മുംബൈ: യൂറോപ്യന്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാവുന്നുവെന്ന റിപോര്‍ട്ടുകളും രാജ്യത്ത് പണപ്പെരുപ്പം നിയന്ത്രണാധീതമായി വര്‍ധിക്കുന്നുവെന്ന ധനമന്ത്രി പ്രണബ് മുഖര്‍ജിയുടെ വെളിപ്പെടുത്തലും ചേര്‍ന്ന് ഇന്ത്യന്‍ ഓഹരി വിപണിയെ രണ്ടു ശതമാനത്തോളം താഴോട്ടുവലിച്ചു. 332 പോയിന്റോളം താഴ്ന്ന സെന്‍സെക്സ് രണ്ടു മാസത്തിനുശേഷം 18000ല്‍ താഴെ ഏറ്റവും താഴ്ന്ന ലെവല്‍ രേഖപ്പെടുത്തി. 100 പോയിന്റിലേറെ താഴ്ന്ന നിഫ്റ്റി 5400 എന്ന ശക്തമായ സപ്പോര്‍ട്ടിങ് ലെവലും തകര്‍ത്ത് 5386.55ല്‍ ക്ലോസ് ചെയ്തു.
ഇറ്റലിയില്‍ പുതുതായി രൂപമെടുത്ത സാമ്പത്തിക പ്രതിസന്ധിയും ഉത്തേജകപാക്കേജുകള്‍ക്കുശേഷവും ഗ്രീസില്‍ തുടരുന്ന അരക്ഷിതാവസ്ഥയും വിപണിയില്‍ വില്‍പ്പന സമ്മര്‍ദ്ദം വര്‍ധിപ്പിക്കാന്‍ കാരണമായി. അരബിന്ദോ ഫാര്‍മ, ഡി.ബി റിയാലിറ്റി, ഭാരത് ഹെവി ഇലക്ട്രിക്കല്‍സ്, യുനൈറ്റഡ് ബ്രിവറീസ് ലിമിറ്റഡ്, യൂനിടെക് ലിമിറ്റഡ് എന്നീ ഓഹരികളുടെ മൂല്യത്തില്‍ കാര്യമായ ഇടിവുണ്ടായി. ശ്രീ സിമന്റ്സ്, ശ്രീരാം ട്രാന്‍സ്പോര്‍ട്ട് ഫിനാന്‍സ്, ഡിവീസ് ലാബ്, ഐ.ടി.സി ലിമിറ്റഡ്, ടൈറ്റാന്‍ ഇന്ത്യ തുടങ്ങിയ കമ്പനികള്‍ കടുത്ത സമ്മര്‍ദ്ദത്തിനിടയിലും തിളങ്ങി. ഹൈദരാബാദ് യൂനിറ്റില്‍ നിന്നുല്‍പ്പാദിപ്പിക്കുന്ന പ്രതിരോധമരുന്നുകള്‍ അമേരിക്കയില്‍ നിരോധിക്കാനിടയുണ്ടെന്ന റിപോര്‍ട്ടുകളാണ് അരബിന്ദോ ഫാര്‍മയ്ക്ക് തിരിച്ചടിയായത്. 2ജി കേസിലുള്‍പ്പെട്ടവര്‍ക്ക് ഡല്‍ഹി ഹൈക്കോടതി ജാമ്യം നിക്ഷേധിച്ചതാണ് ഡി ബി റിയാലിറ്റി, യൂനിടെക്, റിലയന്‍സ് കമ്മ്യൂണിക്കേഷന്‍ പോലുള്ള കമ്പനികള്‍ക്ക് വിനയായത്. നാലാംപാദത്തില്‍ 327 കോടിയുടെ നഷ്ടം രേഖപ്പെടുത്തിയ മഹീന്ദ്ര സത്യം നാലുശതമാനത്തോളം നഷ്ടം രേഖപ്പെടുത്തി.
ഇതുവരെയുള്ള സൂചനകളനുസരിച്ച് വിപണി താഴോട്ടുപോവുകയാണ്. സാധാരണ നിക്ഷേപകര്‍ ഫ്യൂച്ചര്‍,ഓപ്ഷന് ട്രേഡുകളില്‍ നിന്നു വിട്ടുനില്‍ക്കുകയാണ്. നിഫ്റ്റി 5400 ല്‍ താഴെ ക്ലോസ് ചെയ്തതിനാല്‍ 5150വരെ താഴാനുള്ള സാധ്യത നിലനില്‍ക്കുന്നുണ്ട്. ഡെലിവറിയിലേക്ക് മാറ്റുന്നതിന് ആവശ്യമായ ഫണ്ടു ഉറപ്പാക്കാന്‍ കഴിയുന്ന സാധാരണനിക്ഷേപകര്‍ മാത്രം ഇന്‍ട്രാഡേയില്‍ ട്രേഡിങ് നടത്തുന്നതാണ് നല്ലത്. ട്രേഡര്‍മാര്‍ ഷോട്ടിലൂടെ പണമുണ്ടാക്കാന്‍ അനുകൂലമായ സാഹചര്യമാണ്. വ്യക്തമായ സ്റ്റോപ്പ് ലോസ് സൂക്ഷിക്കണമെന്നു മാത്രം.
വാങ്ങാവുന്ന ഓഹരികള്‍: ടാറ്റാ സ്റ്റീല്‍, ഡി.സി.ബി, എന്‍.ടി.പി.സി, മുണ്ട്രാ പോര്‍ട്ട്, സത്യം കംപ്യൂട്ടേഴ്സ്,ഡിഷ് ടിവി.