ഒരു പ്രമുഖ ചാനലില്‍ ആര്‍ത്തവത്തിന്‍റെ ആദ്യ ദിവസം അവധി കൊടുത്തതിനെ ചിലര്‍ ആഘോഷിക്കുന്നതു കണ്ടു. തീര്‍ച്ചയായും ഈ ദിവസങ്ങളില്‍ ചില പെണ്‍കുട്ടികള്‍ക്ക് ശാരീരികമായ അസ്വസ്ഥതകള്‍ ഉണ്ടാകാറുണ്ട്. അവര്‍ക്ക് ആവശ്യമായ ലീവ് ലഭിക്കുന്നത് നല്ല കാര്യം തന്നെയാണ്. അതിനെ പിന്തുണയ്ക്കുന്നു. എന്നാല്‍ ഇത് ഭൂരിഭാഗം കന്പനികളും ഫോളോ ചെയ്യാന്‍ സാധ്യതയില്ല. കാരണം ചില കാര്യങ്ങള്‍ നമുക്കൊന്നു നോക്കാം..
——————————————————————————————————————————-
കുറഞ്ഞ ശമ്പളത്തിനെ ജീവനക്കാരെ കിട്ടാനാണ് മുതലാളി ആദ്യം പറയുക. പെണ്‍കുട്ടികളാണ് നല്ലത്. ചുരുങ്ങിയത് കല്യാണം വരെയെങ്കിലും അവരെ കിട്ടുമല്ലോ? നല്ലതുപോലെ ജോലിയും ചെയ്തോളും. പിന്നെ സ്വകാര്യം പറയും.. കല്യാണം ഉടന്‍ ഉണ്ടാകുമോ? എന്താണ് പരിപാടിയെന്ന് ഒന്നു സൂത്രത്തില്‍ തിരക്കണേ…!!!!! അല്ലെങ്കില്‍ ചോദിക്കും..കല്യാണം കഴിഞ്ഞ് കുട്ടികളൊക്കെ ആയതല്ലേ..ജോലി OK ആണെങ്കില്‍ കുഴപ്പമില്ല, ശന്പളം ഇത്രയേ കൊടുക്കാന്‍ പറ്റൂ…
ഇത്തരം സമീപനം എടുക്കുന്ന സ്ഥാപനത്തില്‍ പെണ്‍കുട്ടികളുടെ എണ്ണം ഇത്തിരി കൂടുകയും ചെയ്യും. പെണ്‍കുട്ടികളുടെതായ പല പ്രശ്‌നങ്ങള്‍ കൊണ്ട് അവര്‍ ലീവെടുക്കുമ്പോള്‍..മുതലാളി കൂളായി പറയും..ആണ്‍കുട്ടികളാണ് നല്ലത്.. പെണ്‍കുട്ടികള്‍ എപ്പോഴും തലവേദനയാണെന്ന്.. ആണ്‍കുട്ടികളാണെങ്കില്‍ ഒരു കുഴപ്പവുമില്ല.. ഇതേ മുതലാളിയാണ് കുറഞ്ഞ ശന്പളം മാത്രമേ കൊടുക്കാന്‍ കഴിയൂവെന്ന് പറയുന്നത്..
കല്യാണമെത്തിയാല്‍ മുതലാളി മാനേജരോട് സ്വകാര്യം ചോദിക്കും..അല്ലെ പോകില്ലേ? പോകുന്നില്ലെങ്കില്‍ മുതലാളിക്ക് ആധിയാണ്. കാരണം മുതലാളി പേടിയ്ക്കുന്നത് കല്യാണത്തിന്റെ ലീവിനെയാണ്. പേടി അവിടെ തീരുന്നില്ല.. എങ്ങാനും പ്രെഗ്നന്റായി പോയി.. ബെഡ് റെസ്റ്റ്.. പിന്നെ പ്രസവാവധി…അതു കഴിഞ്ഞ് കുട്ടിയെ നോക്കാന്‍ അവധി..ഇതൊക്കെ മറികടക്കാന്‍ മുതലാളി കാണുന്ന സൂത്രപ്പണിയാണ്. സൂത്രത്തില്‍ അങ്ങ് പറഞ്ഞു വിടുക.അതിന് ഓരോ കാരണമുണ്ടാക്കാന്‍ മാനേജരുടെ ചെവികടിയ്ക്കും. അയാളെ ഭീഷണിപ്പെടുത്തും.
ഇതിന് മുതലാളിമാര്‍ സ്ഥിരമെടുക്കുന്ന നമ്പറാണ്. കല്യാണത്തിന് പത്തുദിവസമേ അവധി തരൂ. ലക്ഷ്യം പോയി കിട്ടുമല്ലോ? ചില ദുഷ്ടന്മാര്‍ പറയും..അഞ്ചു ദിവസം മാത്രം…. അതു കഴിഞ്ഞ് അവധിയില്ലെന്ന് ആദ്യമേ പറഞ്ഞേക്കും. ബെഡ് റെസ്റ്റ് എങ്ങാനും പറഞ്ഞ് ലീവ് ചോദിച്ചാല്‍… കമ്പനി പോളിസി അനുസരിച്ച് ലീവ് കൂടുതല്‍ തരാന്‍ സാധിക്കില്ല.ഞാന്‍ ഒരു പതിനഞ്ച് ദിവസം ലീവ് തരാം. അതു കഴിഞ്ഞും പറ്റിയില്ലെങ്കില്‍ രാജിവെയ്ക്കുന്നതാണ് നല്ലത്. ഇവിടെ മാക്‌സിമം മുറുക്കി പിടിയ്ക്കും. കാരണം ഇതോടെ പോയില്ലെങ്കില്‍ പിന്നീട് ഒന്നര കൊല്ലത്തിന് ആ മാന്‍ പവറിനെ നോക്കണ്ട.ഇനി ആ ഘട്ടവും കടന്നാല്‍ കുട്ടിയുണ്ടെന്ന് കരുതി എക്‌സ്‌ക്യൂസൊന്നും തരാന്‍ പറ്റില്ല..ഈ രീതിയില്‍ ബുദ്ധിമുട്ടാക്കി കൊണ്ടേയിരിക്കും. എന്നാല്‍ ആണ്‍കുട്ടികള്‍ കല്യാണം കഴിഞ്ഞാല്‍ കുറച്ചു കൂടി ‘ഉത്തരവാദിത്വത്തോടെ’ ജോലിക്കു വന്നു തുടങ്ങും…പ്രശ്നം മുഴുവന്‍ പാവം പെണ്‍കുട്ടികള്‍ക്കും.
