‘എല്‍ ക്ലാസിക്കോ യുദ്ധം’


എല്‍ ക്ലാസിക്കോ എന്ന സ്പാനിഷ് വാക്കിന് ഒരൊറ്റ അര്‍ഥമേയുള്ളൂ. അതു റയല്‍ മാഡ്രിഡും എഫ്.സി ബാഴ്‌സലോണയും തമ്മിലുള്ള ഫുട്‌ബോള്‍ പോരാട്ടമാണ്. സ്പാനിഷ് ലീഗിലും യൂറോപ്യന്‍ ചാംപ്യന്‍സ് ലീഗിലും ഇരുരാജ്യങ്ങളും ഏറ്റുമുട്ടുമ്പോള്‍ എല്‍ ക്ലാസ്സിക്കോ എന്ന വെണ്ടയ്ക്ക നിരത്തി പത്രങ്ങള്‍ ആഘോഷത്തിനിറങ്ങും. കായിക ലോകത്തെ ഏറ്റവും പഴക്കവും ആഴവുമേറിയ ശത്രുതയാണിത്.  ലോകത്ത് ഏറ്റവുമധികം ആളുകള്‍ കാണുന്ന കായികയുദ്ധങ്ങളിലൊന്നാണിത്. കഴിഞ്ഞ 16 ദിവസത്തെ കണക്കുപരിശോധിക്കുകയാണെങ്കില്‍ ഇരു ടീമുകളും മൂന്നു തവണ മുഖാമുഖമെത്തി…ലോകമെമ്പാടുമുള്ള ഫുട്‌ബോള്‍ പ്രേമികളെ ആവേശത്തിന്റെ കുന്തമുനയില്‍ നിര്‍ത്തിയ മണിക്കൂറുകള്‍,,,കോടിക്കണക്കിന് ജനങ്ങളാണ് മല്‍സരം കാണാനായി സ്റ്റേഡിയത്തിലേക്കും ടെലിവിഷനുകള്‍ക്കുമുന്നിലും ഒഴുകിയെത്തിയത്.
സ്‌പെയിനിലെ രണ്ടു പ്രമുഖ നഗരങ്ങളാണ് മാഡ്രിഡും ബാഴ്‌സലോണയും. ഏറെ സമ്പത്തുള്ള ഈ രണ്ടു ക്ലബ്ബുകളുടെ വീറും വാശിയും വര്‍ധിപ്പിക്കുന്നതിന് ചില രാഷ്ട്രീയഘടകങ്ങളുമുണ്ട്. റയല്‍ മാഡ്രിഡ് പലപ്പോഴും സ്പാനിഷ് ദേശീയതയെ പ്രതിനിധീകരിക്കുമ്പോള്‍ ബാഴ്‌സലോണ കാറ്റലന്‍ ദേശീയതയുടെ പ്രതീകമാണ്. കാറ്റലന്‍ മേഖലയ്ക്ക് കൂടുതല്‍ സ്വയംഭരണം അനുവദിയ്ക്കുകയെന്നത് ഇന്ത്യയില്‍ കശ്മീര്‍ പോലെ സ്‌പെയിനില്‍ എന്നും സജീവമായ വിഷയമാണ്. ചുരുക്കത്തില്‍ കായിക വൈര്യത്തിന് ആക്കം കൂട്ടുന്ന, അത്രയോ അതിലേറെയോ പ്രാധാന്യമുള്ള സാമ്പത്തിക, രാഷ്ട്രീയഘടകങ്ങള്‍ എന്നും സജീവമാണ്. അതുകൊണ്ടു തന്നെ ഇരു ടീമുകളും തമ്മിലുള്ള മല്‍സരം പലപ്പോഴും ഒരു കളിയെന്ന തലത്തില്‍ നിന്നു മാറുന്നു. ക്രിക്കറ്റില്‍ ഇന്ത്യയും പാകിസ്താനും ഏറ്റുമുട്ടുമ്പോള്‍ രാഷ്ട്രീയവും അതില്‍ കൂടികലരുന്നത് നമ്മള്‍ പലപ്പോഴും തിരിച്ചറിയാറുണ്ട്. ക്രിക്കറ്റിനെക്കാളും സിരകളെ ചൂടുപിടിപ്പുന്ന വികാരമാണ് ഫുട്‌ബോള്‍. തീര്‍ച്ചയായും കളിയ്‌ക്കൊപ്പം മറ്റു വൈകാരികതലങ്ങള്‍ കൂടി ചേരുമ്പോള്‍ അത് ജീവനും മരണത്തിനുമിടയിലുള്ള പോരാട്ടമായി പലപ്പോഴും മാറുന്നു.
