Uncategorized

സെന്‍സെക്‌സ് ഫഌറ്റ്, നിഫ്റ്റി 6000ല്‍ താഴെ

മുംബൈ: വിപണി ഇപ്പോഴും ഒഴിവുകാലത്തിന്റെ ആലസ്യത്തില്‍ നിന്നു ഉണര്‍ന്നില്ലെന്ന സൂചനയാണ് ഇന്നത്തെ വ്യാപാരത്തില്‍ നിന്നു മനസ്സിലാവുന്നത്. നേരിയ നഷ്ടത്തോടെയാണ് സെന്‍സെക്‌സും നിഫ്റ്റിയും ക്ലോസ് ചെയ്തത്. എടുത്തുപറയാവുന്ന ഉയര്‍ച്ചയോ താഴ്ചയോ ഒരു സെക്ടറിലും പ്രകടമായിരുന്നില്ല. സെന്‍സെക്‌സ് 3.51 പോയിന്റ് നഷ്ടത്തില്‍ 20025.42ലും നിഫ്റ്റി 2.10 കുറഞ്ഞ് 5996ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
ഹിന്ദ് ഓയില്‍ എക്‌സ്പ്‌ളോര്‍, ബജാജ് ഫിന്‍സെര്‍വ് ലിമിറ്റഡ്, ഹിന്ദ് കോപ്പര്‍, സീ എന്റര്‍ടെയ്ന്‍മെന്റ്, സുസ്‌ലോണ്‍ എനര്‍ജി ലിമിറ്റഡ് ഓഹരികളാണ് ഇന്നു നേട്ടമുണ്ടാക്കിയത്. പാറ്റ്‌നി കംപ്യൂട്ടേഴ്‌സ് സിസ്റ്റംസ്, ഇന്ത്യന്‍ ബാങ്ക്, ഗോദ്‌റേജ് കണ്‍സ്യൂമര്‍ പ്രൊഡക്ട്, ടാറ്റാ മോട്ടോര്‍സ്, കോറമൊണ്ടല്‍ ഇന്റര്‍നാഷണല്‍ എന്നീ ഓഹരികള്‍ക്ക് കാര്യമായ തിരിച്ചടിയേറ്റു.
വിപണി വര്‍ഷാവസാനം പെറുമാറുന്ന രീതിയില്‍ തന്നെയാണ് ഇപ്പോഴുള്ളത്. വിദേശനിക്ഷേപകരെല്ലാം ഒരു തരം ആലസ്യത്തിലാണ്. ജനുവരിയോടുകൂടി വിദേശനിക്ഷേപസ്ഥാപനങ്ങള്‍ ഇന്ത്യയില്‍ വീണ്ടും സജീവമാകും. കൂടാതെ കമ്പനികളുടെ മൂന്നാം പാദപ്രവര്‍ത്തനഫലങ്ങള്‍ പുറത്തുവരും.