എന്താണ് സൈറ്റ് റാങ്കിങ്? അതെങ്ങനെ മെച്ചപ്പെടുത്താം?

ഓരോ പത്രവും എത്ര കോപ്പികള്‍ പ്രിന്റ് ചെയ്യുന്നുണ്ട്? എത്ര വായനക്കാരുടെ കൈകള്ിലെത്തുന്നുണ്ട്? ഒരു ചാനല്‍ അല്ലെങ്കില്‍ ടിവി ഷോ കാണുന്ന ആളുകളുടെ എണ്ണം എത്ര? ഇത്തരത്തിലുള്ള കാര്യങ്ങള്‍ കണ്ടെത്താന്‍ നമുക്കു മാര്‍ഗ്ഗങ്ങളുണ്ട്. അതുപോലെ തന്നെയാണ് ഒരു വെബ്‌സൈറ്റ് എത്ര ആളുകള്‍ വായിക്കുന്നുണ്ട്? അവര്‍ ഏതെല്ലാം രാജ്യങ്ങളില്‍ നിന്നുളളവരാണ്? അവര്‍ക്ക് ഇഷ്ടപ്പെട്ട വിഷയം എന്താണ്? ഇതെല്ലാം തിരിച്ചറിയാന്‍ സാധിക്കും. സൈറ്റ് ഹോസ്റ്റ് ചെയ്ത സെര്‍വറില്‍ ഇതിനുള്ള സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ടാവും.
ഇത്തരത്തിലുള്ള ഡാറ്റകള്‍ വിശകലനം ചെയ്ത് തയ്യറാക്കുന്നതാണ് റാങ്കിങ്. അതില്‍ വായനക്കാരുടെ എണ്ണം, അവര്‍ എത്ര സമയം സൈറ്റ് വായിച്ചു, എന്തെല്ലാം ഡൗണ്‍ലോഡ് ചെയ്തു? എന്തെല്ലാം അപ്‌ലോഡ് ചെയ്തു? കീവേഡുകളുടെ പ്രത്യേകത ഇത്തരത്തില്‍ നിരവധി കാര്യങ്ങള്‍ പരിഗണിച്ചാണ് ഒരു സൈറ്റിന് ആഗോള റാങ്കിങും ദേശീയ റാങ്കിങും തീരുമാനിക്കുന്നത്. തീര്‍ച്ചയായും നിങ്ങളുടെ സൈറ്റിന്റെ വാണിജ്യമൂല്യം അളക്കുന്നതിനുള്ള അളവ് കോലാണിത്. നിങ്ങളുടെ സൈറ്റില്‍ മികച്ച പരസ്യങ്ങള്‍ ലഭിക്കുന്നതിനും മെച്ചപ്പെട്ട റാങ്ക് അത്യാവശ്യമാണ്.
നിങ്ങളുടെ സൈറ്റ് കൈകാര്യം ചെയ്യുന്ന വിഷയവുമായി നിരവധി സൈറ്റുകള്‍ ഇന്റര്‍നെറ്റിലുണ്ടാവും. തുടക്കത്തില്‍ ഒരേ കീ വേഡുകള്‍ ഉള്ള സൈറ്റുകള്‍ തമ്മിലാണ് റാങ്കിനായി പോരാടുക. ഉദാഹരണത്തിന് കേരള വാര്‍ത്തകളാണ് നിങ്ങളുടെ സൈറ്റിലെ പ്രധാനവിഷയമെങ്കില്‍ kerala news, news kerala, kerala breaking news, kerala flash news, malayalamnews ഇത്തരത്തിലുള്ള കീവേര്‍ഡുകളുമായിട്ടായിരിക്കും നിങ്ങളുടെ സൈറ്റ് പോരാടേണ്ടി വരിക.( ഒരു സൈറ്റ് ഉണ്ടാക്കുമ്പോള്‍ സെര്‍ച്ച് എന്‍ജിനുകളില്‍ എളുപ്പത്തില്‍ ലഭിക്കുന്നതിനുവേണ്ടി മെയിന്‍ പേജ് ഹെഡ്ഡറിലായി meta tag, keywords, description എന്നിവ നല്‍കും. കൂടാതെ ഓരോ വാര്‍ത്തയ്ക്കും അല്ലെങ്കില്‍ ഓരോ പോസ്റ്റിനും അനുയോജ്യമായ വാക്കുകളും നല്‍കാറുണ്ട്.). മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ കീവേഡുകളും സാങ്കേതികമായ മറ്റു ഘടകങ്ങളും കൂടി പരിശോധിച്ചതിനുശേഷം എത്ര വെബ്‌സൈറ്റുകള്‍ നിങ്ങളുടെ സൈറ്റിനു മുന്നിലും പിന്നിലുമുണ്ടെന്ന കണ്ടെത്തലാണ് റാങ്കിങ്. ഈ സെര്‍ച്ചിങ് ഫലത്തെ അനുസരിച്ചുള്ള ഓര്‍ഡറാണ് റാങ്കിങ്.
