മുംബൈ: ഒമ്പതുശതമാനത്തോളം തിരുത്തലിനു വിധേയമായ വിപണിയെ തിരിച്ചുകൊണ്ടുവരാന്‍ കാളക്കൂറ്റന്മാര്‍ നിരന്തരം ശ്രമിക്കുന്ന കാഴ്ചയാണ് ഇന്നു കണ്ടത്. സെന്‍സെക്‌സ് 268.49 പോയിന്റ് നേട്ടത്തില്‍ 19405.10ലും നിഫ്റ്റി 78.05 പോയിന്റ് വര്‍ധിച്ച് 5830ലുമാണ് ക്ലോസ് ചെയ്തത്. ആര്‍.ഐ.എല്‍, ഐ.സി.ഐ.സി.ഐ ബാങ്കുകള്‍ പോലുള്ള ബ്ലുചിപ്പ് കമ്പനികളുടെ കരുത്തിലാണ് വിപണി നേട്ടമുണ്ടാക്കിയത്.
1486 ഓഹരികള്‍ ഇന്നു മുന്നേറ്റം പ്രകടമാക്കിയപ്പോള്‍ 1485 എണ്ണം നഷ്ടത്തില്‍ തന്നെ തുടരുകയാണ്. അതേ സമയം 72 സ്‌ക്രിപ്റ്റുകളുടെ വിലയില്‍ കാര്യമായ മാറ്റമുണ്ടായില്ല. റിലയന്‍സ് 3.18 ശതമാനവും മാരുതി സുസുക്കി 2.87 ശതമാനവും വിപ്രോ 2.85 ശതമാനവും ഐ.സി.ഐ.സി.ഐ ബാങ്ക് 2.60 ശതമാനവും മൂല്യവര്‍ധനവ് നേടിയപ്പോള്‍ റിലയന്‍സ് ഇന്‍ഫ്ര 2.95 ശതമാനവും റിലയന്‍സ് കമ്യൂണിക്കേഷന്‍ 2.15 ശതമാനവും ടാറ്റാ സ്റ്റീല്‍ 0.88 ശതമാനവും എച്ച്.ഡി.എഫ്.സി ബാങ്ക് 0.58 ശതമാനവും നഷ്ടം രേഖപ്പെടുത്തി. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഉണ്ടാക്കിയ മുന്നേറ്റത്തില്‍ നിന്നു മാത്രം സെന്‍സെക്‌സിന് 80 പോയിന്റ് ലഭിച്ചു. ഒരു പ്രമുഖ സ്റ്റോക്ക് ബ്രോക്കിങ് സ്ഥാപനത്തിന്റെ റിസര്‍ച്ച് റിപോര്‍ട്ട് അനുസരിച്ച് കെയിന്‍ ഇന്ത്യ ഓഹരികള്‍ വാങ്ങാന്‍ ഇന്നു തിക്കും തിരക്കുമായിരുന്നു. ഒരൊറ്റ ദിവസം കൊണ്ട്18.65 രൂപ വര്‍ധിച്ച് 313.20ലാണ് ഈ ഓഹരി വില്‍പ്പന അവസാനിപ്പിച്ചത്.
സെബിയില്‍ നിന്നു ലഭിച്ച കണക്കനുസരിച്ച് കഴിഞ്ഞ വെള്ളിയാഴ്ച മാത്രം 116,6 മില്യന്‍ ഡോളറാണ് വിദേശനിക്ഷേപ സ്ഥാപനങ്ങള്‍ ഇന്ത്യയില്‍ നിന്നു തിരിച്ചെടുത്തത്. വിവാദത്തില്‍ പെട്ട ഓഹരികള്‍ ഇന്നും തകര്‍ച്ചയെ അഭിമുഖീകരിച്ചു. മണിമാറ്റേഴ്‌സിന് 10 ശതമാനത്തിന്റെയും ഡി ബി റിയാലിറ്റിക്ക് 6.49 ശതമാനത്തിന്റെയും നഷ്ടമാണുണ്ടായത്.
പൊതുവേ എല്ലാ സെക്ഷനും ഇന്ന് ലാഭത്തിലാണ് ക്ലോസ് ചെയ്തത്. ഐ.ടി, ബാങ്കിങ്, കാപ്പിറ്റല്‍ ഗൂഡ്‌സ്, കണ്‍സ്യൂമര്‍ഡ്യൂറബിള്‍സ് എന്നിവയെല്ലാം ഒരു ശതമാനത്തിലധികം നേട്ടമുണ്ടാക്കി. ഐ.സി.ഐ.സിയുടെ മുന്നേറ്റം സെന്‍സെക്‌സിന് വിലയേറിയ 41 പോയിന്റാണ് സമ്മാനിച്ചത്.
ഇന്നത്തെ തകര്‍പ്പന്‍ പ്രകടനം ശുഭസൂചനായെടുക്കാമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. വിവാദം വിപണിയെ സ്വാധീനിക്കുന്നതിന്റെ തീവ്രത കുറഞ്ഞിരിക്കുന്നു. തീര്‍ച്ചയായും ഇത് വാങ്ങാനുള്ള അവസരമായി ഉപയോഗിക്കണം. വാങ്ങാനായി ഇനി അധികം കാത്തിരിക്കാത്തതാണ് ബുദ്ധി-ഫോര്‍ട്രെസ് ഫിനാന്‍ഷ്യല്‍ സര്‍വീസിലെ ഉപേന്ദ്ര കുല്‍ക്കര്‍ണി പറഞ്ഞു.
