ ഓഹരി വിപണിയെ കൂടുതല്‍ വൈകാരികമാക്കിയിരിക്കുന്നു. ദക്ഷിണകൊറിയയുടെ പടിഞ്ഞാറന്‍ അതിര്‍ത്തിയിലുള്ള ദ്വീപിലേക്ക് ഉത്തരകൊറിയ നടത്തിയ ഷെല്ലാക്രമണവും അതിനു മറുപടിയായി ദക്ഷിണകൊറിയന്‍ സൈന്യത്തിന്റെ പീരങ്കിയാക്രമണവും സെന്‍സെക്സിനെ ഒരു സമയത്ത് 600 പോയിന്റോളം താഴേക്കുവലിച്ചുവെന്നതു തന്നെയാണ് ഇതിനു ഏറ്റവും നല്ല ഉദാഹരണം. സാങ്കേതികമായി വിലയിരുത്തുമ്പോള്‍ കൊറിയന്‍ അതിര്‍ത്തിയില്‍ നടന്ന വെടിവപ്പിനോട് ഇന്ത്യന്‍ വിപണി അമിതമായാണ് പ്രതികരിച്ചത്. ക്ലോസ് ചെയ്യുമ്പോള്‍ സെന്‍സെക്സ് നഷ്ടം 265.75 പോയിന്റായി കുറച്ചുവെങ്കിലും വിപണിയില്‍ കരടികള്‍ ഏത് നിമിഷവും പിടിമുറുക്കുമെന്നുറപ്പായി. നിഫ്റ്റി 75.25 പോയിന്റ് വീണ്ടും താഴേക്കിറങ്ങിയതിനാല്‍ ചെറുകിട കച്ചവടക്കാര്‍ 5500-5600 എന്ന ലെവലില്‍ പുതിയ ഓഹരികളിലേക്ക് പ്രവേശിക്കുന്നതാണ് നല്ലത്. സെന്‍സെക്സ് 19691.84ലും നിഫ്റ്റി 5934.75ലുമാണ് വില്‍പ്പന അവസാനിപ്പിച്ചത്.
ആഗോളവിപണി മൊത്തത്തില്‍ സമ്മര്‍ദ്ദത്തിലാണ് നീങ്ങുന്നത്. ഇതിന്റെ മുറിവില്‍ ഉപ്പുതേക്കുന്നതുപോലെയായിരുന്നു കൊറിയന്‍ അതിര്‍ത്തിയിലെ സംഘര്‍ഷം ഏഷ്യന്‍ വിപണികളെ സ്വാധീനിച്ചത്. സൂചികള്‍ ഏറ്റവും ഉയരത്തില്‍ നില്ക്കുമ്പോള് നിക്ഷേപകര്‍ ആശങ്കപ്പെടുന്നത് സ്വാഭാവികമാണ്. ഇന്ന് ബി.എസ്.ഇയില്‍ ട്രേഡിങ് നടന്ന 3070 ഓഹരികളില്‍ 2151എണ്ണവും തകര്‍ച്ചയെ നേരിട്ടുവെന്ന കണക്കുമായി ഇതിനെ കൂട്ടിവായിക്കാന്‍.
വിപണിയില്‍ തിരുത്തല്‍ തുടങ്ങിയ ദിവസം മുതല്‍ ഏറ്റവും കൂടുതല്‍ നഷ്ടം സംഭവിക്കുന്നത് റിയാലിറ്റി സ്റ്റോക്കുകള്‍ക്കാണ്. ഇന്നു മാത്രം 3.26 ശതമാനമാണ് കുറഞ്ഞത്. ഇതില്‍ ഡി.ബി റിയാലിറ്റി, എച്ച്.ഡി.ഐ.എല്‍, ഇന്ത്യ ബുള്‍ റിയല്‍ എസ്റ്റേറ്റ് എന്നീ ഓഹരികള്‍ അഞ്ചു ശതമാനത്തിലധികം താഴ്ന്നു. യൂനിടെക് ഓഹരികളുടെ മൂല്യത്തില്‍ 4.16 ശതമാനത്തോളം ഇടിവ് സംഭവിച്ചു. ഇനി ബാങ്കിങ് മേഖലയുടെ സ്ഥിതി പരിശോധിക്കുകയാണെങ്കില്‍ ഐ.സി.ഐ.സി.ഐ,എസ്.ബി.ഐ, എച്ച്.ഡി.എഫ്.സി ബാങ്കുകളുടെ ഓഹരിക്കുണ്ടായ ക്ഷീണമാണ് സെന്‍സെക്സിലെ 80 പോയിന്റോളം നഷ്ടപ്പെടുത്തിയത്. റിലയന്‍സ് ഇന്‍ഡസ്ട്രീസിനെ പരിഗണിക്കുകയാണെങ്കില്‍ 1.35 ശതമാനത്തിന്റെ നഷ്ടമാണ് സംഭവിച്ചത്. ഏഷ്യന്‍ വിപണികള്‍ നോക്കുകയാണെങ്കില്‍ ഹാങ് സെങ് 627.88 പോയിന്റും ഷാങ്ഗായി 56.09 പോയിന്റും സ്ട്രെയ്റ്റ്സ് ടൈംസ് 64.62 പോയിന്റും താഴ്ന്നു. അതേ സമയം കൊറിയന്‍ പ്രതിസന്ധിയൊന്നും ജപ്പാനിലെ നിക്കിയെ ബാധിച്ചില്ല. 92.80 പോയിന്റോടെ നേട്ടത്തോടെയാണ് ക്ലോസ് ചെയ്തത്.
