Uncategorized

ബാങ്കിങ് ഓഹരികളുടെ കരുത്തില്‍ സെന്‍സെക്‌സ് 152 പോയിന്റ് മുന്നേറി

മുംബൈ: ഇന്ന് ഏറെ കയറ്റിറക്കങ്ങള്‍ കണ്ട ഇന്ത്യന്‍ ഓഹരി വിപണി അവസാന മണിക്കൂറിലെ തകര്‍പ്പന്‍ പ്രകടനത്തോടെ നേട്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് .76 ശതമാനം(152.80) ഉയര്‍ന്ന് 20309.69ലും നിഫ്റ്റി .82 ശതമാനം(49.91) വര്‍ധിച്ച്  6121.60ലുമാണ് വില്‍പ്പന നിര്‍ത്തിയത്. ബാങ്കിങ്, ഹെല്‍ത്ത്‌കെയര്‍ മേഖലകളുടെ മികച്ച മുന്നേറ്റാണ് വിപണിയില്‍ പച്ചക്കത്തിച്ചത്. അതേ സമയം റിയാലിറ്റി സ്റ്റോക്കുകള്‍ ഇന്നും കനത്ത തിരിച്ചടി നേരിട്ടു.
6030-5970 ലെവല്‍ നിഫ്റ്റിക്ക് നല്ലൊരു സപ്പോര്‍ട്ടിങ് ലെവലാണെന്ന് ഇന്നത്തെ വില്‍പ്പനയില്‍ നിന്നു മനസ്സിലായി. കൂടാതെ വിപണിയുടെ മുന്നോട്ടുള്ള കുതിപ്പിന് യാതൊരു ക്ഷീണവും സംഭവിച്ചിട്ടില്ല. ഈ തിരുത്തലില്‍ നിന്ന് ഊര്‍ജ്ജം സമാഹരിച്ച് അത് മുന്നേറുക തന്നെ ചെയ്യും. നിക്ഷേപത്തിന് ആഗ്രഹിക്കുന്നവര്‍ക്ക് ഏറ്റവും മികച്ച സമയം ഇതാണ്- ജെ.എം ഫിനാന്‍ഷ്യല്‍ സര്‍വീസിന്റെ ഗൗതം ഷാ അഭിപ്രായപ്പെട്ടു.
സെന്‍സെക്‌സില്‍ ലാഭത്തോടെ വില്‍പ്പന ആരംഭിച്ചെങ്കിലും പിന്നീട് 20047 ലെവല്‍ വരെ താഴ്ന്നത് കുറച്ചുനേരത്തേക്കെങ്കിലും ആശങ്ക സൃഷ്ടിച്ചു. എസ്.ബി.ഐ, സിപ്ല, മഹീന്ദ്ര ആന്റ് മഹീന്ദ്ര, ഐ.ഡി.എഫ്.സി, എച്ച്.ഡി.എഫ്.സി ബാങ്ക് ഓഹരികളാണ് ഇന്നു ഏറെ നേട്ടമുണ്ടാക്കിയത്. വോക്കാര്‍ഡ് ലിമിറ്റഡ്, ഫെഡറല്‍ ബാങ്ക്, ടാറ്റാ സ്റ്റീല്‍ തുടങ്ങിയ പോപ്പുലര്‍ ഓഹരികളുടെ കാര്യം എടുത്തു പറയേണ്ടതാണ്.
വോക്കാര്‍ഡ് 39.80 അധിക മൂല്യം നേടി 409.65ലും  ഫെഡറല്‍ ബാങ്ക് 23.35 രൂപ വര്‍ധിച്ച് 461.90ലും ടാറ്റാ സ്റ്റീല്‍ 10.85ന്റെ വര്‍ധനവോടെ ടാറ്റാ സ്റ്റീല്‍ 617.15ലുമാണ് കച്ചവടം അവസാനിപ്പിച്ചത്. നഷ്ടത്തിന്റെ കണക്കില്‍ റിലയന്‍സ് കാപ്പിറ്റല്‍, റിലയന്‍സ് ഇന്‍ഫ്രാ, അംബുജാ സിമന്റ്‌സ്, റാന്‍ബാക്‌സി, സുസ്‌ലോണ്‍ ഓഹരികളാണ് ഏറ്റവും മുന്നില്‍ ഇടം പിടിച്ചത്.
വിപണി കൂടുതല്‍ താഴേക്ക് പോവാനുള്ള സാധ്യത കുറവാണ്. മികച്ച വളര്‍ച്ചാനിരക്കും മെച്ചപ്പെട്ട രണ്ടാം പാദ റിപോര്‍ട്ടുകളും വിദേശപണത്തിന്റെ ഒഴുക്കും ചേര്‍ന്ന് ഇന്ത്യന്‍ വിപണിയെ മുന്നോട്ടു നയിക്കുക തന്നെ ചെയ്യും-എസ്.എം.സി ഗ്ലോബല്‍ സെക്യൂരിറ്റീസിന്റെ സുഭാഷ് സി അഗര്‍വാള്‍ അഭിപ്രായപ്പെട്ടു.
യൂറോപ്യന്‍ വിപണി തുടര്‍ച്ചയായ നാലാം ദിവസവും തകര്‍ച്ചയെ നേരിടുകയും ഒട്ടുമിക്ക ഏഷ്യന്‍ വിപണികളും സമ്മര്‍ദ്ദം ശക്തമായി തുടരുമ്പോഴും ഇന്ത്യന്‍ മാര്‍ക്കറ്റിന് നേട്ടമുണ്ടാക്കാനായിയെന്നത് ശ്രദ്ധേയമാണ്. അതിനിടെ പൊതുമേഖലയിലുള്ള ഷിപ്പിങ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ, മാംഗനീസ് തുടങ്ങിയ കമ്പനികളുടെ ഓഹരികള്‍ ഈ മാസം ഒടുവില്‍ വില്‍പ്പനയ്‌ക്കെത്തുമെന്ന റിപോര്‍ട്ടുകള്‍ സജീവമാണ്.
വാങ്ങാവുന്ന ഓഹരികള്‍: ഹിന്ദുസ്ഥാന്‍ കണ്‍സ്ട്രക്ഷന്‍, ലൂപിന്‍, മദ്രാസ് സിമന്റ്, റോള്‍ട്ടാ, എക്‌സൈഡ്, ഐഡിയ, ഹിമാദ്‌സിങ്കാ, സ്പാര്‍ക് സിസ്റ്റംസ്, ടാറ്റാ സ്റ്റീല്‍, സിന്റെക്‌സ് കാളിന്ദി റെയില്‍ നിര്‍മാണ്‍