ടൈക്കൂണുകള്‍ വരുന്നു കരുതിയിരിക്കുക
ഷെയറില്‍ പണം മുടക്കൂ..വര്‍ഷത്തിനുള്ളില്‍ കോടീശ്വരനാകൂ… ഇത്തരത്തില്‍ മോഹനവാഗ്ദാനങ്ങളുമായി ഇതിനകം പലരും നിങ്ങളെ സമീപിച്ചിട്ടുണ്ടാവും. നെറ്റ്‌വര്‍ക്ക് മാര്‍ക്കറ്റിങിന് വേണ്ടത്ര തിളങ്ങാന്‍ കഴിയാത്ത ഇന്ത്യന്‍ വിപണിയില്‍ പുത്തന്‍പരീക്ഷണങ്ങളുമായി പല കമ്പനികളും രംഗത്തെത്തി കഴിഞ്ഞു. എന്നാല്‍ ഇവര്‍ പറയുന്ന ഷെയറിന് ഇന്ത്യന്‍ ഓഹരി വിപണിയുമായി പുലബന്ധം പോലും ഉണ്ടാവില്ല. കാരണം വിപണിയില്‍ ട്രേഡിങ് നടത്താന്‍ കര്‍ശനമായ നിയമങ്ങളും നിയന്ത്രണങ്ങളും ഉണ്ട്. നിങ്ങളില്‍ നിന്ന് പണം വാങ്ങി ട്രേഡിങ് നടത്താന്‍ സെബിയുടെ പോര്‍ട്ട് ഫോളിയോമാനേജ്‌മെന്റ് ലൈസന്‍സ് ഉള്ളവര്‍ക്കു മാത്രമേ പറ്റൂ..ഇതിനു മിനിമം അഞ്ചു ലക്ഷം രൂപയെങ്കിലും നിക്ഷേപിക്കണം. ആട്, മാഞ്ചിയം,തേക്കിലൂടെ ലക്ഷങ്ങള്‍ പോയ മലയാളി പല കമ്പനികളുടെ പേരിലും ഇപ്പോള്‍ സ്വപ്‌നം കാണുകയാണ്..
പിന്നെ, ഇക്കൂട്ടരുടെ ഷെയറെന്തായിരിക്കും? തമിഴ്‌നാട്ടില്‍ സ്ഥലം വാങ്ങി വില്‍ക്കുന്ന ബിസിനസ്സാണ് ഞങ്ങള്‍ നടത്തുന്നത്? അല്ലെങ്കില്‍ ദുബൈയിലെ വന്‍കിട റിയല്‍ എസ്റ്റേറ്റ് കമ്പനിയാണ്. നിങ്ങള്‍ കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി ഇപ്പോള്‍ പണം മുടക്കുകയാണെങ്കില്‍ ഭീമമായ ലാഭം നിങ്ങളെ കാത്തിരിക്കുന്നു? അല്ലെങ്കില്‍ ഞങ്ങളുടെ കമ്പനിക്കു വേണ്ടി പ്രവര്‍ത്തിക്കുകയാണെങ്കില്‍ നിങ്ങള്‍ക്ക് ആജിവനാന്തം പ്രതിമാസം രണ്ടു ലക്ഷം രൂപ പെന്‍ഷന്‍ ലഭിക്കും….ഇത്തരം മോഹനവാഗ്ദാനങ്ങള്‍ കേട്ടാല്‍ ആരും ഒന്ന് സ്വപ്‌നം കണ്ടു പോവും. ഒരിക്കല്‍ അക്കിടി പറ്റിയവര്‍ തന്നെയായിരിക്കും ഇത്തരത്തിലുള്ള നെറ്റ്‌വര്‍ക്ക്, ഷെയര്‍ വിപണിക്ക് വീണ്ടും ഇരകളാവുന്നത്. കഷ്ടപ്പാടോ,എളുപ്പത്തില്‍ പണക്കാരനാവാനോ,,അത്യാര്‍ത്തിയോ കൊണ്ട് പലരും ഇത്തരത്തില്‍ പെട്ടുപോവാറുണ്ട്…ഞങ്ങള്‍ ലോട്ടറിയിലാണ് നിക്ഷേപിക്കുന്നതെന്ന് പറഞ്ഞ് രംഗത്തെത്തിയ കമ്പനി പലര്‍ക്കും പണം നല്‍കാതെ ഒഴിഞ്ഞുമാറുകയാണ്. അവര്‍ ഇപ്പോള്‍ പുതിയ രൂപത്തില്‍ വന്നപ്പോള്‍ അതിന്റെ പരസ്യം കൊടുക്കാന്‍ മാധ്യമങ്ങള്‍ മല്‍സരിക്കുകയാണ്..ഇത്തരത്തിലുള്ള പ്രലോഭനങ്ങള്‍ ചുറ്റുപ്പാടില്‍ നിന്നുമുണ്ടാവും.