1950ലാണ് ഇരു ടീമുകളും തമ്മില്‍ ഏറ്റവും രൂക്ഷമായ ഏറ്റുമുട്ടലുകള്‍ തുടങ്ങുന്നത്. ആല്‍ഫ്രെഡോ ഡി സ്‌റ്റെഫാനോ എന്ന അര്‍ജന്റീനിയന്‍ താരത്തിന്റെ ട്രാന്‍സ്ഫറുമായി ബന്ധപ്പെട്ടായിരുന്നു ഇത്. താരം ഞങ്ങളുടെ ക്ലബ്ബിലാണെന്നു ഇരു ടീമുകളും ഒരു പോലെ അവകാശവാദമുന്നയിച്ചു. ഒടുവില്‍ ഫുട്‌ബോളിന്റെ അന്താരാഷ്ട്രസംഘടനയായ ഫിഫ ഇടപ്പെട്ടു. ഓരോ സീസണില്‍ ഓരോ ടീമിനായി താരത്തെ കളിപ്പിക്കണമെന്ന് നിര്‍ദ്ദേശിച്ചു. മാഡ്രിഡിനുവേണ്ടി കളിയ്ക്കാനിറങ്ങിയ ഡി സ്റ്റെഫാനോ ബാഴ്‌സലോണയ്‌ക്കെതിരേയുള്ള മല്‍സരത്തില്‍ രണ്ടു തവണ നിറയൊഴിച്ചു. 1960ല്‍ യൂറോപ്യന്‍ കപ്പില്‍ ഇരുടീമുകളും മുഖാമുഖമെത്തിയപ്പോള്‍ വിജയം മാഡ്രിഡിനായിരുന്നു. എന്നാല്‍ 1961ല്‍ വിജയിച്ചുകൊണ്ട് ബാഴ്‌സലോണ ഇതിനു പകരം വീട്ടി.
2002ലെ ചാംപ്യന്‍സ് ലീഗ് സെമിഫൈനലിനെ നൂറ്റാണ്ടിന്റെ മല്‍സരമെന്നാണ് സ്പാനിഷ് മാധ്യമങ്ങള്‍ വിശേഷിപ്പിച്ചിരുന്നത്. ഏകദേശം 500 മില്യന്‍ ആളുകളാണ് മല്‍സരം വീക്ഷിച്ചത്.  ബാഴ്‌സലോണയില്‍ നടന്ന മല്‍സരത്തില്‍ മാഡ്രിഡ് 2-1നു വിജയിച്ചപ്പോള്‍ മാഡ്രിഡില്‍ ഇരുടീമുകളും 1-1നു സമനിലയില്‍ പിരിഞ്ഞു. നവംബര്‍ 2005ല്‍ നടന്ന ക്ലാസിക്കോ പോരാട്ടത്തില്‍ ബാഴ്‌സലോണ 3-0ന്റെ തകര്‍പ്പന്‍ വിജയം സ്വന്തമാക്കി. ഈ മല്‍സരത്തിലെ സൂപ്പര്‍ താരം റൊണാള്‍ഡീഞ്ഞോയായിരുന്നു.
താരങ്ങളുടെ ക്ലബ്ബ് ട്രാന്‍സ്ഫര്‍ സമയത്തുപോലും ഇരുടീമുകളുടെയും വീറും വാശിയും പ്രകടമായിരിക്കും. ഇരുടീമുകളില്‍ നിന്നും താരങ്ങളെ അടത്തിയെടുക്കാന്‍ വേണ്ടി കോടികളാണ് വാരിയെറിയാറുള്ളത്.
