Uncategorized

ചൈനീസ് ഫോബിയ, വിപണി താഴോട്ട്

മുംബൈ: പണപ്പെരുപ്പം തടയുന്നതിന് ചൈന നിരക്ക് വര്‍ധനയടക്കമുള്ള കര്‍ശന നടപടികളുമായി മുന്നോട്ടുപോവുമെന്ന റിപോര്‍ട്ടുകള്‍ സജീവമായതിനെ തുടര്‍ന്ന് ഓഹരി വിപണിയില്‍ തകര്‍ച്ച. 20372ല്‍ വില്‍പ്പന തുടങ്ങിയ സെന്‍സെക്‌സ് 19832 പോയിന്റ് വരെ താഴ്ന്നതിനുശേഷം രണ്ടു ശതമാനം നഷ്ടത്തോടെ(445 പോയിന്റ്) 19865.14ല്‍ ക്ലോസ് ചെയ്തു. കഴിഞ്ഞ 11 സെഷനുകളിലായി ഏറ്റവും മികച്ചതെന്ന് കരുതിയിരുന്ന സപ്പോര്‍ട്ടിങ് ലെവലുകളെല്ലാം തകര്‍ത്തായിരുന്നു നിഫ്റ്റിയുടെ പതനം. 133 പോയിന്റ് കുറഞ്ഞ് 5988.70ലാണ് ദേശീയ ഓഹരി സൂചിക വില്‍പ്പന നിര്‍ത്തിയത്.
ലക്ഷ്യബോധമില്ലാത്ത അമേരിക്ക, യൂറോപ്പ് വിപണിക്കൊപ്പം ചൈനീസ് മാര്‍ക്കറ്റിലെ സമ്മര്‍ദ്ദവും ചേര്‍ന്നതോടെ ഒട്ടുമിക്ക ഏഷ്യന്‍വിപണികളും കൂപ്പുകുത്തി. വിപണി അതിന്റെ ഉന്നതികളിലാണ്. തീര്‍ച്ചയായും ഇത് ഒരു തിരുത്തല്‍ മാത്രമാവാനാണ് സാധ്യത. 5900ഉം കടന്ന് നിഫ്റ്റി താഴേക്ക് വരികയാണെങ്കില്‍ അത് 5700 വരെ താഴാനുള്ള സാധ്യത തള്ളികളയാനാവില്ല.
മികച്ച സാമ്പത്തിക അവലോകന റിപോര്‍ട്ടും പണപ്പെരുപ്പത്തിന്റെ തോതും ആഴ്ചയുടെ തുടക്കം ഗംഭീരമാക്കിയെങ്കിലും ആ മികവില്‍ നിന്ന് ലാഭം നേടാന്‍ കരടികള്‍ നടത്തിയ ശ്രമം എല്ലാ മേഖലകളെയും തളര്‍ത്തി. ബുധനാഴ്ച ഇന്ത്യന്‍ വിപണി അവധിയാണെന്ന ഘടകവും ചെറിയതോതിലെങ്കിലും ലാഭമെടുക്കാന്‍ ആളുകളെ പ്രേരിപ്പിച്ചുവെന്നുവേണം കരുതാന്‍. കാരണം ചൈനീസ് മാര്‍ക്കറ്റിലും യൂറോപ്പ്, അമേരിക്ക വിപണികളിലും എന്തു നടക്കുമെന്ന് പ്രവചിക്കാനാവുന്നില്ലെന്നതാണ് കരടികളുടെ ആശങ്ക. സമ്മര്‍ദ്ദമൊക്കെയുണ്ടായിരുന്നെങ്കിലും ഇന്ന് വിപണിയില്‍ അരങ്ങേറ്റം കുറിച്ച ഗ്രാവിറ്റ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. 255 വരെ ഉയര്‍ന്ന ഓഹരി ക്ലോസ് ചെയ്തത് 85.40 ലാഭത്തില്‍ 210.40ലാണ്.
educomp solutions, Bosch, Cadila Healthcare, Lanco infratech, Dish tv ഓഹരികളാണ് ഇന്നു നേട്ടമുണ്ടാക്കിവരില്‍ പ്രമുഖര്‍. അതേ സമയം രാഷ്ട്രീയ കെമിക്കല്‍സ്, നാഷണല്‍ ഫെര്‍ട്ടിലൈസേഴ്‌സ്, യെസ് ബാങ്ക്, ഹിന്ദ് കണ്‍സ്ട്രക്ഷന്‍, യൂനിടെക് ഓഹരികളൂടെ മൂല്യത്തില്‍ ഇന്ന് കാര്യമായ കുറവുണ്ടായി.