നിങ്ങള്‍ സ്വയം ചോദിക്കേണ്ട ചോദ്യങ്ങള്‍ ഇതൊക്കെയാണ്.
1 കൈയില്‍ എത്രപണമുണ്ട്?(ഒരിക്കലും കടം വാങ്ങി എവിടെയും നിക്ഷേപിക്കരുത്)
2 എത്ര ലാഭം കിട്ടുമെന്നാണ് പറയുന്നത്?(നിങ്ങള്‍ പണം നിക്ഷേപിച്ച് അത് പെറ്റുപെരുകുമെന്ന് പറയുന്ന ശതമാനം 15നു മുകളിലാണെങ്കില്‍, നിങ്ങള്‍ക്ക് പ്രത്യേകിച്ച് യാതൊരു ശാരീരിക അധ്വാനവുമില്ലെങ്കില്‍, എനിക്ക് ആ ലാഭം വേണ്ട, ഞാന്‍ നിക്ഷേപിക്കുന്നില്ല. എന്നു തീരുമാനിക്കുന്നതാണ് ബുദ്ധി)
3 നെറ്റ്‌വര്‍ക്ക് മാര്‍ക്കറ്റിങാണെങ്കില്‍ നല്ല ചങ്ങാത്തവും നല്ല കുടുംബബന്ധവും കാത്തുസൂക്ഷിക്കാന്‍…ഞാനില്ല പൊന്നേ, എന്നേ വിട്ടേക്കൂ…എന്നു പറയുന്നവര്‍ക്ക് മനസ്സമാധാനം ഉണ്ടാവും.
4 നെറ്റ്‌വര്‍ക്ക് മാര്‍ക്കറ്റിങ് കമ്പനി പ്രതിനിധികള്‍ കൊണ്ടു വരുന്ന ഇന്‍ഷുറന്‍സ് ഉല്‍പ്പന്നങ്ങള്‍ ഒഴിവാക്കുക. അവര്‍ ഏത് കമ്പനിയാണ് ഓഫര്‍ ചെയ്യുന്നതെങ്കില്‍ ആ കമ്പനിയുമായി നേരിട്ട് ബന്ധപ്പെടുക. ഇവര്‍ പറയുന്ന കാര്യങ്ങളെല്ലാം ആ പോളിസിയിലുണ്ടെങ്കില്‍ അവിടെ ചേരുക. നെറ്റ്‌വര്‍ക്ക് മാര്‍ക്കറ്റിങ്ങിലൂടെ വിതരണം ചെയ്യുമ്പോള്‍ വിതരണം ചെയ്യുന്ന കമ്പനി പരമാവധി തുക ആദ്യമേ കട്ട് ചെയ്യുന്ന രീതിയിലായിരിക്കും പോളിസി ഓപ്പറേറ്റ് ചെയ്യുക.. ഇതോടെ ഫണ്ട് അലോക്കേഷന്‍ കുറയും. തീര്‍ച്ചയായും ലാഭവും കുറയും. കൂടാതെ ഐ.ആര്‍.ഡി.എ ലൈസന്‍സുള്ളവര്‍ക്ക്ു മാത്രമാണ് ഇന്‍ഷുറന്‍സ് ഏജന്റാവാന്‍ പറ്റൂ..ഇവര്‍ നിയമവിരുദ്ധമായാണ് ഉല്‍പ്പനം വിപണിയിലെത്തിക്കുന്നത്.
5, ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യാത്ത വന്‍കിട കമ്പനികളുടെ ഷെയര്‍ നല്‍കാമെന്നു പറഞ്ഞു തട്ടിപ്പുസംഘങ്ങള്‍ സജീവമാണ്. ഇതില്‍ നിന്ന് ഒഴിഞ്ഞുനില്‍ക്കുക.
