ഒരിക്കലും മടുക്കാത്ത നഗരമാണ് ബെംഗലൂരു. പത്തു വര്‍ഷത്തോളം താങ്ങും തണലുമായ നഗരം. വിട്ടുപോരുക അത്ര എളുപ്പമായിരുന്നില്ല. പക്ഷേ, അങ്ങനെ ചെയ്യുന്നത് പുതിയ വാതായനങ്ങള്‍ തുറക്കുമെന്ന തിരിച്ചറിവിനെ അവഗണിക്കാനും പറ്റില്ലായിരുന്നു.
24 വര്‍ഷത്തോളം നീണ്ട കരിയറിന്റെ പകുതിയോളം കാലഘട്ടം ഡിജിറ്റല്‍ മീഡിയയിലായിരുന്നു. തുടര്‍ച്ചയായി ഒരേ രീതിയില്‍ ജോലി ചെയ്യുന്നത് ബോറടിപ്പിക്കുമെന്ന ചിന്തയില്‍ നിന്നാണ് ഒന്നു മാറ്റിപിടിയ്ക്കാമെന്നു കരുതിയത്. സെയില്‍സ്, മാര്‍ക്കറ്റിങ്, പബ്ലിക് റിലേഷന്‍ മേഖലകളെ കൂടി കണ്ടന്റിന്റെ കോര്‍ഡിനേഷനോട് കൂട്ടിച്ചേര്‍ക്കുകയാണ് ദൗത്യം. കേരളമെന്ന കൊച്ചു മാര്‍ക്കറ്റില്‍ നിന്നും മാക്സിമം നേട്ടമുണ്ടാക്കാനാകുമോ എന്ന പരീക്ഷണവും. ചോദിച്ചു വാങ്ങിയ മാറ്റം.
രണ്ടുവര്‍ഷം മുന്നെ തുടങ്ങിയ പ്ലാനിങാണ്. ‘വിഷന്‍ 2020’ എന്ന പ്രൊപ്പോസല്‍ കമ്പനി അംഗീകരിച്ചതോടെ കൊച്ചിയിലേക്കുള്ള സ്ഥലമാറ്റം യാഥാര്‍ത്ഥ്യമായി. ഈ പറിച്ചു നടല്‍ അത്ര എളുപ്പമായിരുന്നില്ല. കഴിഞ്ഞ 20-25 ദിവസം തുടര്‍ച്ചയായ ഓട്ടമായിരുന്നു. ബാംഗ്ലൂര്‍-കോഴിക്കോട്-കൊച്ചി… ഒന്നൊ രണ്ടോ തവണ ഈ പരിപാടി തന്നെ വേണ്ടിയിരുന്നില്ലെന്ന് തോന്നി.
സ്കൂള്‍ അഡ്മിഷനായിരുന്നു ഏറ്റവും വലിയ കടമ്പ. സിറ്റില്‍ നിന്ന് ഇത്തിരി വിട്ട് തൃപ്പുണിത്തുറയാണ് ആസ്ഥാനമായി തിരഞ്ഞെടുത്തത്..കാക്കനാടും ഇടപ്പള്ളിയും കറങ്ങി തിരിഞ്ഞ എനിക്ക് ഈ സ്ഥലം എന്തോ കൂടുതല്‍ ഇഷ്ടപ്പെട്ടു.