ബാങ്കിങ് മേഖല വിപണിയെ താഴോട്ടു വലിച്ചു

ന്യൂഡല്‍ഹി: തുടര്‍ച്ചയായ രണ്ടാം ദിവസവും ഇന്ത്യന്‍ ഓഹരി വിപണി നഷ്ടത്തില്‍ ക്ലോസ് ചെയ്തു. ബാങ്കിങ്, റിയാലിറ്റി,ഓട്ടോ മേഖലയില്‍ പ്രകടമായ വില്‍പ്പന സമ്മര്‍ദ്ദത്തില്‍ സെന്‍സെക്‌സ് 197.62 പോയിന്റ് നഷ്ടത്തോടെ 20301.10ലും നിഫ്റ്റി 66.55 പോയിന്റ് കുറഞ്ഞ് 6079.80ലുമാണ് വില്‍പ്പന അവസാനിപ്പിച്ചത്. വാള്‍ട്ട് സ്ട്രീട്ടിലെയും മറ്റു ഏഷ്യന്‍ വിപണികളിലെയും തിരിച്ചടികള്‍ മൂലം തുടക്കം മുതല്‍ ബാങ്കിങ് മേഖലയില്‍ വില്‍പ്പനക്കാരുടെ എണ്ണം കൂടുതലായിരുന്നു. യൂറോപ്യന്‍ വിപണിയും നിരാശപ്പെടുത്തുന്ന പ്രകടനം തുടര്‍ന്നതോടെ ഇന്ത്യന്‍ വിപണി താഴോട്ട് പതിക്കാന്‍ തുടങ്ങി. സെന്‍സെക്‌സ് 250 പോയിന്റും 70 പോയിന്റിലേറെയും തകര്‍ന്നതിനു ശേഷം സ്ഥിതിമെച്ചപ്പെടുത്തുകയായിരുന്നു.
വിപണിയുടെ മുന്നോട്ടുള്ള യാത്രയ്ക്ക് കരുത്തുപകരുമെന്നതിനാല്‍ തിരുത്തലിനെ പോസിറ്റീവായി വേണം പരിഗണിക്കാന്‍. തീര്‍ച്ചയായും പല മികച്ച ഓഹരികളും വാങ്ങാനുള്ള അവസരമാണ് ഈ ഇടിവിലൂടെ കൈവരുന്നത്. പക്ഷേ, നിരാശപ്പെടുത്തുന്ന കാര്യം വളരെ ശക്തമായ സപ്പോര്‍ട്ടീവ് ലെവലായിരുന്ന നിഫ്റ്റിയുടെ 6120 തകര്‍ന്നുവെന്നതു തന്നെയാണ്. ഇനി 6180 എന്ന പ്രതിരോധലെവല്‍ തകര്‍ക്കാനായാല്‍ മാത്രമേ വിപണിയില്‍ വലിയൊരു കുതിപ്പ് നമുക്ക് പ്രതീക്ഷിക്കേണ്ടതുള്ളൂ.
എന്‍ജിനീയറിങ് ആന്റ് കാപ്പിറ്റല്‍ ഗൂഡ്‌സ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മഹാരാഷ്ട്ര സീംലെസ് വാങ്ങാവുന്ന ഓഹരിയാണ്. ഒരു വര്‍ഷത്തിനുള്ളില്‍ 15 ശതമാനം വളര്‍ച്ചാനിരക്ക് മിനിമം പ്രതീക്ഷിക്കാവുന്ന ഓഹരിയാണിത്.  പ്രിസം സിമന്റ്. ഉഷ മാര്‍ട്ടിന്‍, ഹിന്ദുസ്ഥാന്‍ യൂനിലിവര്‍, ഡിഷി ടി വി, സിപ്ല, അലഹബാദ് ബാങ്ക്, ഭാരതി എയര്‍ടെല്‍, ടി.ഐ.എല്‍, ബജാജ് ഫിനാന്‍സ്, അഗ്രോ ടെക്, ടാറ്റാ സ്റ്റീല്‍ എന്നിവയും ഇന്നത്തെ പശ്ചാത്തലത്തില്‍ വാങ്ങാവുന്ന ഓഹരികളാണ്.
എച്ച്.സി.എല്‍, സെസാ ഗോവ, ഗെയ്ല്‍, ഹിന്ദുസ്ഥാന്‍ യൂനിലിവര്‍, ടാറ്റാ പവര്‍ കമ്പനികള്‍ ഇന്നു നേട്ടമുണ്ടാക്കിയപ്പോള്‍ എസ്.ബി.ഐ, ബജാജ് ഓട്ടോ, ഹീറോ ഹോണ്ടോ, ഡി.എല്‍.എഫ്, ഐ.ഡി.എഫ്.സി കമ്പനികള്‍ക്ക് ഇന്നു നഷ്ടത്തിന്റെ ദിവസമായിരുന്നു.
This entry was posted in Uncategorized by . Bookmark the permalink.