മുംബൈ: ഫ്യൂച്ചര്‍ ഓപ്ഷന് കോളുകളുടെ കാലവധി തീരുന്ന ആ ആഴ്ചയിലെ തുടക്കം ലാഭത്തിലാണ് ക്ലോസ് ചെയ്തത്. 198 പോയിന്റ് നേട്ടമുണ്ടാക്കിയ ഡൗജോണ്‍സില്‍ നിന്നും കുതിപ്പ് തുടരുന്ന മറ്റു ഏഷ്യന്‍വിപണികളില്‍ നിന്നും പ്രചോദനമുള്‍കൊണ്ട് ഇന്ത്യന്‍ മാര്‍ക്കറ്റ് തുടക്കം മുതലേ മികച്ച മുന്നേറ്റമാണ് കാഴ്ചവച്ചത്. നിക്ഷേപകര്‍ ലാഭമെടുക്കാന്‍ നടത്തിയ ശ്രമങ്ങള്‍ വിപണിയില്‍ വന്‍ ഏറ്റക്കുറച്ചിലുകള്‍ പ്രകടമാക്കിയതും ഇന്നത്തെ പ്രത്യേകതയാണ്. 20238 പോയിന്റോളം ഉയര്‍ന്ന സെന്‍സെക്സ് 20117.38ലും 6072.80വരെ ഉയര്‍ന്ന നിഫ്റ്റി 6035.65ലുമാണ് വില്‍പ്പന അവസാനിപ്പിച്ചത്.
മെറ്റല്‍, റിയല്‍ എസ്റ്റേറ്റ്, കണ്‍സ്യൂമര്‍ ഓഹരികളില്‍ നിക്ഷേപകര്‍ താല്‍പ്പര്യം കാണിക്കുന്നത് തുടര്‍ന്നതാണ് വിപണിയെ പിടിച്ചുനിര്‍ത്തിയത്. അവസാന മണിക്കൂറില്‍ ഐടി ഓഹരികളില്‍ വന്‍ വില്‍പ്പനയാണ് നടന്നത്. 3.15 ശതമാനം നേട്ടമുണ്ടാക്കിയ എ.ബി.ബി ലിമിറ്റഡിന്റെ മൂല്യമാണ് ഇന്ന് ഏറ്റവുമധികം വര്‍ധിച്ചത്. 27.70 പോയിന്റ് ഉയര്‍ന്ന് 908.05ലാണ് ഇലക്ട്രിക്കല്‍ ഇലക്ട്രോണിക് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഈ കമ്പനി ഇന്നത്തെ വ്യാപാരം അവസാനിപ്പിച്ചത്. മെറ്റല്‍, മൈനിങ് മേഖലയിലെ പ്രമുഖ കമ്പകളായ സ്റ്റെര്‍ലൈറ്റ് ഇന്‍ഡസ്ട്രീസിന്റെ ഓഹരികള്‍ 5.40 പോയിന്റും ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസിന്റെ ഓഹരികള്‍ 5.70 പോയിന്റും വര്‍ധനവ് രേഖപ്പെടുത്തി. പവര്‍, എനര്‍ജി കമ്പനിയായ എന്‍.ടി.പി.സി ഓഹരികളുടെ മൂല്യം 2.53 ശതമാനമാണ് ഉയര്‍ന്നത്. ടാറ്റാ സ്റ്റീല്‍ 649.50വരെ ഉയര്‍ന്നെങ്കിലും ക്ലോസ് ചെയ്തത് 645.90ലാണ്.
അതേ സമയം എച്ച്.ഡി.എഫ്.സി, ഹിന്ദുസ്ഥാന്‍ യൂനിലിവര്‍, സുസ്ലോണ്‍ എനര്‍ജി, എച്ച്.സി.എല്‍ ടെക്നോളജീസ്, റാന്‍ബാക്സി കമ്പനികളുടെ ഓഹരികള്‍ ഇന്ന് ഏറ്റവും കൂടുതല്‍ നഷ്ടം രേഖപ്പെടുത്തി.
വാങ്ങാവുന്ന ഓഹരികള്‍: ഇന്ത്യന്‍ ബാങ്ക്, ഇന്ത്യാ ബുള്‍സ് റിയല്‍ എസ്റ്റേറ്റ്, പുഞ്ച് ലോയ്ഡ്, യുഫ്ളെക്സ്, എച്ച്.സി.എല്‍ ടെക്നോളജീസ്, എസ്സാര്‍ ഓയില്‍. ടാറ്റാ മോട്ടോര്‍സ്. സുസ്ലോണ്‍ എനര്‍ജി ഹോള്‍ഡ് ചെയ്യുന്നതാണ് നല്ലത്.