കിങും കമ്മീഷണറും കിടിലന്‍ എന്ന റിവ്യു വായിച്ച് അക്കിടി പറ്റിപോയതിന്റെ ക്ഷീണം രണ്ടു വരി അടിച്ചു തീര്‍ക്കാമെന്നുവെച്ചു. പിള്ളേ..കലിപ്പ് തീരുന്നില്ല..മമ്മുട്ടിയും സുരേഷ് ഗോപിയും കൂടി ഇന്ത്യ മഹാരാജ്യത്തെ രക്ഷിച്ച് തോക്കുമേന്തി മടങ്ങുന്ന സീന്‍ മറക്കില്ല പൊന്നേ…തേട്ടി..തേട്ടി വരുന്നു….
കിങ്, കമ്മീഷണര്‍ എന്ന സിനിമകള്‍ അതാതു കാലഘട്ടത്തിന്റെ ശരിയായിരുന്നു. കൂടുതല്‍ പഠിച്ച്, കരുതലോടെയെടുത്ത പടങ്ങളായിരുന്നു അവ. ഈ രണ്ടു പടങ്ങളും ‘കാണാപാഠം’ പഠിച്ചാണ് ആണും പെണ്ണും കെട്ട ഒന്നിനെ ഷാജി കൈലാസും രഞ്ജിയും ചേര്‍ന്ന് പടച്ചുവിട്ടിരിക്കുന്നത്. ക്രിയേറ്റിവിറ്റിയുടെ അംശം പോലും തൊട്ടുതീണ്ടാത്ത ഒരു സ്ഥിരം ഫോര്‍മുല…
ഇടിവെട്ട് ഡയലോഗുകളുണ്ടെന്ന് കരുതി ഡിക്ഷണറിയുമായി പോയവര്‍ക്ക് കരച്ചില്‍ വന്നുവെന്നതാണ് സത്യം. രഞ്ജിപണിക്കരെ മലയാളിയുടെ ടേസ്റ്റ് മാറി പോയി..പഴയവീഞ്ഞ് പുതിയ കുപ്പിയിലിട്ടു വന്നിട്ടുകാര്യമൊന്നുമില്ല…ഈ പരിപ്പ് വേവാനുള്ള സാധ്യത കുറവാണ്..
ആദ്യ പകുതി എളുപ്പത്തില്‍ കഴിഞ്ഞുപോയെന്ന പ്രതീതിയുണ്ടാക്കിയെങ്കിലും രണ്ടാം പകുതിയില്‍ ഇടക്കിടെ വാച്ച് നോക്കേണ്ടി വന്നു. പ്രധാനമന്ത്രിയുടെയും സുരക്ഷാഉപദേഷ്ടാവിന്റെയും റോളിലെത്തിയവര്‍ ഒരു വ്യത്യസ്തത തോന്നിപ്പിച്ചു. അവസാനം വില്ലന്റെ ശരീരത്തില്‍ പതാകയുള്ള വടി കുത്തിയിറക്കുന്ന ഒരൂ സീനുണ്ട്. അത് വാസ്തവത്തില്‍ പലതും പ്രതീക്ഷിച്ചെത്തിയ പ്രേക്ഷകരുടെ നെഞ്ചത്താണ് ആഴ്ന്നിറങ്ങിയത്.
ഇത്തരം റോളുകള്‍ ചെയ്യുന്നതില്‍ നിന്ന് സുരേഷ് ഗോപിയും മമ്മുട്ടിയും വിട്ടുനില്‍ക്കുന്നതാണ് നല്ലത്. കല്ലുകടി നിറഞ്ഞുനില്‍ക്കുന്ന ഈ സിനിമ ആരാധകരുടെ പിന്തുണയോടെ കുറിച്ചുദിവസം പിടിച്ചുനിന്നാല്‍ അതു തന്നെ ഭാഗ്യം.എങ്കിലും കാസനോവയേക്കാള്‍ കാശുണ്ടാക്കുമെന്നു വിചാരിക്കാം. പക്ഷേ, മുന്നോട്ടും പിന്നോട്ടും തിരിഞ്ഞു നോക്കുമ്പോഴും..തത്സമയ കമന്റുകളും കൂവലുകളും കേട്ടപ്പോഴും..അത്ര വിശ്വാസം പോര.. കണ്ടറിയാം… ആറു ദിവസം മുമ്പെ ടിക്കറ്റ് ബുക്ക് ചെയ്ത് ആദ്യദിവസം കണ്ടവരുടെ കാര്യമോര്‍ത്ത് സങ്കടം വരുന്നു. മോള് ചോദിച്ച ചോദ്യമാണ് ശരി. അച്ഛാ ഇതെപ്പഴാ തീരാ..
