വധശിക്ഷയ്ക്ക് എല്ലാവരും എതിരാണ്..സിപിഎമ്മും എതിരാണ്. സാധാരണക്കാരനായ ഞാനും എതിരാണ്. പക്ഷേ, നിലവിലുള്ള നിയമം അനുസരിച്ച് ഗുരുതരമായ കുറ്റങ്ങള്‍ക്ക് കോടതികള്‍ വധശിക്ഷ വിധിക്കാറുണ്ട്. ഇതു മതം നോക്കിയാണെന്ന് വിശ്വസിക്കാന്‍ എനിക്കു ബുദ്ധിമുട്ടാണ്.
കോടതി പരിഗണിക്കുന്നത് മുന്നിലെത്തുന്ന തെളിവുകളും സാക്ഷി മൊഴികളുമാണ്. ഇതിന്റെ ഏറ്റക്കുറച്ചിലിന് അനുസരിച്ചാണ് വിധികള്‍ വധശിക്ഷയും ജീവപര്യന്തവുമായി മാറുന്നത്. മേമന് തെറ്റു ചെയ്തോ എന്ന് എനിക്കറിയില്ല. പക്ഷേ, 20 കൊല്ലത്തോളം കേസ് പരിഗണിച്ച കോടതികള്‍ക്ക് അയാള്‍ തെറ്റുകാരനാണ്. ഇക്കാര്യത്തില്‍ എന്നേക്കാള്‍ വിവരം കോടതിക്കുണ്ടെന്നും അതുകൊണ്ട് തന്നെ കോടതിക്കു ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിലുള്ള വിധിയായിരുന്നെന്നും വിശ്വസിക്കുന്നു.
മറ്റു പല കേസിലും മറ്റു പലരെയും കോടതി വധശിക്ഷയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ടെങ്കില്‍, അതിനും കോടതിയുടെ തലയില്‍ കയറിയിട്ട് കാര്യമില്ല. രാഷ്ട്രീയ തീരുമാനങ്ങളും അതിനോടനുബന്ധിച്ച് സര്‍ക്കാര്‍ അഭിഭാഷകര്‍ കോടതിയില്‍ എടുത്ത നിലപാടുമാണ് അത്തരം വിധികള്‍ പുറത്തുവരാന്‍ കാരണം. ചുരുക്കത്തില്‍ ഇത്രയും കാലം കേന്ദ്രം ഭരിച്ച, മഹാരാഷ്ട്ര ഭരിച്ച കോണ്‍ഗ്രസ് സര്‍ക്കാരുകളുടെ കേസിനോടുള്ള നിലപാടുകളാണ് മേമന് വധശിക്ഷ ഉറപ്പാക്കിയത്.
പറഞ്ഞു വരുന്നത് നിങ്ങള്‍ നിന്ദിക്കേണ്ടത് ഭരണകൂട നിലപാടുകളെയാണ്, നീതിപീഠത്തെയല്ല.. മലേഗാവ് സ്ഫോടനവും ഗുജറാത്ത് കലാപവും സിഖ് കലാപവും രാജീവ് ഗാന്ധി വധവുമെല്ലാം ..ഇത്തരത്തില്‍ സര്‍ക്കാര്‍ നിലപാടുകൊണ്ടാണ് ലഘൂകരിക്കപ്പെട്ടത്. ബിജെപിയും കോണ്‍ഗ്രസും ഇക്കാര്യത്തില്‍ ഒരേ പോലെ കുറ്റക്കാരാണ്.
ഗോവിന്ദച്ചാമിയുടെ വധശിക്ഷ ഒഴിവാക്കാന്‍ സിപിഎം കോടതിയില്‍ അഭിഭാഷകനെ വെയ്ക്കാന്‍ സാധ്യതയുണ്ടെന്ന സോഷ്യല്‍ മീഡിയ പരിഹാസത്തെ ഉള്‍കൊള്ളാന്‍ പാര്‍ട്ടി തയ്യാറായാല്‍ മതിയായിരുന്നു. മേമനെ തൂക്കികൊല്ലരുതെന്നും മുസ്ലീമായതുകൊണ്ടാണ് മേമനെ തൂക്കി കൊന്നതെന്നും പാര്‍ട്ടി പറയരുതായിരുന്നു. പകരം വധശിക്ഷയ്ക്കെതിരേയും അനീതിക്കെതിരേയുമാണ് പാര്‍ട്ടി ശബ്ദിക്കേണ്ടിയിരുന്നത്. അതായിരിക്കണം സിപിഎം. മേമന് മുസ്ലീമായതുകൊണ്ടു മാത്രമാണ് സിപിഎം ശബ്ദിച്ചതെന്നു പറഞ്ഞാല്‍ അദ്ഭുതപ്പെടേണ്ടതില്ല. സല്മാന് ഖാനും സിപിഎമ്മുമാണ് ഈ അനീതിയെ വര്‍ഗ്ഗീയ വത്കരിച്ച് ചെറുതാക്കി കളഞ്ഞത്.