വി.എസ് എന്നത് ആദര്‍ശപുരുഷനാണെന്ന അഭിപ്രായം ആര്‍ക്കുമില്ല. പക്ഷേ, ഇടതുപക്ഷവും വലതുപക്ഷവും തമ്മിലുള്ള വേര്‍തിരിവ് നിലനിര്‍ത്തുന്നതിനും വികസനവും ജനപക്ഷ വികസനവും തമ്മിലുള്ള വ്യത്യാസം പുറത്തുകൊണ്ടു വരുന്നതിനും അദ്ദേഹത്തിനു സാധിച്ചു. കരുണാകരനുശേഷം നെഞ്ചുറപ്പോടെ നാലാള് തനിക്കൊപ്പമുണ്ടെന്നു പറയാന്‍ കഴിയുന്ന ഒരു നേതാവാണ് വി.എസ്. അദ്ദേഹം തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതും മല്‍സരിക്കാതിരിക്കുന്നതും പാര്‍ട്ടി തീരുമാനമാണെങ്കിലും ഇന്നത്തെ സാഹചര്യത്തില്‍ അദ്ദേഹത്തിനു സീറ്റു കൊടുക്കാതിരിക്കുന്നത് പകല്‍ പോലെ വ്യക്തമാക്കുന്ന ഒരു സത്യമുണ്ട്. അഴിമതിയും സ്വജനപക്ഷപാതവും ഗുണ്ടായിസവും മാത്രം കൈമുതലാക്കിയ ഒരു സംഘം പാര്‍ട്ടിപിടിച്ചെടുത്തിരിക്കുന്നു. ഇനി കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ നിന്ന് സാമാന്യജനത്തിനു നീതി പ്രതീക്ഷിക്കേണ്ട കാര്യമില്ല. ഒന്നുകില്‍ പണമോ,, അല്ലെങ്കില്‍ പാര്‍ട്ടിയുടെ ശിങ്കിടിയോ ആയവര്‍ക്കു മാത്രം മെച്ചം കിട്ടുന്ന കാലമാണ് ഇനി വരാനിരിക്കുന്നത്. കോണ്‍ഗ്രസും കമ്യൂണിസ്റ്റ് പാര്‍ട്ടിയും തമ്മില്‍ വലിയ വ്യത്യാസമില്ലാത്ത കാലം. അച്ചടക്കം അച്ചടക്കം എന്ന ഓലപ്പാമ്പിനെ കാട്ടി വി.എസിനെ മെരുക്കിയവര്‍ക്ക് ചികഞ്ഞു നോക്കുമ്പോള്‍ മനസ്സിലാക്കും.. നിങ്ങള്‍ അച്ചടക്കലംഘനമെന്നു വിധിയെഴുതിയ കാര്യങ്ങളാണ് വി.എസ് എന്ന മനുഷ്യനെ വളര്‍ത്തിയത്. അങ്ങനെ വരുമ്പോള്‍ തെറ്റു പറ്റിയത് വി.എസിനോ പാര്‍ട്ടിക്കോ…പ്രായാധിക്യം കൊണ്ടാണ് വി.എസിന് സീറ്റ് നിക്ഷേധിക്കുന്നതെങ്കില്‍ പ്രചാരണത്തില്‍ എല്ലാ മണ്ഡലത്തിലും അദ്ദേഹം വേണമെന്ന് പാര്‍ട്ടിക്ക് വാശിപിടിക്കാനാവില്ല. ചിലര്‍ക്കുവേണ്ടി പാര്‍ട്ടി സൗകര്യപൂര്‍വം മറക്കുന്ന ഒന്നുണ്ട്. വി.എസ് മാത്രേ ഇന്നു പാര്‍ട്ടിയില്‍ ഒരു ജനകീയ നേതാവുള്ളൂവെന്ന സത്യം. ബാക്കിയെല്ലാം എസി റൂമുകളില്‍ ഉറങ്ങുന്ന എക്സിക്യുട്ടീവ് പാര്‍ട്ടി പ്രവര്‍ത്തകരാണ്. ടിവി ക്യാമറ ഓണായാല്‍ മാത്രം ആക്ടിവാകുന്നവര്‍….