നീ എന്താണ് കരുതുന്നത്. ഞങ്ങളെല്ലാം പൊട്ടന്മാരാണെന്നോ? ഒരു നൂലിന് അടങ്ങിക്കാണ്ടീ..നീ തന്നെ ഒന്നു ആലോചിച്ചു നോക്കൂ..ഇത്തിരി ഓവറല്ലേ…? ഒരു പ്രമുഖ പാര്‍ട്ടിയുടെ സമ്മേളനം നടന്നു കൊണ്ടിരിക്കെ അടുത്ത ബന്ധുവിന്റെ ഒത്തിരി അമര്‍ഷത്തോടെയുള്ള ചോദ്യം ഇതായിരുന്നു.
കാരണം ഫേസ്ബുക്കിലെ എന്റെ പല പോസ്റ്റുകളും അയാളെ അത്രമാത്രം വിറളി പിടിപ്പിച്ചിരുന്നു. ബന്ധുവല്ലെങ്കില്‍ ഞാന്‍ പ്രതികരിക്കുന്നത് രൂക്ഷമായിട്ടായിരിക്കും…താങ്കള്‍ എന്റെ പോസ്റ്റ് സഹിക്കണ്ട, അണ്‍ഫ്രണ്ട് ചെയ്യാനുള്ള ഓപ്ഷനുണ്ടല്ലോ..എന്ന ചോദ്യമായിരിക്കും എന്റെ നാവില്‍ നിന്ന് ആദ്യം ഉയരുക. പക്ഷേ, പാപ്പനായി പോയില്ലേ..അതുകൊണ്ട് അതു ഞാനങ്ങ് ചെയ്തു.
ഫേസ്ബുക്കിലെ തല തിരിഞ്ഞ പോസ്റ്റുകള്‍ക്കെതിരേ ആദ്യം കലാപം ഉയര്‍ത്തിയത് സന്ദീപാണെന്നാണ് എന്റെ ഓര്‍മ, പിന്നീട് അത് ഷഹീറും അനിയന്‍ ഷാജനും ഏറ്റെടുത്തു. ചിലപ്പോള്‍ ആം ആദ്മി പാര്‍ട്ടിക്ക്, അധികസമയവും ബിജെപിക്ക്, മോദിക്ക്, അപൂര്‍വം ചില സമയങ്ങളില്‍ ഇടതുപക്ഷത്തിന്…പലപ്പോഴും പിണറായിക്കെതിരേ.എടോ മനുഷ്യാ തനിക്ക് നിലപാടൊന്നും ഇല്ലേ...? ഇതില്‍ തന്നെ സന്ദീപും ഷഹീറും ഞാന്‍ കൈവിട്ടുപോയെന്ന് മുദ്രകുത്തുകയും ചെയ്തു.
ഇതില്‍ മുകളില്‍ പറഞ്ഞ രണ്ടു പ്രശ്‌നങ്ങളെയും ഞാന്‍ കാര്യമായെടുത്തുരുന്നില്ല. കാരണം എനിക്ക് എന്റെതായ ലോജിക്കുണ്ടായിരുന്നു. എന്നെ സംബന്ധിച്ചിടത്തോളം ഫേസ്ബുക്ക് വെറുമൊരു കളിക്കോപ്പ് മാത്രമായിരുന്നു. ഒരു ലിറ്റ്മസ് ടെസ്റ്റ് പേപ്പര്‍. ഈ പരീക്ഷണങ്ങള്‍ എന്റെ തൊഴിലിനെ വളരെയധികം സഹായിച്ചിട്ടുണ്ട്.
ട്വിറ്ററിലാണ് കുറച്ചെങ്കിലും വാര്‍ത്താമൂല്യമുള്ള കാര്യങ്ങള്‍ പോസ്റ്റ് ചെയ്യാറുള്ളത്. എന്നാല്‍ അപൂര്‍വം ചില നിമിഷങ്ങളിലാണല്ലോ നമുക്ക് ലൈറ്റ് കത്തുക. കഴിഞ്ഞ ദിവസം ഷഹീറും റാല്‍സണും സംയുക്തമായി നടത്തിയ ഉപദേശം ചില മാറ്റങ്ങള്‍ക്ക് എന്നെ പ്രേരിപ്പിച്ചു. അതുകൊണ്ട് ഫേസ്ബുക്കും ഇനി ട്വിറ്റര്‍ കൈകാര്യം ചെയ്യുന്ന പോലെ ഉപയോഗിക്കാന്‍ തീരുമാനിച്ചു.
മൂലധന താല്‍പ്പര്യങ്ങളെ സ്വന്തം വാളിലേക്ക് വലിച്ചിഴയ്‌ക്കേണ്ടെന്ന് തീരുമാനിച്ചു. അതുകൊണ്ട് എന്റെ ഇതുവരെയുള്ള പോസ്റ്റുകള്‍ കണ്ട് എന്നെ ലൈക്കിയവരുണ്ടെങ്കില്‍ നിങ്ങള്‍ക്ക് സലാം സലാം. ഇനിയുള്ള പോസ്റ്റുകള്‍ ഓരോ വിഷയത്തിലുമുള്ള വ്യക്തിപരമായ നിലപാടുകളാക്കാന്‍ പരമാവധി നോക്കും. പ്രൊഫൈലും പേജും നല്ലതുപോലെ കൊണ്ടു നടക്കാമെന്നു സ്വപ്‌നം കാണുന്നു. അനസ് എന്നോട് ഒരിക്കല്‍ ചോദിച്ചു..ടോ തനിക്കെന്തു പറ്റിയെന്ന്…25 വര്‍ഷം മുമ്പുള്ള കൂട്ടുകാരനുപോലും മനസ്സിലാകാത്ത ഫേസ്ബുക്ക് പരീക്ഷണം ഇനി വേണ്ടെന്നു കരുതുന്നത് ഒരു തോല്‍വിയല്ല, ഒരു തിരിച്ചറിവാണ്.
പേജ്-https://www.facebook.com/shinodnews