സങ്കുചിതമായ പ്രാദേശികതാല്‍പ്പര്യങ്ങള്‍ക്കുവേണ്ടി വിശാലമായ രാജ്യതാല്‍പ്പര്യങ്ങള്‍ ബലികഴിക്കുന്ന നിലപാടുമായി മന്‍മോഹന്‍ സിങ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത് അങ്ങേയറ്റം അപകടകരമാണ്.
പത്തുവര്‍ഷം മുമ്പ് വര്‍ധിപ്പിച്ച റെയില്‍വേ ചാര്‍ജ്ജില്‍ നാമമാത്രമായ വര്‍ധനവ് വരുത്തുകയും തൃണമൂല്‍ കോണ്‍ഗ്രസ് എന്ന പ്രാദേശിക പാര്‍ട്ടിയുടെയും അതിന്റെ സര്‍വാധികാരി മമതാ ബാനര്‍ജിയുടെയും ഇമേജ് വര്‍ധിപ്പിക്കാനും രാഷ്ട്രീയനാടകമാടി ഒടുവില്‍ ചാര്‍ജ്ജ് കുറയ്ക്കുക. നാണം കെട്ട ഏര്‍പ്പാടാണിത്.
റെയില്‍വേ ഒരു വാണിജ്യ സ്ഥാപനമാണ്. തീര്‍ച്ചയായും ക്ഷേമരാഷ്ട്രസങ്കല്‍പ്പമനുസരിച്ച് ജനങ്ങള്‍ക്കുവേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കി തരേണ്ട ബാധ്യത സര്‍ക്കാറിന്റെതാണ്. പക്ഷേ, ഇന്ത്യയില്‍ അത്തരം ഒരു സങ്കല്‍പ്പമില്ല. വെറും രാഷ്ട്രീയതട്ടിപ്പിന്റെ പേരിലാണ് ചാര്‍ജ്ജ് വര്‍ധിപ്പിക്കാതിരിക്കുന്നതെന്നതാണ് സത്യം. ഈ പോക്കു പോയാല്‍ യുപിഎ സര്‍ക്കാര്‍ താഴെയിറങ്ങുമ്പോഴേക്കും റെയില്‍വേയും സ്വകാര്യമേഖലയിലേക്ക് മാറിയിട്ടുണ്ട്.
റിലയന്‍സിന്റെയും ടാറ്റയുടെയും തീവണ്ടികളില്‍ അവര്‍ പറഞ്ഞ ചാര്‍ജ്ജും കൊടുത്ത് നമ്മള്‍ യാത്ര ചെയ്യേണ്ടി വരും. അതിനുള്ള തട്ടിപ്പിനുള്ള കളമൊരുക്കലാണ് നടക്കുന്നത്. അര്‍ഹമായ വര്‍ധനവ് റെയില്‍വേ നിരക്കുകളില്‍ ആവശ്യമാണ്. അല്ലാത്ത ഏന്തും അതിന്റെ നാശത്തിലേക്കുള്ള ആണിയടിക്കലാണ്. ഒരു സുപ്രഭാതത്തില്‍ കൈകഴുകി എല്ലാവരും പോകും.