യൂറിയയുടെ വിലനിയന്ത്രണം പിന്‍വലിക്കില്ലെന്ന കേന്ദ്രസര്‍ക്കാറിന്റെ തീരുമാനം പുറത്തുവന്നതിനെ തുടര്‍ന്ന് തിങ്കളാഴ്ച തകര്‍ച്ച നേരിട്ട രാഷ്ട്രീയ കെമിക്കല്‍സ്, നാഷണല്‍ ഫെര്‍ട്ടിലൈസേഴ്സ് കമ്പനികള്‍ ഇന്നു നഷ്ടം നികത്തി. എംഫസിസ് ലിമിറ്റഡ്, ജെയിന് ഇറിഗേഷന്‍, ഡിഷ് ടി വി ഓഹരികള്‍ക്ക് ഇന്നു നല്ല ദിവസമായിരുന്നു.
കൊറിയ സംഘര്‍വാര്‍ത്ത പുറത്തുവന്ന ഉടന്‍ തന്നെ അത് കറന്‍സി വിപണിയില്‍ പ്രതിഫലിക്കാന്‍ തുടങ്ങി. അമേരിക്കന്‍ ട്രഷറി ഫ്യൂച്ചേഴ്സ് ഉയര്‍ന്നപ്പോള്‍ ജപ്പാന് യെന്നിന് തിരിച്ചടിയേറ്റു. കൊറിയന്‍ സംഘര്‍ഷം രൂക്ഷമാവുകയാണെങ്കില്‍ അത് ഇന്ത്യന്‍ വിപണിയില്‍ ശക്തമായ വൈകാരിക പ്രതിഫലനമുണ്ടാക്കുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പു നല്‍കുന്നുണ്ട്. അതേ സമയം സംഘര്‍ഷത്തിന് അന്താരാഷ്ട്രമാധ്യമങ്ങള്‍ അമിത പ്രാധാന്യം നല്‍കിയതാണ് ഇതിനു കാരണമെന്ന് സി.എന്‍.ബി.സി പ്രതിനിധി കുറ്റപ്പെടുത്തുന്നു. ഇതിനു മുമ്പും ഇത്തരം സംഘര്‍ഷങ്ങള്‍ ഉണ്ടായിട്ടുണ്ട്. അത് ആഗോളസമൂഹം കാര്യമായി ശ്രദ്ധിക്കാതെ കടന്നുപോവുകയായിരുന്നു. ഇപ്പോള്‍ ഈ വാര്‍ത്തയുടെ തീവ്രത കൂട്ടുന്ന സാമ്പത്തികഅന്തരീക്ഷമാണുള്ളതാണ് പ്രശ്നം. വിപണിയെ സ്വാധീനിക്കാവുന്ന പലപ്രശ്നങ്ങളില്‍ ഒന്നുമാത്രമാണിത്. ഇന്ത്യന്‍ വിപണിയില്‍ അമിതാഭിനയമാണ് നടന്നത്-അദ്ദേഹം പറഞ്ഞു.
നാളെ വാങ്ങാവുന്ന ഓഹരികള്‍: ആംടെക്, ടാറ്റാ സ്റ്റീല്‍, ഫോര്‍ട്ടിസ്, ഐ.സി.ഐ.സി.ഐ, ഐ.ഡി.ബി.ഐ, ജെയിന് ഇറിഗേഷന്‍, ഭാരതി ഷിപ്യാര്ഡ്, ചമ്പല്‍ ഫെര്‍ട്ടിലൈസേഴ്സ്.
ഫൂട്ട്നോട്ട്: വിചിത്രമായ ഒരു ഓഹരിയെ കുറിച്ച് പറയട്ടെ. 15 ദിവസം കൊണ്ട് മൂല്യത്തില്‍ 33 ശതമാനം തകര്‍ച്ച, പോളിസ്റ്റര്‍ ഫിലിം ഉല്‍പ്പാദകരായ ഗാര്‍വെര്‍ പോളിസ്റ്ററാണ് നായകന്. നവംബര്‍ 11ലെ കണക്കുനോക്കുകയാണെങ്കില്‍ 266 രൂപയോളം വിലയുണ്ടായിരുന്ന ഈ ഓഹരി ഇപ്പോള്‍ 178.25ലാണ് നില്‍ക്കുന്നത്. മറ്റൊരു പ്രത്യേകത, ഒരു ദിവസം തന്നെ 17 രൂപയോളം താഴേക്കും മുകളിലേക്കും പോയിയെന്നാണ്.