എല്‍ ആന്റ് ടിയ്ക്കും അശോക് ലെയ്‌ലന്റിനും മികച്ച ലാഭം, വിപണി നേട്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: റിലയന്‍സ് ഇന്‍ഡസ്ട്രീസ്, എല്‍ ആന്റ് ടി, ഒ.എന്‍.ജി.സി തുടങ്ങിയ മുന്‍നിര കമ്പനികളുടെ കരുത്തില്‍ ഇന്ത്യന്‍ ഓഹരി വിപണിയില്‍ ഇന്നു പച്ചക്കത്തി. തുടര്‍ച്ചയായ മൂന്നു ദിവസത്തെ നഷ്ടത്തിനുശേഷമാണ് വിപണി ലാഭത്തിലേക്ക് തിരിച്ചെത്തുന്നത്.
കണ്‍സ്ട്രക്ഷന്‍-എന്‍ജിനീയറിങ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന എല്‍ ആന്റ് ടിയുടെയും വാഹനനിര്‍മാതാക്കളായ അശോക് ലെയലന്റിന്റെയും മികച്ച നാലാംപാദ പ്രവര്‍ത്തന റിപ്പോര്‍ട്ടുകളാണ് വിപണിയ്ക്ക് അനുഗ്രഹമായത്. മുബൈ ഓഹരി സൂചികയായ സെന്‍സെക്‌സ് 55.20 പോയിന്റുയര്‍ന്ന് 18141.40ലും ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 7.5 പോയിന്റുയര്‍ന്ന് 5428.10ലുമാണ് ക്ലോസ് ചെയ്തത്.
എല്‍ ആന്റ് ടി നാലാം പാദത്തില്‍ 17.2 ശതമാനം അധികലാഭം സ്വന്തമാക്കിയപ്പോള്‍ അശോക് ലെയ്‌ലന്റിന് മാര്‍ച്ച് 31നവസാനിച്ച സാമ്പത്തിക പാദത്തില്‍ 33.93 ശതമാനം നേടാനായി.
ഹിന്ദ് കോപ്പര്‍(11.41%), പാന്റലൂണ്‍ റീട്ടെയ്ല്‍(6.51%), എല്‍ ആന്റ് ടി(5.92%), അശോക് ലെയ്‌ലന്റ്(4.18%), എച്ച്.എം.ടി(3.9%) എന്നീ കമ്പനികളാണ് ഇന്നേറ്റവുമധികം നേട്ടമുണ്ടാക്കിയത്. അതേ സമയം പാട്‌നി കംപ്യൂട്ടേഴ്‌സ്, വോള്‍ട്ടാസ്, യൂനിടെക്, ഇന്ത്യാ ബുള്‍ ഫിന്‍സര്‍വീസ്, ശ്രീ സിമന്റ് ഓഹരികള്‍ക്ക് ഇന്നു കാര്യമായ നഷ്ടം സംഭവിച്ചു.
മറ്റു ഓഹരികള്‍ പരിഗണിക്കുമ്പോള്‍ സ്‌കൂട്ടര്‍ ഇന്ത്യയുടെ പ്രകടനം എടുത്തുപറയേണ്ടതാണ്. ഒരു കാലത്ത് വിജയ്,ലംബ്രട്ടാ ബ്രാന്‍ഡ് സ്‌കൂട്ടറുകളുമായി വിപണിയില്‍ ശക്തമായ സ്വാധീനമുണ്ടായിരുന്ന കമ്പനിയുടെ സര്‍ക്കാര്‍ ഓഹരികള്‍ വിറ്റഴിക്കാനുള്ള തീരുമാനമാണ് ഓഹരി മൂല്യം കൂട്ടിയത്. ഇതോടെ ഇപ്പോള്‍ അടച്ചിട്ടിരിക്കുന്ന കമ്പനി സ്വകാര്യനിയന്ത്രണത്തിലാവും.  അഞ്ചുശതമാനം വര്‍ധനവോടെ 38.40ലാണ് സ്‌കൂട്ടേഴ്‌സ് ഇന്ത്യയുടെ ഓഹരികള്‍ വില്‍പ്പന നിര്‍ത്തിയത്.
അതേ സമയം, വിപണിയില്‍ ഇപ്പോഴുള്ള  മാന്ദ്യം തുടരാനാണ് സാധ്യതയെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു. പണത്തിന്റെ ഒഴുക്കില്‍ കാര്യമായ തടസ്സം വരുന്നുണ്ടെന്നതാണ് ഇതിനു പ്രധാനകാരണം. യൂറിയ, ഡീസല്‍ എന്നിവയുടെ വിലനിയന്ത്രണകാര്യത്തില്‍ നയപരമായ ചില തീരുമാനങ്ങള്‍ പുറത്തുവരുമെന്ന ആശങ്കയും സജീവമാണ്. ഈ സമയത്ത് സാധാരണ നിക്ഷേപകര്‍ ഡെയ്‌ലി ട്രേഡിങില്‍ നിന്നു വിട്ടുനില്‍ക്കുന്നതാണ് നല്ലത്. വാങ്ങി സൂക്ഷിക്കാവുന്ന ചില ഓഹരികള്‍: എച്ച്.എം.ടി: ഈ ഓഹരി 59.50 എന്ന ലെവലില്‍ വാങ്ങി 63 രൂപയിലെത്തുമ്പോള്‍ ഒഴിവാക്കാവുന്നതാണ്. 57.50ഉം ഭേദിച്ച് താഴേക്കു പോവുന്നുവെങ്കില്‍ വിറ്റൊഴിവാക്കണം. ഹിന്‍ഡാല്‍കോ,ഒ.എന്‍.ജി.സി, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഐ.ഡി.എഫ്.സി, ജൂബിലന്റ് ഫുഡ്, എച്ച്.സി.എല്‍ ഇന്‍ഫോ തുടങ്ങിയ ഓഹരികളും വാങ്ങാന്‍ പറ്റിയ സമയമാണ്.