Uncategorized

ഹീറോ ഹോണ്ട 18 ശതമാനം ഉയര്‍ന്നു, സെന്‍സെക്‌സ് 24 പോയിന്റ് മുന്നോട്ട്

മുംബൈ: ഇന്ത്യന്‍ ഓഹരി വിപണി ഇന്നു കാര്യമായ ചലനങ്ങളില്ലാതെ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 24.03 പോയിന്റ് നേട്ടത്തിലും നിഫ്റ്റി 1.70 നഷ്ടത്തിലുമാണ് വില്‍പ്പന അവസാനിപ്പിച്ചത്. ഏഷ്യന്‍ വിപണി വളരെ ദുര്‍ബലമായതുകൊണ്ടുതന്നെ ഇന്ത്യന്‍ മാര്‍ക്കറ്റിന്റെ തുടക്കവും നഷ്ടത്തോടെയായിരുന്നു. ഇന്‍ട്രാഡേയിലെ ഏറ്റവും താഴ്ന്ന ഉയരത്തിലെത്തിയ വിപണി പെട്ടെന്നു തന്നെ 180 പോയിന്റ് മുന്നോട്ടുനീങ്ങിയതും നിക്ഷേപകരെ അദ്ഭുതപ്പെടുത്തി. പക്ഷേ, ആ കുതിപ്പിന് അധികം ആയുസ്സുണ്ടായിരുന്നില്ല.
ഹീറോ ഹോണ്ടയാണ് ഇന്നത്തെ താരം. ഹോണ്ട കമ്പനിയുമായുള്ള കൂട്ടുകെട്ട് വിട്ടതിനുശേഷം വിപണിയില്‍ ഏറെ ഇടിവ് നേരിട്ട ഈ ഓഹരി ഇന്ന് ഒരൊറ്റ ദിവസത്തില്‍ 302.10 രൂപയോളം വര്‍ധിച്ചു. ഇ.ഐ.എച്ച്, രാഷ്ട്രീയ കെമിക്കല്‍സ്, ഐ.എഫ്.സി.ഐ ലിമിറ്റഡ്, കാഡിലാ ഹെല്‍ത്ത് കെയര്‍ കമ്പനികളുടെ ഓഹരികളും ഇന്നു നേട്ടമുണ്ടാക്കി.
അതേ സമയം യുനൈറ്റഡ് ഫോസ്ഫറസ്, ഡോ റെഡ്ഡീസ് ലാബ്, ഇന്ത്യ ബുള്‍സ് റിയല്‍ എസ്‌റ്റേറ്റ്, ഗ്ലെന്‍മാര്‍ക്ക് ഫാര്‍മ, യെസ് ബാങ്ക് ലിമിറ്റഡ് ഓഹരികള്‍ക്ക് ഇന്നു കാര്യമായ തിരിച്ചടിയേറ്റു.

വാങ്ങാവുന്ന ഓഹരികള്‍: ആന്ധ്രാ ബാങ്ക്, ഐ.ഡി.ബി.ഐ, പൊളാരിസ്, ഇസ്പാറ്റ്, അലോക് ഇന്‍ഡസ്ട്രീസ്, എയര്‍ടെല്‍, സിപ്ല, ഹിന്‍ഡാല്‍കോ.