വിപണി തിരിച്ചെത്തിയേക്കും
മുംബൈ: നിഫ്റ്റി 5650-700 ലെവലില്‍ തട്ടിയതിനുശേഷം തിരിച്ചുകയറാനുള്ള സാധ്യത കൂടുതലാണെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു. കഴിഞ്ഞ നാലു ട്രേഡിങ് സെക്ഷനുകളിലായി നാലുശതമാനത്തിലേറെ നഷ്ടം സംഭവിച്ച സെന്‍സെക്‌സ് 350-400 പോയിന്റ് നേട്ടവുമായി പുതിയ ആഴ്ചയില്‍ തിരിച്ചെത്തുമെന്നാണ് കരുതുന്നത്. അയര്‍ലന്‍ഡ് സാമ്പത്തിക പ്രതിസന്ധി,
കൊറിയന്‍ സംഘര്‍ഷം, 2ജി സ്‌പെക്ട്രം-എല്‍.ഐ.സി ഹൗസിങ് ഫിനാന്‍സ് അഴിമതികള്‍ എന്നിവയാണ് കഴിഞ്ഞ ആഴ്ചയില്‍ വിപണികളെ സ്വാധീനിച്ച ഘടകങ്ങള്‍.
ആദ്യം ഇന്ത്യയിലെ കാര്യങ്ങള്‍ പരിഗണിക്കാം. എല്‍.ഐ.സി ഹൗസിങ് ഫിനാന്‍സ് വിവാദം വാസ്തവത്തില്‍ കൈക്കൂലി കേസ് മാത്രമാണ്. ഈ കേസില്‍ 21 ഓളം ഇന്ത്യന്‍ കമ്പനികള്‍ക്ക് സി.ബി.ഐ നോട്ടീസ് നല്‍കിയിട്ടുണ്ട്. ധനകാര്യമന്ത്രാലയം, റിസര്‍വ്ബാങ്ക്, സെബി സ്ഥാപനങ്ങള്‍ സംയുക്തമായ നീക്കം നടത്തുന്നതും ശുഭസൂചനയാണ്. 2 ജി സ്‌പെക്ട്രം അഴിമതിയില്‍ സംയുക്ത പാര്‍ലമെന്ററി സമിതിയുടെ അന്വേഷണം സര്‍ക്കാര്‍ നിഷേധിക്കുന്നുണ്ടെങ്കിലും മുഖ്യപ്രതിപക്ഷ കക്ഷിയായ ബി.ജെ.പിയുമായി സമവായത്തിനുള്ള ശ്രമം സജീവമാണ്. ധനകാര്യമന്ത്രി പ്രണബ് മുഖര്‍ജി ഇതിനായി മുന്നിട്ടിറങ്ങിയിട്ടുണ്ട്. അയര്‍ലന്‍ഡ് സാമ്പത്തിക സഹായ പാക്കേജില്‍ ഒപ്പിടുന്നതിന്റെ വക്കിലാണ്. കൊറിയയിലെ സംഘര്‍ഷ സാധ്യത വര്‍ധിപ്പിച്ചുകൊണ്ട് അമേരിക്കന്‍ സൈനികാഭ്യാസം തുടങ്ങിയെങ്കിലും ചൈനയും പ്രശ്‌നത്തില്‍ സജീവമായി പ്രതികരിക്കാന്‍ തുടങ്ങിയതിനാല്‍ സംഘര്‍ഷാവസ്ഥയ്ക്ക് താല്‍ക്കാലികമായി അയവുവരുമെന്ന് പ്രതീക്ഷിക്കാം.
ബാങ്കിങ്, മെറ്റല്‍ മേഖലയിലെ ഓഹരികള്‍ വളരെ കുറഞ്ഞ വിലയിലാണ്. അതുകൊണ്ടു തന്നെ മികച്ച രീതിയില്‍ വാങ്ങലുകള്‍ നടക്കും-ബി.എന്‍.പി പാരിബാസിലെ എ വി പി ഗൗരങ് ഷാ അഭിപ്രായപ്പെട്ടു
ഹൗസിങ് ലോണ്‍ വിവാദത്തില്‍ വിപണി അമിതാമായാണ് പ്രതികരിച്ചത്. വില നല്ലതുപോലെ കുറഞ്ഞുനില്‍ക്കുന്നതില്‍ ആഭ്യന്തര നിക്ഷേപകരും വിദേശനിക്ഷേപ സ്ഥാപനങ്ങളും കൂടുതല്‍ കടന്നുവരാനുള്ള സാധ്യതയുണ്ട്- സി.എന്‍.ഐ റിസര്‍ച്ച് സി എം ഡി കിഷോര്‍ ഓസ് പറഞ്ഞു.
അതേ സമയം കൊറിയന്‍ സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നതും ലോണ്‍ വിവാദത്തില്‍ അന്വേഷണം കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിക്കുന്നതും മൂലം വിപണി തകര്‍ച്ചയുടെ തുടര്‍ക്കഥ പറയുമെന്ന് ചിലരെങ്കിലും ആശങ്കപ്പെടുന്നു. പുതിയ നിക്ഷേപകര്‍ കാര്യങ്ങള്‍ വിശദമായി പഠിച്ചതിനുശേഷം പണം വിപണിയിലേക്കിറക്കുന്നതാണ് ബുദ്ധി.