വൃശ്ചികമാസം തുടങ്ങികഴിഞ്ഞാല്‍ കറുപ്പുടുക്കല്‍ ഇന്നു സര്‍വസാധാരണമായിരിക്കുന്നു. (അതിനി ഏത് വ്രതകാലമായാലും)….എല്ലാരും പോണു മലയ്ക്ക് ഞാനും പോണു മലയ്ക്ക്…എന്ന മട്ടിലാണ് പലരുടെയും യാത്ര.ഇത്തരത്തില്‍ യാത്രയാവുന്ന ചിലരുടെ കാര്യം പറയാതെ വയ്യ..ഒരിക്കല്‍ കൂടി പറയട്ടെ ചിലരുടെ കാര്യം..
അതുവരെ എങ്ങനെ?
കറുപ്പുടുക്കുന്നതുവരെ തീര്‍ത്തും കുത്തഴിഞ്ഞ ജീവിതം നയിയ്ക്കുക..അതിനുശേഷം കുറച്ചുദിവസം രാവിലെ കുളിച്ച്…മീന്‍ കൂട്ടാതെ…അങ്ങനെ നടക്കുക. എന്നാല്‍ സിഗരറ്റ് വലിയോ,പാന്‍ തുടങ്ങിയ ദുശ്ശീലങ്ങളോ ഇവന്‍ മാറ്റിനിര്‍ത്തുന്നില്ല. മദ്യപിക്കാതിരിക്കുന്നത് അത് ഇതിലും വലിയ പാപമാണെന്ന ബോധം സമൂഹത്തിനുള്ളതുകൊണ്ട് ഭൂരിഭാഗവും അതിനു മുതിരുന്നില്ല. ഈ ഒരു കമേഴ്‌സ്യല്‍ ബ്രെയ്ക്ക് മാത്രമല്ലേ.. ഇതുകൊണ്ടു സാധിക്കുന്നുള്ളൂ..
തിരിച്ചുള്ളവരവ്
പലരും തിരിച്ചുവരുന്നത് കൈയില്‍ ഒരു മീന്‍പൊതിയും അന്തിക്കുള്ള കുപ്പിയുമായിട്ടാണ്. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ കറുപ്പഴിക്കല്‍ ആഘോഷമാണ്. അവര്‍ പൂര്‍വാധികം ശക്തിയോടെ പഴയ ജീവിതത്തിലേക്ക് തിരിച്ചെത്തുന്നു. നഷ്ടമായ കുറച്ചുദിവസങ്ങളെ മുതലും പലിശയും ചേര്‍ത്ത് മുതലാക്കിയെടുക്കുന്നു.
എവിടെയാണ് പിഴയ്ക്കുന്നത്
ആത്മീയത കച്ചവടമാകുമ്പോള്‍ അതുമായി ബന്ധപ്പെട്ട എല്ലാത്തിനും മൂല്യ തകര്‍ച്ച സംഭവിക്കും. വിശ്വാസം സൗകര്യത്തിനനുസരിച്ചാവും. പരമകാരുണ്യവാനോടുപോലും ഉപാധികളോടെയായിരിക്കും പ്രാര്‍ഥന. എനിക്ക് അതു കിട്ടിയാല്‍ ഞാനത് ചെയ്യാം…എന്നാണ് സര്‍വശക്തനോടും പോലും പറയുക. 41 ദിവസത്തെ ശാന്തമായ ജീവിതം മുന്നോട്ടുള്ള ദിവസങ്ങളില്‍ വഴിതെളിയിക്കാനുള്ള വെളിച്ചമായി മാറണം. സ്വാമിമാരെല്ലാം കുത്തഴിഞ്ഞ ജീവിതം നയിക്കുന്നവരാണെന്ന് ഞാന്‍ മുകളില്‍ പറഞ്ഞ ഒന്നും അര്‍ഥമാക്കുന്നില്ല. പക്ഷേ, ഇന്ന് വിശ്വാസം ഫാഷനായി മാറിയിരിക്കുന്നു. വിശ്വാസമാണ്(അതെന്തിലുമാവട്ടെ,,,കല്ലിലായാലും തൂണിലായാലും തുരുമ്പിലായാലും..അതൊരു ശൂന്യതയായാലും) എല്ലാം.. നല്ല വിശ്വാസം നല്ല ജനങ്ങളെ സൃഷ്ടിക്കും.. നല്ല ജനങ്ങള്‍ നല്ല സമൂഹത്തെയും നല്ല സമൂഹം നല്ല രാജ്യത്തെയും..വിശ്വാസങ്ങള്‍ അന്ധവിശ്വാസങ്ങളായിരിക്കുന്ന ഈ കാലത്ത് നമുക്ക് നല്ല വിശ്വാസികളാവാന്‍ ശ്രമിക്കാം.