കരുണാനിധിയും തമിഴ് ഈഴവും
ഇന്ത്യയും ശ്രീലങ്കയും തമ്മില്‍ ഏറ്റവും മികച്ച നയതന്ത്രബന്ധമാണ് നിലനില്‍ക്കുന്നത്. ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കൗണ്‍സിലില്‍ ശ്രീലങ്കയില്‍ നടന്ന മനുഷ്യാവകാശ ധ്വംസനങ്ങളെ അപലപിക്കുന്ന പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്യാന്‍ ഡിഎംകെ ഇന്ത്യയെ ഭീഷണിപ്പെടുത്തുകയായിരുന്നു. ഇവിടെ തകര്‍ന്നടിഞ്ഞത് വര്‍ഷങ്ങള്‍ പഴക്കമുള്ള ഇന്ത്യയുടെ നയതന്ത്ര നിലപാടുകളാണ്.
മറ്റൊരുരാജ്യത്തിന്റെ ആഭ്യന്തരകാര്യങ്ങളില്‍ ഇടപെടില്ലെന്ന് ഇന്ത്യയുടെ പ്രഖ്യാപിത നിലപാടില്‍ നിന്നുള്ള വ്യതിയാനമാണിത. അതും ലങ്കപോലെ ഇന്ത്യയുമായി ഏറ്റവും മികച്ച നിലനില്‍ക്കുന്ന രാജ്യത്തിനെതിരേ. അപ്പോള്‍ ചില മനുഷ്യവകാശ സ്‌നേഹികള്‍ ചോദിക്കും..ഇത്തരം ക്രൂരതകള്‍ അപലപിക്കേണ്ടതാണെന്ന്. അങ്ങനെ വരുമ്പോള്‍ എല്ലാ ക്രൂരതകളും അപലപിക്കേണ്ടതുണ്ട്. സ്‌ഫോടനങ്ങളിലൂടെ, വിധ്വംസകപ്രവര്‍ത്തനങ്ങളിലൂടെ ഒരു രാജ്യത്തെ മുഴുവന്‍ അശാന്തിയിലേക്ക് നയിച്ചവരാണ് എല്‍ടിടിഇക്കാര്‍. ഇന്ത്യന്‍ പ്രധാനമന്ത്രിയെ ബോംബ് സ്‌ഫോടനത്തിലൂടെ വധിച്ചവരാണവര്‍. തീര്‍ച്ചയായും ഇന്ത്യയുടെ പൊതു നിലപാട് തന്നെയായിരുന്നു ശരി. മറ്റൊരു രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളില്‍ അഭിപ്രായം പറയാതിരിക്കുക.
ചൈനയും ലങ്കയും തമ്മില്‍ അടുക്കുന്ന കാര്യം ഇന്ത്യ വളരെ ഗൗരവത്തോടെ പരിഗണിച്ചുകൊണ്ടിരിക്കുന്ന ഒരു കാലത്തു തന്നെയാണ് നയതന്ത്രപരമായ ഈ മലക്കം മറിച്ചിലും ഇന്ത്യയുടെ ഭാഗത്തുനിന്നുണ്ടായിട്ടുള്ളത്. അമേരിക്കയടക്കമുള്ള പടിഞ്ഞാറന്‍ രാജ്യങ്ങളുടെ പരോക്ഷമായ ആവശ്യവും ഇതാണ്. ഈ ഒരു പ്രമേയത്തിലൂടെ വിജയിക്കുന്നത് അമേരിക്കയാണ്. വോട്ടെടുപ്പില്‍ നിന്ന് ഇന്ത്യക്ക് വിട്ടുനില്‍ക്കാമായിരുന്നു. എല്ലാം കഴിഞ്ഞിട്ട് കരുണാനിധി പറയുന്നത് ശ്രീലങ്കയില്‍ തമിഴ് ഈഴം വേണമെന്നാണ്. ഇവര്‍ ഇനി തമിഴ്‌നാടിനെ തമിഴ് രാജ്യമായി പ്രഖ്യാപിക്കണമെന്നു പറഞ്ഞാല്‍ ഈ നട്ടെല്ലില്ലാത്ത കഴുതകള്‍ അതും ചെയ്യുമെന്നു തോന്നുന്നു. വംശീയപരമായ വേരുകള്‍ കൊണ്ടു മാത്രം പ്രശ്‌നങ്ങളുണ്ടാക്കാന്‍ തുടങ്ങിയാല്‍ ഗള്‍ഫ് രാജ്യങ്ങള്‍ മുഴുവന്‍ ഇന്ത്യക്കാര്‍ക്ക് എഴുതി തരേണ്ടി വരും..ശ്രീലങ്കയിലെ പ്രശ്‌നം ശ്രീലങ്കയുടെ പ്രശ്‌നമാണ്… ഇന്ത്യയുടെ പ്രശ്‌നം ഇന്ത്യയുടെതും.