… പ്രസവാവധി കൂട്ടിയിട്ടോ…ആര്‍ത്തവ അവധി നല്‍കിയിട്ടോ കാര്യമില്ല. നമ്മുടെ തൊഴില്‍ സംസ്‌കാരമാണ് നന്നാകേണ്ടത്. സ്ത്രീകളോടുള്ള സമീപനമാണ് മാറേണ്ടത്. ചുരുക്കത്തില്‍ മുതലാളി ചിന്തിക്കുക ഇങ്ങനെയായിരിക്കും. മാസത്തില്‍ ഒരു അവധി അധികം നല്‍കേണ്ട, ആറു മാസം പ്രസവാവധിയും അതിനു ശേഷം മാസങ്ങളോളം കുട്ടിയെ നോക്കാനും(ഇതെല്ലാം കഴിഞ്ഞ് വരുമെന്ന് യാതൊരു ഉറപ്പുമില്ലാത്ത) അവധി വേണ്ട പെണ്ണിനെ വേണോ അതോ ആണിനെ വേണോ എന്നായിരിക്കും. സ്ത്രീകള്‍ക്കുള്ള തൊഴിലവസരങ്ങളാണ് നഷ്ടപ്പെടുക. ലാഭം മാത്രം വെച്ചായിരിക്കും മുതലാളി കണക്കു കൂട്ടുക. അതു മറന്നു പോകരുത്.. സോഷ്യലിസത്തില്‍ നിന്നു നമ്മള്‍ അകന്നാണ് പോകുന്നത്..
————————————————————————————————————————————–
”ആര്‍ത്തവം എന്നതു നാണക്കേടല്ല. അത് ആരോടു പറയാനും എനിക്ക് മടിയില്ല. എന്നാല്‍ അത് കന്പനിയിലെ മുതലാളിയോട് വിളിച്ചു പറഞ്ഞ് അതിന്‍റെ പേരിലുള്ള പരിഗണന വേണ്ട. അതിന്‍റെ പേരില്‍ ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടെങ്കില്‍ ലീവെടുക്കും. അത് മറ്റേത് അസുഖത്തിന്‍റെയും ലാഘവത്തോടെ തന്നെ. ആര്‍ത്തവ സംവരണത്തോട് യോജിപ്പില്ല. ഇത്തരം സംവരണം ഏര്‍പ്പെടുത്തി പിറകോട്ട് തള്ളാന്‍ അനുവദിക്കുകയുമില്ല. അവനൊപ്പം ഒരു പക്ഷേ, അവനേക്കാള്‍ നന്നായി തിളങ്ങുക തന്നെ ചെയ്യും. ”. എന്ന മുദ്രാവാക്യം ചില പെണ്‍കുട്ടികള്‍ ഉയര്‍ത്തുന്നുണ്ട്. അതേ സമയം മുതലാളി ചിന്തിക്കുന്നത്. ആ ആഴ്ച എപ്പോഴോ ആണ് അവളുടെ ഡേറ്റ്…ഈ ജോലി അവള്‍ക്ക് കൊടുക്കണ്ട…അത് അവന്‍ ചെയ്തോട്ടെ..അവള് ലീവാകും…അല്ലെങ്കില്‍ ഈ പ്രൊജക്ടില്‍ നിന്ന് അവളെ മാറ്റിക്കളയൂ.. അതേ അവള് രാജിക്കത്ത് തന്നാല്‍ സ്വീകരിച്ചേക്ക്….പകരം ഒരു ആണ്‍കുട്ടിയെ നോക്ക്….ഇതാണ് മുതലാളിയുടെ സമീപനം വരിക….എന്തായാലും ആ ചാനല്‍ എത്രമാത്രം ഇതു നടപ്പാക്കുമെന്ന് കണ്ടുതന്നെ അറിയാം..
വാല്‍ക്കഷണം: ആര്‍ത്തവദിവസം ബുദ്ധിമുട്ടുള്ളവര്‍ക്ക് ലീവ് പോലും കൊടുക്കാതെ നിര്‍ബന്ധിച്ച് ജോലി ചെയ്യിക്കുന്ന സ്ഥാപനമാണ് ചാനലെന്നും ഇത് മാറ്റി വായിക്കാം. ആര്‍ത്തവും ഉള്ളവരും ഇല്ലാത്തവരും എന്ന പരിഗണനയ്ക്കപ്പുറം വയ്യാത്തവര്‍ക്കു ലീവ് കിട്ടുന്ന സാഹചര്യം ഉണ്ടാകണം. ഇത്തരം സംവരണ കലാപരിപാടി വേണ്ടെന്നാണ് ഒരിത്..