ഭരണകൂട രഹസ്യങ്ങള്‍ പുറത്തുവിട്ടുകൊണ്ട് ലോകത്തെ വിസ്മയിപ്പിക്കുന്ന വിക്കിലീക്‌സിനെ തടയിടാന്‍ ശ്രമിക്കുന്നവര്‍ക്കെല്ലാം ഒരു കൂട്ടം ഹാക്കര്‍മാരുടെ ഷോക്ക് ട്രീറ്റ്‌മെന്റ്. ക്രെഡിറ്റ്,ഡെബിറ്റ് കാര്‍ഡ് മേഖലയിലെ തലതൊട്ടപ്പന്മാരായ വിസ,മാസ്റ്റര്‍കാര്‍ഡ് എന്നിവരും ഈ ആക്രമണങ്ങളില്‍ ആടിയുലഞ്ഞുവെന്നതാണ് സത്യം. വിസ.കോം, സ്വിസ് ബാങ്ക് പോസ്റ്റ് ഫിനാന്‍സ് സൈറ്റുകള്‍ ഇപ്പോഴും ഡൗണാണ്.
മാസ്റ്റര്‍കാര്‍ഡ് വെബ്‌സൈറ്റ്, അമേരിക്കന്‍ സെനറ്റര്‍ ജോ ലീബര്‍മാന്‍, സാറാ പാളിന്‍, വിക്കിലീക്‌സ് മേധാവി ജൂലിയന്‍ അസാന്‍ജിനെതിരേ ഹാജരാവുന്ന അഭിഭാഷകന്റെയും പ്രോസിക്യൂട്ടറുടെയും സൈറ്റുകളും ഇതിനകം തകര്‍ത്തു കഴിഞ്ഞു. അതേ സമയം ട്വിറ്ററും ഫേസ് ബുക്കും ഈ ആക്രമണത്തില്‍ നിന്നു തലനാരിഴക്കാണ് രക്ഷപ്പെട്ടത്. ആമസോണിനും പേപാലിനുമെതിരേ നിരന്തരം ആക്രമണം നടന്നുകൊണ്ടിരിക്കുന്നുണ്ട്.