ഷുക്കൂറിന്റെ മരണത്തെ യുഡിഎഫ് അനുകൂല സോഷ്യല്‍ ജീവികള്‍ പലതരത്തിലും പ്രചാരണം നടത്തുന്നുണ്ട്. അങ്ങനെ ചെയ്യാനുള്ള സ്വാതന്ത്യവും അവകാശവും അവര്‍ക്കുണ്ട്. പക്ഷേ, പലപ്പോഴും ഇതിനു ഫലപ്രദമായ പ്രതിരോധം തീര്‍ക്കാന്‍ ഇടതുപക്ഷ സഹയാത്രികര്‍ക്കു കഴിയാതെ വരുന്നു. അതുകൊണ്ടു തന്നെ അവര്‍ കാടുകയറിയ ആക്രമണങ്ങളാണ് ഇപ്പോള്‍ നടത്തുന്നത്.
ഇടതുബുദ്ധിജീവികള്‍ ഇപ്പോഴും തങ്ങളുടെ കൂട്ടായ്മകള്‍ക്കുള്ളില്‍ ഒതുങ്ങി നിന്ന് ഗംഭീരചര്‍ച്ചകളാണ് നടത്തുന്നത്. അതേ സമയം യുഡിഎഫ് അനുകൂലവിഭാഗം ആശയവിനിമയം നടത്തുന്നത് ഏറ്റവും താഴെക്കിടയിലുള്ള സാധാരണക്കാരോടാണ്. കാരണം അവര്‍ക്ക് സിപിഎമ്മുമായി താരതമ്യം ചെയ്യുമ്പോള്‍ സംഘടിതമായ ഒരു സോഷ്യല്‍നെറ്റ് വര്‍ക്ക് മുഖമില്ല. തീര്‍ച്ചയായും വരാനിരിക്കുന്ന നാളുകളില്‍ ഇത്തരം പ്രചാരണരീതികള്‍ ജനങ്ങളില്‍ കൂടുതല്‍ സ്വാധീനം ചെലുത്തും. നേതൃത്വത്തിന്റെ തീരുമാനപ്രകാരം സഖാക്കളെല്ലാം ഫേസ്ബുക്കിലും ട്വിറ്ററിലും ഗൂഗിളിലും സജീവമാണ്. പക്ഷേ, ഈ ഗ്രൂപ്പുകള്‍ ശ്രദ്ധിച്ചാല്‍ ഒരു കാര്യം മനസ്സിലാവും. സഖാക്കള്‍ സഖാക്കളുടെ കൂട്ടായ്മയുണ്ടാക്കാനാണ് ശ്രമിക്കുന്നത്. അത് നല്ല കാര്യം തന്നെ. പക്ഷേ, സജീവ രാഷ്ട്രീയമില്ലാത്ത ഭൂരിപക്ഷത്തിനെ സ്വാധീനിക്കാവുന്ന കൂട്ടായ്മയ്ക്ക് ഇടതുപക്ഷം നേതൃത്വം നല്‍കുന്നില്ല.