1929 മുതലുള്ള സ്പാനിഷ് ലീഗ് മല്‍സരങ്ങളുടെ കണക്കുപരിശോധിക്കുകയാണെങ്കില്‍ ഇരുടീമുകളും 162 മല്‍സരങ്ങളില്‍ ഏറ്റുമുട്ടിയപ്പോള്‍ 68 മല്‍സരങ്ങളില്‍ റയല്‍ മാഡ്രിഡ് വിജയിച്ചപ്പോള്‍ ബാഴ്‌സലോണ 63 മല്‍സരങ്ങളില്‍ മുന്നിലെത്തി. 31 മല്‍സരങ്ങള്‍ സമനിലയില്‍ അവസാനിച്ചു. മാഡ്രിഡ് മൊത്തം മല്‍സരങ്ങളില്‍ 259 ഗോളുകള്‍ അടിച്ചുകൂട്ടിയപ്പോള്‍ ബാഴ്‌സലോണ 252 തവണ ലക്ഷ്യം കണ്ടു.
1902ല്‍ ആരംഭിച്ച കോപാ ഡെല്‍ റേ ടൂര്‍ണമെന്റില്‍ 29 തവണ ഇരുടീമുകളും നേര്‍ക്കു നേര്‍ പോരാട്ടത്തിനിറങ്ങി. റയല്‍ മാഡ്രിഡ് പത്തുതവണ വിജയതീരത്തടുത്തപ്പോള്‍ ബാഴ്‌സലോണ 14 തവണ വെന്നിക്കൊടിനാട്ടി. അഞ്ചു മല്‍സരങ്ങള്‍ വ്യക്തമായ ഫലം കാണാതെ പിരിഞ്ഞു.
സ്പാനിഷ് സൂപ്പര്‍ കപ്പ് ഫലം പരിശോധിക്കുകയാണെങ്കില്‍ മാഡ്രിഡിനാണ് മുന്‍തൂക്കം. എട്ടുമല്‍സരങ്ങളില്‍ അഞ്ചെണ്ണത്തില്‍ മാഡ്രിഡ് വിജയിച്ചു. രണ്ടെണ്ണത്തില്‍ ബാഴ്‌സ മുന്നേറ്റം നടത്തിയപ്പോള്‍ ഒരു മല്‍സരം സമനിലയിലായി. യുവേഫ ചാ്ംപ്യന്‍സ് ലീഗില്‍ ഇതുവരെ ഏഴു തവണ ഇരുടീമുകളും മുഖാമുഖമെത്തി. അതില്‍ മൂന്നു തവണ മാഡ്രിഡും രണ്ടു തവണ ബാഴ്‌സലോണയും വിജയിച്ചപ്പോള്‍ രണ്ടു മല്‍സരത്തില്‍ തുല്യത പാലിച്ചു.

ഈ സീസണില്‍ ഇതുവരെ ഇരുടീമുകളും നാലുതവണ ഏറ്റുമുട്ടി. സ്പാനിഷ് ലീഗിലായിരുന്നു ഇരുടീമുകളുടെയും ആദ്യ യുദ്ധം. ബാഴ്‌സലോണയുടെ ഹോം ഗ്രൗണ്ടായ നു കാംപില്‍ മാഡ്രിഡിനെ അഞ്ചു ഗോളുകള്‍ക്കാണ് തൂത്തെറിഞ്ഞത്. സാവി, പെഡ്രോ, വില്ല(രണ്ട്), ജെഫേഴ്‌സണ്‍ എന്നിവര്‍ ആതിഥേയര്‍ക്കുവേണ്ടി വലകുലുക്കി. എന്നാല്‍ മാഡ്രിഡിലെത്തിയപ്പോള്‍ കഥമാറി. മെസ്സി നേടിയ ഒരു ഗോളിനു പിന്നിലായിരുന്നെങ്കിലും 82ാം മിനിസ്സില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഒപ്പമെത്തിച്ചു.
പിന്നീട് കിങ്‌സ് കപ്പിന്റെ ഫൈനലിലാണ് ചിരവൈരികള്‍ പോരാട്ടത്തിനിറങ്ങിയത്. വലന്‍സിയയിലെ മെസ്റ്റല്ല സ്‌റ്റേഡിയത്തില്‍ നടന്ന വാശിയേറിയ പോരാട്ടത്തില്‍ ബാഴ്‌സലോണയെ ഒരൊറ്റ ഗോളിനു തോല്‍പ്പിച്ചു. നിശ്ചിതസമയത്ത് ഇരുടീമുകളും ഗോളൊന്നുമടിക്കാതെ തുല്യത പാലിച്ചു. അധികസമയത്ത്  സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ വകയായിരുന്നു വിജയഗോള്‍. ജോസ് മൊറിഞ്ഞോ കോച്ചായി ചുമതലയേറ്റെടുത്തതിനുശേഷം സ്വന്തമാക്കുന്ന ആദ്യ കിരീടം കൂടിയായിരുന്നു ഇത്.