ഗൂഗിള്‍, യാഹൂ, ബിങ് സെര്‍ച്ച് എന്‍ജിനുകള്‍ തുടര്‍ച്ചയായി വെബ്‌സൈറ്റുകള്‍ റിവ്യു ചെയ്യുകയും crawl എന്നറിയപ്പെടുന്ന സാങ്കേതികപ്രക്രിയയിലൂടെ സൈറ്റ് ഓര്‍ഡറുകള്‍ അപ് ഡേറ്റ് ചെയ്യുകയും ചെയ്യും. എന്നാല്‍ എങ്ങനെയാണ് ഈ റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നതെന്ന് അധിക സെര്‍ച്ച് എന്‍ജിനുകളും കൃത്യമായി പുറത്തുവിട്ടിട്ടില്ല. അതുകൊണ്ടുതന്നെയാണ് ചിലരെങ്കിലും ഈ റാങ്കിങ് ഒരു തട്ടിപ്പാണെന്ന് അഭിപ്രായപ്പെടുന്നത്.
എങ്കിലും റാങ്കിനെ നിര്‍ണയിക്കുന്ന പ്രധാനഘടകങ്ങളെ ഇങ്ങനെ ചുരുക്കി പറയാം.
1 കീവേഡുകളുടെ പ്രാധാന്യം
2 എച്ച്.ടി.എം.എല്‍ കോഡുകള്‍: വേള്‍ഡ് വൈഡ് വെബ് കണ്‍സോര്‍ട്ടിയം അല്ലെങ്കില്‍ w3c സ്റ്റാന്‍ഡേര്‍ഡ് കീപ്പ് ചെയ്യുന്ന കോഡുകളാണ് സൈറ്റില്‍ ഉപയോഗിക്കേണ്ടത്.
3 വെബ്‌സൈറ്റിന്റെ പോപ്പുലാരിറ്റി: സൈറ്റ് എത്ര ആളുകള്‍ സന്ദര്‍ശിക്കുന്നുണ്ടെന്നതും റാങ്ക് നിര്‍ണയത്തില്‍ നിര്‍ണായകമാണ്. മറ്റു വെബ്‌സൈറ്റുകള്‍ നിങ്ങളുടെ സൈറ്റിന്റെ ലിങ്ക് നല്‍കുമ്പോഴാണ് ഒരു സൈറ്റ് കൂടുതല്‍ പ്രചാരം നേടുന്നത്.
മെറ്റാ ടാഗുകള്‍: സൈറ്റിന്റെ ഉള്ളടക്കം വ്യക്തമാക്കുന്നതിന് പ്രധാന പേജിലേയോ ഉപ പേജിലേയോ കോഡില്‍ ഉപയോഗിക്കുന്ന വാക്കുകള്‍.
ഡൊമെയ്ന്‍ നെയിം: തീര്‍ച്ചയായും നിങ്ങളുടെ സൈറ്റിന്റെ പേരും നിര്‍ണായകമാണ്. സെര്‍ച്ച് ചെയ്യപ്പെടാന്‍ സാധ്യതയുള്ള ഒരു വാക്കാണ് നിങ്ങളുടെ സൈറ്റിന്റേതെങ്കിലും തീര്‍ച്ചയായും അത് റാങ്കിലും പ്രതിഫലിക്കും.
ഒറിജിനല്‍ കണ്ടന്റ്: നിങ്ങളുടെ സൈറ്റിലുള്ള കാര്യങ്ങള്‍ നിങ്ങളുടെ സ്വന്തമായിരിക്കണം. മറ്റേതെങ്കിലും സൈറ്റില്‍ നിന്നെടുക്കുന്ന വാര്‍ത്തകളോ ടെക്‌സ്‌റ്റോ സെര്‍ച്ചിങില്‍ വ്യക്തമാവും.
നിങ്ങളുടെ cpanel or cpയില്‍ നിന്ന് സൈറ്റിലേക്കെത്തുന്ന സന്ദര്‍ശകരുടെ എണ്ണം, അവര്‍ സന്ദര്‍ശിച്ച സമയം, ചെലവഴിച്ച സമയം, ഏത് രാജ്യത്തുനിന്നാണ് തുടങ്ങി നിരവധി വിവരങ്ങള്‍ അറിയാന്‍ സാധിക്കും. ഈ കണ്‍ട്രോള്‍ പാനല്‍ കൈയിലില്ലാത്തവര്‍ http://www.google.com/analytics/ ല്‍ രജിസ്റ്റര്‍ ചെയ്ത് ഈ വിവരങ്ങള്‍ സ്വന്തമാക്കാം.
റാങ്കിങ് പരിഗണിക്കുന്നതിന് അലക്‌സാ റാങ്കി(http://www.alexa.com)നെയാണ് അധികപേരും ആശ്രയിക്കുന്നത്. സൈറ്റിലേക്ക് പരസ്യം ലഭിക്കുന്നതിനും സൈറ്റിനെ വിലയിരുത്തുന്നതിനും ഇത് നിര്‍ണായകമാണ്. പണം നല്‍കിയാല്‍ നിങ്ങളുടെ സൈറ്റില്‍ എന്തൊക്കെ മാറ്റം വരുത്തിയാല്‍ റാങ്കിങ് മെച്ചപ്പെടുത്താമെന്ന് അലക്‌സ വ്യക്തമാക്കും. റാങ്കിങ് വലിയ തട്ടിപ്പാണെന്ന് പറയുന്നവരുടെ വാദമനുസരിച്ച് അലക്‌സയുടെ ഈ നടപടിയും തട്ടിപ്പാണ്.