ഷുക്കൂര്‍ അല്ലെങ്കില്‍ ഒരു വിഭാഗം യുഡിഎഫ് പ്രവര്‍ത്തകര്‍ ആക്രമിച്ചത് പാര്‍ട്ടിയുടെ സമുന്നത നേതാക്കളെയാണ്. ആക്രമിച്ചവനെ വെട്ടിക്കൊന്നതിനെ ന്യായീകരിക്കുന്നില്ലെങ്കിലും നടപ്പാക്കിയെന്നു പറയുന്ന വിധി ചോദിച്ചുവാങ്ങിയതാണ്. അതിനെ കുറിച്ച് ആര്‍ക്കും തര്‍ക്കമുണ്ടാവില്ല. ഈ ഉരുളയ്ക്കുപ്പേരി രീതി സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളിലും പാര്‍ട്ടി അവലംബിക്കണം. അല്ലാതെ ചെറിയ കുട്ടികളെ പോലെ ഞാന്‍ കേസ് കൊടുക്കും എന്നു പറയുകയല്ല വേണ്ടത്.
പാര്‍ട്ടിക്കു മാത്രം ചെയ്യാവുന്ന പല കാര്യങ്ങളുമുണ്ട്. ഉദാഹരണത്തിന് ബ്രാഞ്ച് തലം മുതല്‍ സംസ്ഥാന കമ്മിറ്റി വരെയുള്ള പാര്‍ട്ടി പ്രവര്‍ത്തകരുടെ സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളെ ഒരൊറ്റ കുടക്കീഴില്‍ അണിനിരത്താന്‍ സാധിച്ചാല്‍ ഏതൊരു കാര്യം പാര്‍ട്ടിക്ക് അണികള്‍ക്കുള്ളിലേക്ക് നിഷ്പ്രയാസം എത്തിക്കാനും വ്യാഖ്യാനിക്കാനും സാധിക്കും. ഉദാഹരണത്തിന് പണ്ട് ഏതെങ്കിലും വിഷയമുണ്ടായിരുന്നെങ്കില്‍ അതിനു വിശദീകരണം നല്‍കാന്‍ മൈക്കുമെടുത്ത് തെരുവിലിറങ്ങി വിശദീകരണപ്രസംഗം നടത്തുന്നതായിരുന്നു പാര്‍ട്ടി രീതി. അന്ന് തെരുവുകളില്‍ പ്രകടനം നടത്താന്‍ പ്രസംഗം കേള്‍ക്കാനും ആളെ കിട്ടുമായിരുന്നു. ഇന്നു പ്രസംഗം, പ്രകടനം എന്നിവ രാഷ്ട്രീയം ജോലിയായി സ്വീകരിച്ച ചിലരുടെ അവകാശമായി മാറി. അവര്‍ അത് നഗരകേന്ദ്രങ്ങലില്‍ ഭംഗിയായി നടത്തും. തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ മാത്രമാണ് പ്രസംഗവും പ്രകടനവും സാര്‍വത്രികമാവുന്നത്. പ്രഭാതഭേരി വൈകുന്നേരം നടത്തിയാല്‍ പോരെ എന്നു ചോദിക്കുന്ന സഖാക്കളുടെ കാലമാണിത്. എന്നാല്‍ ഇവരെല്ലാം ഗൂഗിള്‍ പ്ലസിലും ഫേസ്ബുക്കിലും സജീവമാണ്. കാരണം ഇത് ക്രിക്കറ്റെന്ന ഫാഷന്‍ പോലെ പടരുകയാണ്. അതിനെ ചൂഷണം ചെയ്യേണ്ടതുണ്ട്.
ആവിഷ്‌കാരസ്വാതന്ത്ര്യം എന്നൊക്കെ പറയാമെങ്കിലും സോഷ്യല്‍നെറ്റ്‌വര്‍ക്കുകള്‍ക്ക് കൂച്ചുവിലങ്ങിടേണ്ട കാലം അതിക്രമിച്ചു കഴിഞ്ഞു. പോസ്റ്റ് ചെയ്യാനുള്ള അവകാശം എല്ലാവര്‍ക്കുമുണ്ട്. പക്ഷേ, വ്യക്തിഹത്യ, മതനിന്ദ, വര്‍ഗ്ഗീയത, രാജ്യദ്രോഹം, ഭീഷണി, ആക്ഷേപകരമായ ഉള്ളടക്കം എന്നിവ പോസ്റ്റ് ചെയ്യുന്നതിനെ നിയന്ത്രിക്കേണ്ടതുണ്ട്. വിമര്‍ശിക്കാനുള്ള അവകാശവും മേല്‍പ്പറഞ്ഞ കാര്യങ്ങളും കൂട്ടികുഴയ്ക്കരുത്.