വിപണിയില്‍ തിരുത്തല്‍ സജീവമായ സാഹചര്യത്തില്‍ മൂന്ന് ഓഹരികളെ കുറിച്ച് പറയാതെ വയ്യ. സത്യം കംപ്യൂട്ടേഴ്‌സ്(മഹീന്ദ്ര സത്യം), സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ടാറ്റാ സ്റ്റീല്‍ എന്നിവയാണവ.
ഇപ്പോള്‍ 605 രൂപയുള്ള ടാറ്റാ സ്റ്റീല്‍ സുരക്ഷിതമായ ഒരു നല്ല ഓഹരിയായാണ് വിലയിരുത്തുന്നത്. മാസങ്ങള്‍ക്കുള്ളില്‍ 759 എന്ന ലക്ഷ്യത്തിലെത്താന്‍ ഈ ഓഹരിക്ക് അധികം പണിപ്പെടേണ്ടി വരില്ല. മഹീന്ദ്ര സത്യം 17 മാസത്തിനിടയിലെ അതിന്റെ ഏറ്റവും താഴ്ന്ന ലെവലിലാണ്. രണ്ടാം പാദ സാമ്പത്തികഫലമാണ് കമ്പനിക്ക് തിരിച്ചടിയായത്. ജീവനക്കാര്‍ക്കു വരുത്തിയ ശമ്പളവര്‍ധന ലാഭം 97.5 കോടിയില്‍ നിന്ന് 23.30 കോടിയിലേക്ക് താഴ്ത്തി. ദീര്‍ഘകാലനിക്ഷേപത്തിന് സത്യം വാങ്ങി സൂക്ഷിക്കുന്നത് നല്ലതാണ്. പ്രതിസന്ധികള്‍ കടന്ന് സത്യം മുന്നേറുമ്പോള്‍ അത് ഭീമമായ ലാഭം നിക്ഷേപകന് സമ്മാനിക്കും. മഹീന്ദ്രടെക്കും സത്യം കംപ്യൂട്ടേഴ്‌സും ഒന്നായി തീരാനുള്ള സാധ്യതയും തള്ളികളയാനാവില്ല. മഹീന്ദ്രയുടെ മറ്റൊരു ഓഹരിയായ മഹീന്ദ്ര ആന്റ് മഹീന്ദ്ര 894 എന്ന ടാര്‍ജറ്റില്‍ സൂക്ഷിക്കാവുന്നതാണ്. ഇപ്പോഴത്തെ വില 778 രൂപയാണ്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയാണെങ്കില്‍ ഇപ്പോള്‍ 3081.55ലാണ് വില്‍പ്പന നടത്തുന്നത്. റിസര്‍ച്ച് റിപോര്‍ട്ടുകളനുസരിച്ച് എസ്.ബി.ഐ 3504 എന്ന ലക്ഷ്യത്തില്‍ സൂക്ഷിക്കാവുന്നതാണ്. ഓഹരി വില കൂടുതലായതിനാല്‍ പേടിയുള്ളവര്‍ അടുത്ത മുന്നേറ്റത്തില്‍ വിറ്റൊഴിവാക്കി വിജയബാങ്ക് പോലുള്ള ഓഹരികളില്‍ നിക്ഷേപിച്ച് പെട്ടെന്ന് ലാഭം നേടാന്‍ ശ്രമിക്കുന്നതില്‍ തെറ്റില്ല. വിജയ ബാങ്കിന് 100 മികച്ച സപ്പോര്‍ട്ടീവ് ലെവലായി കണക്കാക്കുന്നത്. അതുകൊണ്ട് അതിനടുത്തുള്ള ഏത് തുകയ്ക്ക് ഈ ഓഹരികള്‍ സ്വന്തമാക്കാം. 114-115 ടാര്‍ജറ്റില്‍ വിറ്റൊഴിവാക്കാം. ഈ ലെവല്‍ തകര്‍ത്താല്‍ അടുത്ത ടാര്‍ജറ്റ് 128 ആണ്. എന്തായാലും വിപണി താഴേക്ക് വരുന്നതിന് നിക്ഷേപത്തിനുള്ള അനുകൂല സാഹചര്യമായി മുതലാക്കാന്‍ ഓരോ നിക്ഷേപകനും തയ്യാറാവണം.
വാങ്ങാവുന്ന ഓഹരികള്‍: വിവിമെഡ് ലാബ്‌സ്, ഗ്രാവിറ്റ, സിന്‍ഡിക്കേറ്റ് ബാങ്ക്, സിറ്റി യൂനിയന്‍ ബാങ്ക്, വി.ഐപി., സിപ്ല, കനറാ ബാങ്ക്, ടാറ്റാ സ്റ്റീല്‍, ഡി.എല്‍.എഫ്.