പൊങ്കാല ഇനി വീട്ടിലാക്കാം

ATTUKAL

രണ്ടു മൂന്നു ദിവസമായി ആറ്റുകാല്‍ പൊങ്കാലയുണ്ടാക്കുന്ന പുകില് ചെറുതൊന്നുമല്ല. പരസ്യമായി പൊതുനിരത്തില്‍ തടസ്സം സൃഷ്ടിയ്ക്കുന്ന ഈ കലാപരിപാടിയ്ക്ക് കാലാനുസൃതമായി മാറ്റം വരുത്തേണ്ടിയിരിക്കുന്നു. ആചാരങ്ങളെയും അനുഷ്ഠാനങ്ങളെയും കാലാനുസൃതമായി  അപ് ഡേറ്റ് ചെയ്യുന്ന ശീലം എല്ലാ മതത്തിലുമുണ്ട്.  ഇതും എത്രയും വേഗം ഈ ഗണത്തില്‍ കൂട്ടണം. പൂച്ചയ്ക്ക് ആരു മണിക്കെട്ടുമെന്ന ചോദ്യം പ്രസക്തമാണ് എങ്കിലും.

തിരുവനന്തപുരം ജില്ലയെ മുഴുവന്‍ ഒരു ദിവസം നിശ്ചലമാക്കുന്ന രീതിയിലേക്ക് ഇതു മാറി കഴിഞ്ഞു. പണ്ട് ജില്ലയില്‍ നിന്നു മാത്രമുള്ളവരാണ് ഈ ചടങ്ങില്‍ പങ്കെടുത്തിരുന്നത്. എന്നാല്‍ എന്നു മുതല്‍ ചാനലുകാര്‍ ലൈവ് ക്യാമറയുമെടുത്ത് സെലിബ്രിറ്റികളെ തിരയാന്‍ തുടങ്ങി അന്നു തുടങ്ങിയാണ് ഈ കഷ്ടകാലം. ഇതു നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണ്. ദൈവം തൂണിലും തുരുമ്പിലും ഉണ്ടെന്ന സങ്കല്‍പ്പത്തില്‍ ആചാരത്തെ നമുക്ക് ഇത്തിരി മോഡേണാക്കുന്നതില്‍ തെറ്റൊന്നുമില്ല.

വീട്ടില്‍ പൊങ്കാല : എല്ലാവരും സ്വന്തം വീടിനു മുന്നില്‍ പൊങ്കാലയിടുകയും യാത്രയ്ക്കും താമസത്തിനും ചെലവാകുന്ന പണം ആറ്റുകാല്‍ അമ്മ ക്ഷേത്രത്തിന്റെ ട്രസ്റ്റിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന(ഇല്ലെങ്കില്‍, ഒന്നു ഉണ്ടാക്കണം) ചാരിറ്റബിള്‍ ട്രസ്റ്റിന് അയച്ചുകൊടുക്കാം. ഈ പണം സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരുടെ ഉന്നമനത്തിനായി ട്രസ്റ്റിന് ഉപയോഗിക്കാം. അല്ലെങ്കില്‍ ഏതെങ്കിലും നല്ല സന്നദ്ധ സംഘടനയ്ക്കു നല്‍കാം. തീര്‍ച്ചയായും ദേവിയുടെ അനുഗ്രഹമുണ്ടാകും. ഈ ദിവസം യാത്ര ചെയ്യുന്നതിനു ബുദ്ധിമുട്ടുണ്ടായതിനു പരിഹാരമായി സൗകര്യപൂര്‍വം ഒരു ദിവസം ദേവിയെ സന്ദര്‍ശിച്ച് പരിഹാരമാര്‍ഗ്ഗങ്ങളും ചെയ്യാവുന്നതാണ്.

പൊങ്കാല സെന്ററുകള്‍: എല്ലാ ജില്ലകളിലും പ്രധാന ദേവീക്ഷേത്രങ്ങളുമായി സഹകരിച്ച് പൊങ്കാല സെന്റുകള്‍ ആരംഭിക്കാവുന്നതാണ്. പക്ഷേ, ചാനലുകാരുടെ ഫുള്‍ ടൈം ലൈവ് പരിപാടി പൊട്ടും. ടിവിയില്‍ കാണിക്കാനുള്ള പോസിബിലിറ്റി കൂടുമെന്നു പറഞ്ഞ് നമുക്ക് ‘താരങ്ങളെ’ സമാധാനിപ്പിക്കാം.