ഉദാഹരണത്തിന് വിരമിക്കാനുള്ള പ്രായം കൂട്ടിയ ഉമ്മന്‍ചാണ്ടിനെ സര്‍ക്കാറിനെ യുക്തിപരമായി വിമര്‍ശിക്കാന്‍ ഏതൊരാള്‍ക്കും അവകാശമുണ്ട്. എന്നാല്‍ അതിന്റെ ഉമ്മന്‍ചാണ്ടിയുടെ തന്തയ്ക്കു വിളിയ്ക്കാനോ ഉടുതുണിയില്ലാത്ത ചിത്രങ്ങളുണ്ടാക്കി പോസ്റ്റ് ചെയ്യാനോ ആര്‍ക്കും അവകാശമില്ല. കാതലായ വിമര്‍ശനങ്ങള്‍ തുടരണം.
ഓരോ പോസ്റ്റും അപ് ചെയ്യുന്ന ഐപികളെ തിരിച്ചറിയാനുള്ള സംവിധാനം ഉണ്ടാവണം. എനിക്കെതിരേയുള്ള പോസ്റ്റ് ആക്ഷേപകരമാണെന്ന് എനിക്കു തോന്നിയാല്‍ അതിനെതിരേ കേസ് കൊടുക്കാന്‍ കഴിയുന്ന വിധത്തില്‍ സൈബര്‍ ലോ ശക്തമായിരിക്കണം. ഇത്തരത്തില്‍ ചില കേസുകളെടുക്കുമ്പോഴേ സോഷ്യല്‍ നെറ്റ്‌വര്‍ക്കുകള്‍ സ്വാഭാവികമായ അച്ചടക്കത്തിലേക്ക് നീങ്ങൂ. വണ്ടി ഓടിക്കുന്നതിന് ഡ്രൈവിങ് ലൈസന്‍സ് വേണമെന്ന നിയമമുണ്ട്. ഇടക്കിടെ പോലിസ് ഇതുപരിശോധിക്കുന്നതുകൊണ്ടാണ് ആളുകള്‍ ലൈസന്‍സ് എടുക്കുന്നത്. അല്ലാത്തപക്ഷം ആരും ആ പണിയ്ക്ക് പോവില്ല.
ഇവിടെ സോഷ്യല്‍നെറ്റ്‌വര്‍ക്കില്‍ ലൈസന്‍സ് വേണമെന്നല്ല അര്‍ത്ഥമാക്കുന്നത്. സമൂഹജീവിയായ മനുഷ്യന്‍ ചില മര്യാദകള്‍ പാലിക്കാന്‍ തയ്യാറാവണം. അത് പിണറായിക്കോ കുഞ്ഞാലിക്കുട്ടിക്കോ എതിരെ ആയാല്‍ പോലും. എന്റെ ഫേസ്ബുക്ക്, എന്റെ പോസ്റ്റ് ഞാനെന്തും ചെയ്യും എന്ന ധാഷ്ട്യം നന്നല്ല. കാരണം അങ്ങനെ ചെയ്യാന്‍ മറ്റുള്ളവനും അവകാശമുണ്ട്. എന്ന കാര്യം മറക്കരുത്. സ്വന്തം വീടാണ്. സ്വന്തം ടിവിയാണ് എന്നു കരുതി..മുഴുവന്‍ ശബ്ദത്തില്‍ ടിവി വെച്ചുനോക്കൂ. ഒന്നോ രണ്ടോ ദിവസം അയല്‍ക്കാരന്‍ ക്ഷമിക്കും. എന്നാല്‍ അതിനുശേഷം അവന്റെ സ്വഭാവം മാറും. ആദ്യം അവന്‍ വാക്കാല്‍ പറയും. പിന്നെ അവന്‍ പോലിസ് സ്‌റ്റേഷനില്‍ പരാതി നല്‍കും.