ഇതിനു പകരം വീട്ടാനുറച്ച് സാന്റിയാഗോ ബെര്‍ണാബൂ സ്‌റ്റേഡിയത്തില്‍ യൂറോപ്യന്‍ ചാംപ്യന്‍ലീഗിലെ ആദ്യപാദ സെമി മല്‍സരത്തിനിറങ്ങിയ ബാഴ്‌സലോണയ്ക്കു പിഴച്ചില്ല. ഫുട്‌ബോള്‍ ലോകം കാത്തിരുന്ന മാസ്മരിക പോരാട്ടത്തില്‍ ലയണല്‍ മെസ്സിയുടെ ഇരട്ടഗോള്‍ ബാഴ്‌സയ്ക്ക് മികച്ച വിജയം സമ്മാനിച്ചു.  കളിയുടെ 76ാം മിനിറ്റിലും 86ാം മിനിറ്റിലുമായിരുന്നു അര്‍ജന്റീനിയന്‍ താരത്തിന്റെ അവിസ്മരണീയ ഗോളുകള്‍ പിറന്നത്. ആദ്യ ഗോള്‍ ഇബ്രാഹിം അളന്നു മുറിച്ചു നല്‍കിയ മികച്ചൊരു ക്രോസില്‍ നിന്നായിരുന്നു. രണ്ടാം ഗോള്‍ എതിര്‍ ടീമിലെ നാലോളം ഡിഫന്റര്‍മാരെ കാഴ്ചക്കാരാക്കി മെസ്സി നടത്തിയ സൂപ്പര്‍ മുന്നേറ്റത്തില്‍ നിന്നായിരുന്നു.
സ്വന്തം തട്ടകത്തില്‍ വച്ചുതന്നെ മാഡ്രിഡിനെ തകര്‍ക്കാന്‍ കഴിഞ്ഞത് ബാഴ്‌സലോണയ്ക്ക് നു കാംപില്‍ നടക്കുന്ന രണ്ടാം പാദ മല്‍സരത്തില്‍ കൂടുതല്‍ ആത്മവിശ്വാസം നല്‍കുമെന്ന കാര്യം ഉറപ്പാണ്. തീര്‍ച്ചയായും കാല്‍പ്പന്തുകളിയെ സ്‌നേഹിക്കുന്ന ഓരോരുത്തരും അടുത്ത മാസം മൂന്നാം തിയ്യതിക്കുവേണ്ടി കാത്തുനില്‍ക്കുകയാണ്. തീ പാറുന്ന ഒരു പോരാട്ടത്തിന്. കാരണം ടീമുകള്‍ തമ്മിലുള്ള പോരാട്ടം സൂപ്പര്‍ താരങ്ങള്‍് തമ്മിലുള്ള പോരാട്ടമായും മാറുന്നുവെന്നത് കളിയെ കൂടുതല്‍ ആകര്‍ഷകമാക്കുന്നു.  ലയണല്‍ മെസ്സിയും ക്രിസ്റ്റിയാനോ റൊണോള്‍ഡോയും തമ്മില്‍ ഗോളുകള്‍ നേടുന്ന കാര്യത്തില്‍ വാശിയേറിയ പോരാട്ടത്തിലാണ്. തൊട്ടുപിറകെ ഡിവേഡ് വിയ്യയും കരീം ബെന്‍സേമയും രണ്ടാം സ്ഥാനത്തിനുവേണ്ടിയും മിഡ്ഫീല്‍ഡിലെ ആധിപത്യത്തിനായി സാവിയും അലോന്‍സോയും കൊമ്പുകോര്‍ക്കുമ്പോള്‍ മല്‍സരം കാല്‍പ്പന്തുകളിയുടെ മുഴുവന്‍ സൗന്ദര്യവും പേറി  കാഴ്ചക്കാരിലേക്ക് ഇറങ്ങിയെത്തുമെന്ന കാര്യത്തില്‍ സംശയം വേണ്ട.