കേരള പോലിസ് ആക്ട് 73ാം വകുപ്പ് അനുസരിച്ച് ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ ശാഖാ പ്രവര്‍ത്തനം നിരോധിക്കുന്ന ഉത്തരവ് തയ്യാറാക്കുന്നുണ്ട് പോലും. മുഖ്യമന്ത്രി കണ്ണ് കാട്ടിയാല്‍ നിയമം പ്രാബല്യത്തില്‍ വരും. എന്താ അല്ലേ…എന്നാല്‍ എന്താണ് ഇത്തരം ഒരു ഉത്തരവിന്റെ പ്രസക്തി?
സ്വാഭാവികമായും പല സംശയങ്ങളും ഉയരും. കേരളത്തില്‍ എവിടെയൊക്കെയാണ് ശാഖകള്‍ ക്ഷേത്ര കോമ്പൗണ്ടിനുള്ളില്‍ പ്രവര്‍ത്തിക്കുന്നത്? ദേവസ്വം ബോര്‍ഡിന്റെ നിയന്ത്രണത്തിലുള്ള ക്ഷേത്രങ്ങളില്‍ ആര്‍എസ്എസിന്റെ ശാഖകള്‍ പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയത് ആരാണ്? ഏതൊക്കെ ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ ശാഖകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
കണ്ണടച്ച് കേരളത്തെ കണ്ണൂരാക്കരുത്. ദേവസ്വം ക്ഷേത്രങ്ങളില്‍ ശാഖകള്‍ പ്രവര്‍ത്തിക്കുന്നത് വളരെ കുറവാണ്. കണ്ണൂരിലെ പാര്‍ട്ടി ഗ്രാമങ്ങളില്‍ ക്ഷേത്രങ്ങളെ ചുറ്റിപ്പറ്റി ആര്‍എസ്എസ് ശക്തി പ്രാപിച്ചുവരുന്നുണ്ടെന്ന് മുറവിളി കൂട്ടുന്നത് സിപിഎമ്മുകാരനല്ല, കോണ്‍ഗ്രസുകാരാണ്്. അവര്‍ പറയുന്നത് സത്യമാണു താനും. ഈ സാഹചര്യത്തെ സമാന്യവത്കരിച്ച് കണ്ണൂരിനെ കേരളമാക്കാനുള്ള ശ്രമമാണിത്. അധിക ശാഖകളും പ്രവര്‍ത്തിക്കുന്നത് കുടുംബ ക്ഷേത്രങ്ങളിലോ ആര്‍എസ്എസുകാര്‍ക്ക് നിയന്ത്രണമുള്ള ക്ഷേത്രങ്ങളോട് അനുബന്ധിച്ച സ്ഥലങ്ങളിലോ ആര്‍എസ്എസുകാരുടെ തന്നെ സ്ഥലങ്ങളിലോ ആണ്.. പിന്നെ എന്തിനാണ് ഈ കാടടച്ച വെടിയെന്നു മാത്രം മനസ്സിലാകുന്നില്ല.
സര്‍ക്കാറിന്റെ ഇത്തരം നടപടികള്‍ ആര്‍എസ്എസിനെ തഴച്ചു വളരാന്‍ മാത്രമേ സഹായിക്കൂ. കൗമാരക്കാരുടെയും യുവാക്കളുടെയും ഒരു ഒഴുക്ക് തന്നെ ആര്‍എസ്എസ് പാളയത്തിലേക്കുണ്ടെന്ന യാഥാര്‍ത്ഥ്യം ഉള്‍കൊണ്ടു വേണം ഇത്തരം കാര്യങ്ങളില്‍ തീരുമാനമെടുക്കാന്‍. പ്രത്യേകിച്ചും കമ്യൂണിസ്റ്റ് പാര്‍ട്ടി നയിക്കുന്ന ഒരു സര്‍ക്കാറിന് നിലവിലുള്ള ട്രെന്‍ഡ് പല പഴയ സംഭവങ്ങളും ഓര്‍മയിലെത്തിക്കും.. ഇത്തരം ഒരു ഒഴുക്കില്‍ നിന്നാണ് ഇന്നത്തെ സിപിഎം പോലും ശക്തി പ്രാപിച്ചത്.
ആര്‍ക്കാണ് ശാഖയില്‍ പോകാന്‍ നേരം?
ഒരു കാര്യം ഉറപ്പ് പറയാം. കേരളം ആകെ നോക്കുകയാണെങ്കില്‍ ശാഖകള്‍ ക്ഷയിച്ചു വരികയാണ്. പക്ഷേ, കണ്ണൂര്‍, കാസര്‍ക്കോട് ബെല്‍റ്റിലാണ് ഇത് കൂടുതല്‍ കരുത്താര്‍ജ്ജിച്ചു വരുന്നത്. ഈ പ്രദേശങ്ങളെ മാത്രം ലക്ഷ്യമാക്കി ഒരു ഉത്തരവിറക്കിയാല്‍ അത് ഉറങ്ങി കിടക്കുന്ന പല ശാഖകളെയും ഉയര്‍ത്തെഴുന്നേല്‍പ്പിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. സംഘടനാപരമായി ആര്‍എസ്എസിനെ കൂടുതല്‍ കരുത്താര്‍ജ്ജിക്കാന്‍ ഈ ഉത്തരവ് സഹായിക്കും.
സംഭവം വര്‍ഗ്ഗീയമാകുമ്പോള്‍
സിപിഎമ്മിന്റെ മതനിരപേക്ഷത ന്യൂനപക്ഷ പ്രീണനമാണെന്ന് സംഘപരിവാര സംഘടനകള്‍ പണ്ടേ പരാതി പറയുന്ന കാര്യമാണ്. ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട സംഘടനാപ്രവര്‍ത്തനവും ആയുധനപരിശീലനവുമാണ് പിണറായി സര്‍ക്കാര്‍ നിരോധിക്കാന്‍ നോക്കുന്നത്. അത് ഉണ്ടെന്ന് അംഗീകരിക്കുന്നത് മറ്റു ചിലത് ഇല്ലെന്ന അംഗീകരിക്കല്‍ കൂടിയാണെന്നതാണ് വാസ്തവം.
നിങ്ങള്‍ക്ക് മുസ്ലീം പള്ളികളില്‍ കയറാന്‍ ധൈര്യമുണ്ടോ? ഇത്തരമൊരു ഉത്തരവ് മുസ്ലീം ക്രിസ്ത്യന്‍ പള്ളികളെ ലക്ഷ്യമാക്കി ഇറക്കാന്‍ ധൈര്യമുണ്ടോ? എന്നിട്ടല്ലേ അവിടെ നിന്ന് ഒരുത്തനെ അറസ്റ്റ് ചെയ്യുന്നത്. അതേ, ഹിന്ദുക്കള്‍ സംഘടിതമായി നില്‍ക്കാത്തതാണ് ഇത്തരം കുതിരകയറലിനു കാരണമെന്ന് സംഘികള്‍ക്ക് മുറവിളി കൂട്ടാനുള്ള ഒരു അവസരമാണിത് നല്‍കുന്നത്. ഇത്തരം വിഷയങ്ങളെ കൂടുതല്‍ ഗൗരവബോധത്തോടെ സമീപിക്കാന്‍ പിണറായി സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ ബിജെപി ഒരു സീറ്റില്‍ നിന്നും പത്തുസീറ്റിലേക്ക് എളുപ്പത്തില്‍ വളരുമെന്ന കാര്യത്തില്‍ സംശയം വേണ്ട.