നിഫ്റ്റി 6000ല്‍ തിരിച്ചെത്തി
മുംബൈ: കഴിഞ്ഞ വാരത്തിലെ വീഴ്ചയില്‍ ഇന്ത്യന്‍ ഓഹരി വിപണി ഇന്ന് മികച്ചൊരു തിരിച്ചുവരവ് നടത്തി. അനുകൂലമല്ലെങ്കിലും പ്രശ്നങ്ങളില്ലാത്ത ആഗോളവിപണി, കടക്കെണിയില്‍ കുടുങ്ങിയ അയര്‍ലന്റിനുള്ള സാമ്പത്തികപാക്കേജുകള്‍, ഈ മാസത്തെ ഫ്യൂച്ചര്‍ വ്യാപാരത്തിന്റെ അവസാനവാരം തുടങ്ങിയ ഘടകങ്ങള്‍ ചേര്‍ന്നാണ് വിപണിയില്‍ പച്ചക്കത്തിച്ചത്. മുംബൈ ഓഹരി സൂചികയായ സെന്‍സെക്സ് 372.15 പോയിന്റുയര്‍ന്ന് 19957.59ലും ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 119.70 വര്‍ധിച്ച് 6010ലും വില്പ്പ അവസാനിപ്പിച്ചു. അതേ സമയം നിഫ്റ്റിയുടെ 50 ദിവസത്തെ ശരാശരി വിലയിരുത്തുമ്പോള്‍ തിരുത്തല്‍ പൂര്‍ണമായിട്ടില്ലെന്നും നിക്ഷേപകര്‍ കരുതലോടെ നീങ്ങണമെന്നും വിദഗ്ധര്‍ നിര്‍ദ്ദേശിക്കുന്നു. വിദേശനിക്ഷേപ സ്ഥാപനങ്ങളില്‍ നിന്നുള്ള ഫണ്ട് വരവ് കുറഞ്ഞിരിക്കുന്നതും രൂപയുടെ മൂല്യത്തില്‍ വരുന്ന കുറവും ഈ നിഗമനത്തെ ശക്തിപ്പെടുത്തുന്നു.
ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ്, ബാങ്ക് ഓഹരികള്‍ 2.6 മുതല്‍ 2.9 ശതമാനം വരെ വര്‍ധനവ് നേടി മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. റിയാലിറ്റി, ഓയില്‍, എഫ്.എം.സി.ജി, ഓട്ടോമോബൈല്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ എന്നിവയുടെ ഓഹരികള്‍ മുന്നോട്ടുനീങ്ങിയെങ്കിലും എടുത്തുപറയാവുന്ന നേട്ടങ്ങള്‍ കുറവാണ്. യൂറിയയുടെ വില നിയന്ത്രണം എടുത്തുമാറ്റണമെന്ന നിര്‍ദ്ദേശം കേന്ദ്രം തള്ളിക്കളഞ്ഞത് ഫെര്‍ട്ടിലൈസിങ് കമ്പനികള്‍ക്ക് തിരിച്ചടിയായി. സാമ്പത്തികപ്രതിസന്ധിയില്‍ നട്ടംതിരിയുന്ന അയര്‍ലന്റ് ഔദ്യോഗികമായി തന്നെ സാമ്പത്തിക സഹായ പാക്കേജ് ആവശ്യപ്പെട്ടതോടുകൂടി യൂറോപ്യന്‍മാര്‍ക്കറ്റിലെ പ്രതിസന്ധി ഒരു പരിധിവരെ തീര്‍ന്നു. യൂറോപ്യന്‍ യൂനിയനും ഐ.എം.എഫും അയര്‍ലന്റിനായി പ്രത്യേക പാക്കേജുകള്‍ നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. പ്രതിസന്ധി രൂക്ഷമായതിനെ തുടര്‍ന്ന് രാജ്യത്തെ ആറുബാങ്കുകളില്‍ മൂന്നെണ്ണത്തിന് സര്‍ക്കാര്‍ ദേശസാല്‍ക്കരിച്ചിരുന്നു.
ഏഷ്യന്‍ വിപണികള്‍ പൊതുവെ സമ്മിശ്രപ്രതികരമാണ് കാണിച്ചത്. ജപ്പാനിലെ നിക്കി 0.93 ശതമാനവും തെക്കന്‍ കൊറിയയിലെ കോസ്പി 00.17 ശതമാനവും വര്‍ധിച്ചപ്പോള്‍ ഹോങ്കോങ് ഹാങ്സെങ് വിപണി 0.36 പോയിന്റ് ഇടിഞ്ഞു. അമേരിക്കന്‍ വിപണി വെള്ളിയാഴ്ച ക്ലോസ് ചെയ്തത് ചെറിയ നേട്ടത്തോടെയായിരുന്നു. ഒടുവില്‍ വിവരം കിട്ടുമ്പോള്‍ യൂറോപ്പിലെ ഒട്ടുമിക്ക വിപണികളും നേട്ടത്തിലാണ്.
ജയ് കോര്പ്പറേഷന്, യൂകോ ബാങ്ക്, ഹാവെല്‍സ്, ഇന്ത്യാബുള്‍സ് ഫിന്‍സര്‍വീസ്, ഇന്‍ഡസ് ഇന്‍ഡ് ബാങ്കുകളാണ് ഇന്ന് ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയത്. പാക്കേജിങ് മേഖലയിലെ പ്രമുഖ കമ്പനിയായ ജയ് കോര്പ്പറേഷന് ഒറ്റ ദിവസം കൊണ്ട് 16.11 ശതമാനം വര്‍ധനയോടെ 262.30ലാണ് മികച്ച മുന്നേറ്റം നടത്തി. ഡി ബി റിയാലിറ്റി, രാഷ്ട്രീയ കെമിക്കല്‍സ്, കോറമണ്ടല്‍ ഇന്റര്‍നാഷനല്‍, നാഷണല്‍ ഫെര്‍ട്ടിലൈസേഴ്സ്, ഐഡിയ സെല്ലുലാര്‍ കമ്പനികളാണ് ഇന്നു തകര്‍ച്ചയെ നേരിട്ട പ്രമുഖ കമ്പനികള്‍.
വാങ്ങാവുന്ന ഓഹരികള്‍:
ഡി.എല്‍.എഫ്, ശ്രീ രേണുകാ ഷുഗേഴ്സ്, പ്രിസം സിമന്റ്, എക്ലെര്‍ക്സ് സര്‍വീസ്, പാറ്റ്നി കംപ്യൂട്ടേഴ്സ്, എം.ടി.എന്‍.എല്‍, എസ് കുമാര്‍, മണപ്പുറം, ബാറ്റാ ഇന്ത്യ, ടാറ്റാ മോട്ടോഴ്സ്, ടാറ്റാ സ്റ്റീല്‍, ഐ.എസ്.എം.ടി