വിപണിയില്‍ ഷോര്‍ട്ട്‌ടേം വില്‍പ്പന വേണ്ടതിലധികം നടന്നതുകൊണ്ടാണ് ഇടിവിന്റെ ആഴം കൂടിയത്. ആ പണമെല്ലാം തിരിച്ചിറങ്ങാനുള്ളതാണ്-ജിയോജിത്തിലെ ഹോര്‍മുസ് അഭിപ്രായപ്പെട്ടു.
ഏഷ്യന്‍ വിപണി പൊതുവെ സമ്മിശ്ര പ്രതികരണമാണ് പ്രകടിപ്പിച്ചത്. കൊറിയന്‍ സംഘര്‍ഷവും ചില യൂറോപ്യന്‍ കമ്പനികളുടെ കടങ്ങളും വിപണിയെ സ്വാധീനിച്ചു. നിക്കി 0.86 പോയിന്റ് നേട്ടത്തിലാണ് ക്ലോസ് ചെയ്തത്. ഹാങ്‌സെങിനും സ്‌ട്രെയ്റ്റ് ടൈംസിനും ഇന്നു താരതമ്യേന നല്ല ദിവസമായിരുന്നു. അതേ സമയം ഷാങ്ഗായി വിപണിയില്‍ ഇന്നും ചുവപ്പ് കത്തി. യൂറോപ്യന്‍ വിപണികള്‍ വില്‍പ്പന നടത്തികൊണ്ടിരിക്കുന്നത് നഷ്ടത്തിലാണ്.
ബി.ജി.ആര്‍ എനര്‍ജി സിസ്റ്റംസ്, ഐ.ആര്‍.ബി ഇന്‍ഫ്രാസ്ട്രക്ചര്‍, അദാനി എന്റര്‍പ്രൈസസ്. നാഷണല്‍ ഫെര്‍ട്ടിലൈസേഴ്‌സ്, ശ്രീ സിമന്റ് എന്നീ കമ്പനികളാണ് ശതമാനകണക്കില്‍ ഇന്ന് ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയത്. ഡിബി റായിലിറ്റി, ജെയ്പീ ഇന്‍ഫ്രാടെക്, കോറമൊണ്ടല്‍ സിമന്റ്, വെല്‍സ്പണ്‍, റിലയന്‍സ് ഇന്‍ഫ്രാ എന്നീ കമ്പനികള്‍ നഷ്ടപ്പെട്ടവരുടെ ലിസ്റ്റില്‍ ഏറ്റവും മുന്നിലെത്തി.
എന്നാല്‍ ഇന്ന് ഒരൊറ്റ ദിവസത്തെ മുന്നേറ്റം കൊണ്ട് വിപണിയില്‍ കാളക്കൂറ്റന്മാര്‍ പിടിമുറുക്കിയെന്ന് ചിന്തിക്കാതിരിക്കുന്നതാണ് ബുദ്ധി. അടുത്ത നാലോ അഞ്ചോ ട്രേഡിങ് ദിവസങ്ങള്‍ക്കു ശേഷം മാത്രം ഇക്കാര്യത്തില്‍ തീരുമാനത്തിലെത്തുന്നതാണ് നല്ലത്. അതേ സമയം ആ ആഴ്ചയുടെ തുടക്കത്തില്‍ ഏറെ ശുഭസൂചനകള്‍ ലഭിച്ചിട്ടുണ്ട്. പക്ഷേ, പുതിയ നിക്ഷേപം നടത്താനൊരുങ്ങുന്ന ചെറുകിട നിക്ഷേപകര്‍ കൂടുതല്‍ സെഷനുകള്‍ നിരീക്ഷിക്കുന്നതാണ് ബുദ്ധി. കാത്തിരുന്നാല്‍ ഓഹരി വില കൂടുമെന്നു കണ്ട് ഓടിച്ചെന്നു വാങ്ങണ്ട. പക്ഷേ, ദീര്‍ഘകാല നിക്ഷേപത്തിന് ആഗ്രഹിക്കുന്നവര്‍ക്ക് തീര്‍ച്ചയായും വാങ്ങാന്‍ പറ്റിയ സമയമാണ്. ഷോര്‍ട്ട് ടേമില്‍ ലാഭമുണ്ടാക്കുന്നവരുടെ കാര്യമാണ് നേരത്തെ പറഞ്ഞത്. ട്രേഡിങ് നടത്തുന്നവര്‍ക്ക് പിന്നെ ഏത് വിപണിയിലും ട്രേഡിങ് നടത്തിയേ മതിയാവൂ.
വാങ്ങാവുന്ന ഓഹരികള്‍
ടാറ്റാ സ്റ്റീല്‍
എല്‍.ജി.എസ് ഗ്ലോബല്‍
എം എം ഫിനാന്‍ഷ്യല്‍
എച്ച്.ഡി.എഫ്.സി ബാങ്ക്
ടി.വി.എസ് മോട്ടോര്‍സ്
ആധുനിക് മെറ്റാലിക്‌സ്
പട്ടേല്‍ എന്‍ജീനിയറിങ്
ഐ.എഫ്.സി.എല്‍
ടാറ്റാ ഗ്ലോബല്‍ ബിവറേജസ്
ബാങ്ക് ഓഫ് ഇന്ത്യ
വോക്കാര്‍ഡ്