6 സ്റ്റോക്ക് മാര്‍ക്കറ്റ് സ്ഥാപനങ്ങളില്‍ പണം കൊടുക്കുമ്പോള്‍ അത് കമ്പനിയുടെ പേരില്‍ ക്രോസ് ചെയ്തു നല്‍കണം. ഒരിക്കലും ബ്രാഞ്ചിനോ..ബ്രാഞ്ചിലെ നടത്തിപ്പുക്കാരനോ നല്‍കരുത്. നിങ്ങളുടെ എക്കൗണ്ടിലൂടെ അല്ലാതെ ട്രേഡിങ് നടത്താമെന്ന് ഏത് വാഗ്ദാനവും സ്‌നേഹപൂര്‍വം നിരസിക്കുക. പോര്‍ട്ട്‌ഫോളിയോ ചെയ്യാമെന്നു പറഞ്ഞാല്‍ ..ആ സ്ഥാപനത്തിന് അത് ചെയ്യാന്‍ ലൈസന്‍സ് ഉണ്ടോയെന്ന് അന്വേഷിക്കുക. ഉണ്ടെങ്കില്‍ നിങ്ങള്‍ നിക്ഷേപിക്കേണ്ട തുക അഞ്ചു ലക്ഷം രൂപയാണ്. അതില്‍ കുറഞ്ഞ തുകയാണ് ആവശ്യപ്പെട്ടതെങ്കില്‍ ശ്രദ്ധിക്കുക. രണ്ടു വട്ടം ആലോചിക്കുക.
ആദ്യകാലത്തെ നെറ്റ്‌വര്‍ക്കിങ് മാര്‍ക്കറ്റ് രീതി പ്രകാരം മൂന്നോ നാലോ കണ്ണികളിലേക്ക് ആളെ കിട്ടിയാല്‍ മാത്രമേ പുതുതായി ചേര്‍ന്ന ആള്‍ക്ക് പണം തിരിച്ചുകിട്ടുകയുള്ളൂ. ഇന്ന് കാലം മാറി…ചേരുമ്പോള്‍ മുടക്കുന്ന തുകയ്ക്ക് തുല്യമായ സാധനം കൈമാറുകയാണ് ഇപ്പോഴത്തെ രീതി.
അതെങ്ങനെയാണെന്ന് നിങ്ങള്‍ അദ്ഭുതപ്പെടുന്നുണ്ടാവും. അവിടെയാണ് ചൈനീസ് വിപണി അനുഗ്രഹമാവുന്നത്. ഉദാഹരണത്തിന് 2000 നല്‍കി നിങ്ങള്‍ ഒരു കമ്പനിയില്‍ അംഗമായാല്‍ ഉടന്‍ തന്നെ നിങ്ങള്‍ക്ക് വിപണിയില്‍ 2500 രൂപ വിലയുള്ള മൊബൈലോ തെര്‍മല്‍ കുക്കറോ ലഭിക്കും..പിന്നെന്താ നഷ്ടം എന്നു ചിന്തിക്കും.. ലാഭം തന്നെയാണ്. പക്ഷേ,,,കമ്പനിയുടെ ലാഭത്തെ കുറിച്ച് നിങ്ങള്‍ ആലോചിച്ചിട്ടുണ്ടോ? ചൈനയില്‍ 750രൂപയ്ക്ക് ബള്‍ക്കായി എടുക്കുന്ന മൊബൈലും തെര്‍മല്‍ കുക്കറുമാണ് ഇത്തരത്തില്‍ വിറ്റൊഴിവാക്കുന്നത്. നിങ്ങള്‍ ഓരോ കസ്റ്റമറെ കൊണ്ടു കൊടുക്കുമ്പോഴും കമ്പനി ആയിരങ്ങളാണ് ലാഭമുണ്ടാക്കുന്നത്. ഇതിലുള്ള ട്രാപ്പ് ഇതും ഒരു നെറ്റ്‌വര്‍ക്കിങ് രീതിയിലാണ് പ്രവര്‍ത്തിക്കുന്നത്. ഒരു വര്‍ഷം ഗ്യാരണ്ടിയുണ്ടെന്നെല്ലാം പറയും. ഒരു വര്‍ഷത്തിനുള്ളില്‍ കമ്പനി പൂട്ടിയിരിക്കും..അല്ലെങ്കില്‍ ചേര്‍ന്ന ആള്‍ മാര്‍ക്കറ്റിങ് നിര്‍ത്തിയിരിക്കും. 90 ശതമാനം നെറ്റ്‌വര്‍ക്കിങ് മാര്‍ക്കറ്റ് കമ്പനികളുടെയും ആയുസ് മൂന്നു വര്‍ഷമാണെന്ന കണക്കും ഇതോടൊപ്പം കൂട്ടിവായിക്കേണ്ടതാണ്.