ആറാഴ്ചകള്‍ക്കൊടുവില്‍ സെന്‍സെക്‌സ് 20000 കടന്നു


മുംബൈ: ദിവസത്തില്‍ അധികസമയവും കാര്യമായ ചലനങ്ങളില്ലാതെ നിന്ന സെന്‍സെക്‌സ് ഇന്ന് പ്രതിരോധ ലെവലുകള്‍ തകര്‍ത്ത് 20000നു മുകളില്‍ ക്ലോസ് ചെയ്തു. 171.44 പോയിന്റ് നേട്ടത്തോടെ 20060.32ലാണ് മുംബൈ ഓഹരി സൂചിക കച്ചവടം നിര്‍ത്തിയതെങ്കില്‍ 53.60 പോയിന്റ് വര്‍ധനവോടെ 6000.65ലാണ് നിഫ്റ്റി ക്ലോസ് ചെയ്തത്.
ബാങ്കിങ് മേഖലയാണ് ഇന്നു മികച്ച പ്രകടനം കാഴ്ചവെച്ചത്. മേഖല 2.34 ശതമാനം വര്‍ധനവ് രേഖപ്പെടുത്തി. ആക്‌സിസ് ബാങ്കാണ് ഏറ്റവും മെച്ചമുണ്ടാക്കിയത്. മെറ്റല്‍ ഓഹരികള്‍ക്കും ഇന്നു നല്ല ദിവസമായിരുന്നു. 2.76 ശതമാനം വര്‍ധനവാണ് നേടിയത്. ഇന്നു പ്രധാനമായും നഷ്ടം സംഭവിച്ചത് ഐ.ടി, ഹെല്‍ത്ത് കെയര്‍ മേഖലക്കാണ്.
ഇസ്പാറ്റുമായി പുതിയ കരാറൊപ്പിട്ട ജെ.എസ്. ഡബ്ലൂ. ഇന്നു മികച്ച തിരിച്ചുവരവാണ്. ടെക് മഹീന്ദ്ര ലിമിറ്റഡ്, ഏഷ്യന്‍ പെയിന്റ്‌സ്, ജെയ് കോര്‍പ്പറേഷന്‍, സ്റ്റെര്‍ലൈറ്റ് ഇന്‍ഡസ്ട്രീസ്, ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ് എന്നീ ഓഹരികളാണ് ശതമാനക്കണക്കില്‍ ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയത്.
ഓപ്‌റ്റോ സര്‍ക്യൂട്ട്‌സ് ഇന്ത്യ, സിന്റെക്‌സ് ഇന്‍ഡസ്ട്രീസ്, സണ്‍ ഫാര്‍മ, പവര്‍ ഫിനാന്‍സ്, സണ്‍ ടിവി നെറ്റ് വര്‍ക്ക് എന്നീ ഓഹരികള്‍ക്ക് തിരിച്ചടിയേറ്റു.

വാങ്ങാവുന്ന ഓഹരികള്‍: സണ്‍ ടിവി നെറ്റ് വര്‍ക്ക്, രാഷ്ട്രീയ കെമിക്കല്‍സ്, ഇസ്പാറ്റ്, ഫസ്റ്റ് സോഴ്‌സ് സൊലൂഷന്‍സ്, സിപ്ല, ശ്രീ രേണുകാ ഷുഗേഴ്‌സ്, ഐ.ഡി.ബി.ഐ ബാങ്ക്.