– ഇപ്പോള്‍ നാലഞ്ച് കിലോമീറ്ററോളം വളഞ്ഞു പുളഞ്ഞു മുഴുവന്‍ റോഡുകളിലുമായി കിടക്കുന്ന പൊങ്കാല പരിപാടികളെ കുറച്ചു സ്ഥലങ്ങളിലേക്ക് കേന്ദ്രീകരിക്കാം. അതു മൈതാനമാകാം. ചില റോഡുകളും ഉപയോഗിക്കാം.  കൂടാതെ റെഡ്മെയ്ഡ് അടുപ്പുകള്‍ ഉപയോഗിച്ച് സംഗതി പ്രതീകാത്മകമായി ചടങ്ങിന്‍റെ വേഗതകൂട്ടാം.(അത്തരത്തില്‍ ഇപ്പോള്‍ തന്നെ പല വഴിപാടുകളും ഉണ്ട്).  ഇതിനായി പ്രത്യേകം ഗ്യാസ് അടുപ്പുകള്‍ ഉണ്ടാക്കാം. ഇതോടെ പരിപാടി അതിവേഗം പൂര്‍ത്തിയാകും. സഞ്ചാരസ്വാതന്ത്രം തടയപ്പെടുന്നില്ലെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. പക്ഷേ, ഓരോ വര്‍ഷവും ഒഴുക്ക് കൂടി വരികയാണ്. വല്ലാത്തൊരു ഫാഷന്‍ തന്നെ. ഏറ്റവും പ്രധാനപ്പെട്ട കാര്യം ചാനല്‍ മേധാവികളുമായി ചര്‍ച്ച നടത്തി ഈ ലൈവ് പരിപാടിയങ്ങ് നിര്‍ത്തിയാല്‍ മതി. അടുത്ത രണ്ടു വര്‍ഷം കൊണ്ട് സംഗതി പഴയ പോലെയാകും. ഇതിങ്ങനെ ടിവി കാണുന്പോള്‍ ഒരു കന്പം കയറുകയാണ്…

ഇത്രയും ആളുകള്‍ കൂട്ടം കൂടിയെത്തുമ്പോഴുണ്ടാകുന്ന സുരക്ഷാപ്രശ്‌നങ്ങളും പരിസര മലിനീകരണവും ഗതാഗത പ്രശ്‌നങ്ങളും ആരോഗ്യപ്രശ്‌നങ്ങളും ഈ ചടങ്ങില്‍ പങ്കെടുക്കാത്ത ഭൂരിപക്ഷത്തിനെയാണ് വെള്ളം കുടിപ്പിക്കുന്നത്. സര്‍ക്കാറിനും കോടി കണക്കിന് രൂപയുടെ നഷ്ടമാണുണ്ടാകുന്നത്.

ആരും വിശ്വാസത്തിന് എതിരല്ല, നല്ല സാമൂഹിക ജീവിതത്തിന് നല്ല വിശ്വാസങ്ങള്‍ വേണം. ഒരു കാലത്തെ ആചാരം മറ്റൊരു കാലത്തെ അനാചാരമായി മാറും. അപ്പോള്‍ ചില ഭേദഗതികള്‍ വരുത്തി നമ്മള്‍ അതിനെ അപ് ഡേറ്റ് ചെയ്യേണ്ടതുണ്ട്.

ഇന്നൊരു ദിവസം ആരും പുറത്തിറങ്ങണ്ടാ..ഇന്നു അവധി പ്രഖ്യാപിച്ചിട്ടുണ്ട്. എന്നു പറയുന്നതിനെ അംഗീകരിക്കാനാകില്ല. ഇതിനി ഏതു മതമോ ഏത് രാഷ്ട്രീയ പാര്‍ട്ടിയോ ആയാലും. ഇതും ഒരു ‘ഹര്‍ത്താലാണ്.’ മതവും വിശ്വാസവും ജനങ്ങള്‍ക്കുവേണ്ടി ജനങ്ങളുണ്ടാക്കിയതാണ് എന്നു മറക്കരുത്.