ആവിഷ്‌കാര സ്വാതന്ത്ര്യമെന്നത് എന്തും പറയാനുള്ള അവകാശമല്ലെന്നു തിരിച്ചറിയണം.
കേരളത്തില്‍ കൊളസ്‌ട്രോള്‍, ഷുഗര്‍, പ്രഷര്‍ രോഗികളുടെ എണ്ണം കൂടാനുള്ള കാരണം എന്താണ്?
ഭക്ഷണ രീതിയില്‍ വന്ന മാറ്റവും ശരിയായ വ്യായാമം ഇല്ലാത്തതുമാണ് കാരണം എന്നു എളുപ്പത്തില്‍ പറയാം. പക്ഷേ, മദ്യപിക്കാത്തവന് എന്തോ കുഴപ്പമുണ്ടെന്ന് ചിന്തിക്കുന്നവരെ പോലെ ഇതൊക്കെ മധ്യവയസ്സുകഴിഞ്ഞാല്‍ സാധാരണമാണ് എന്ന ചിന്തയും സജീവമാണ്. നിനക്ക് കൊളസ്‌ട്രോളുണ്ടോ? നിനക്ക് ഷുഗറുണ്ടോ? എന്ന ചോദ്യങ്ങള്‍ സാധാരണമായിരിക്കുന്നു.
35കാരനോടുപോലും ചായയ്ക്ക് പഞ്ചസാര വേണോ എന്നു ചോദിക്കാന്‍ പലരും ധൈര്യം കാണിക്കുന്നു. ഭക്ഷണ രീതികളിലെ മാറ്റം പറയുമ്പോള്‍ അമേരിക്കയിലും യൂറോപ്യന്‍ രാജ്യങ്ങളിലും വില്‍പ്പനയ്ക്ക് നിയന്ത്രണമുള്ള മൈദയാണ് പ്രധാനവില്ലന്‍ എന്നു മനസ്സിലാവും..പൊറാട്ട പലര്‍ക്കും ഒരു സംഭവമാണെങ്കിലും ഫൈബര്‍ തീരെ ഇല്ലാത്ത ഇവനെ സ്ഥിരമാക്കിയാല്‍ കാര്യം പോക്കാണ്. ഷുഗറിനും കൊളസ്‌ട്രോളിനും വേറെ കാരണം തിരക്കേണ്ട…അതുപോലെ ബേക്കറി പലഹാരങ്ങളും
ചുരുക്കത്തില്‍ ജനങ്ങളുടെ സമീപനത്തില്‍ മാറ്റം വരാതെ ഒരു രക്ഷയുമില്ല…..രാവിലെ എഴുന്നേറ്റ് ഒന്നോടാന്‍ പോയാല്‍…അവന്‍ സിക്‌സ് പാക്കാവാന്‍ പോവുകയാണ്? അവനെന്തോ കുഴപ്പമുണ്ട്? അവള്‍ക്ക് അല്ലെങ്കിലും ഒരു ഇളക്കം കൂടുതലാണ്… നഗരങ്ങളില്‍ ഈ ചിന്താരീതിക്ക് വ്യത്യാസമുണ്ട്. പക്ഷേ, ഭൂരിഭാഗം മലയാളിയുടെ ചിന്ത മുകളില്‍ പറഞ്ഞ രീതിയിലാണ് നീങ്ങുന്നത്.. പലരും രണ്ടാഴ്ച ജിമ്മിലും മൂന്നാഴ്ച കരാട്ടയ്ക്കും മൂന്നു മാസം യോഗയ്ക്കും ഒരു മാസം നടക്കാനും പോയവരാണ്….തുടര്‍ച്ച ഇല്ല..