തിരുവനന്തപുരം: കേന്ദ്രകമ്മിറ്റി നിര്‍ദ്ദേശത്തെ തുടര്‍ന്ന് സംസ്ഥാനസമിതിയില്‍ തെറ്റുകള്‍ ഏറ്റുപറഞ്ഞത് വിഎസിന്റെ പതിവ് തന്ത്രം മാത്രമാണെന്ന് രാഷ്ട്രീയ നീരീക്ഷകര്‍ വിലയിരുത്തുന്നു. ചര്‍ച്ചകള്‍ പൂര്‍ത്തിയായ ശേഷം നടത്തിയ പ്രസംഗത്തിലാണ് തനിക്ക് ‘തെറ്റ്’ പറ്റിയെന്ന് വിഎസ് സമ്മതിച്ചത്. പാര്‍ട്ടി സെക്രട്ടറിയെ ഡാങ്കെയോട് ഉപമിച്ചതും ടിപി ചന്ദ്രശേഖരന്റെ വീട് സന്ദര്‍ശിച്ചതും പാര്‍ട്ടി വിലക്ക് ലംഘിച്ച് കുടംകുളത്തേക്ക് പോയതും ‘ശരിയായില്ലെ’ന്നാണ് വിഎസ് പ്രസംഗത്തില്‍ വ്യക്തമാക്കിയത്.
പല നിലപാടുകളും പാര്‍ട്ടിയുടെ ഔദ്യോഗികനിലപാടുകള്‍ക്ക് വിരുദ്ധമായിരുന്നെങ്കിലും ഭൂരിഭാഗം ജനങ്ങള്‍ ആഗ്രഹിക്കുന്നും വിശ്വസിക്കുന്നതുമായ കാര്യങ്ങളാണ് വിഎസ് പറഞ്ഞിരുന്നത്. ജനകീയ നിലപാടുകള്‍ക്കൊപ്പം നിന്ന വിഎസ് ഇപ്പോഴും പരോക്ഷമായി വിജയിക്കുകയാണ് ചെയ്യുന്നത്. കാരണം ഞാന്‍ നിസ്സഹായനാണ്. പാര്‍ട്ടി എന്നെ അനുവദിക്കുന്നില്ല. പാര്‍ട്ടിയാണ് അല്ലെങ്കില്‍ പാര്‍ട്ടിയെ ഇപ്പോള്‍ നയിക്കുന്നവരാണ് വില്ലന്മാര്‍. എന്ന ഇമേജ് ഊട്ടിയുറപ്പിക്കാന്‍ വീണ്ടും അദ്ദേഹത്തിന് സാധിച്ചിരിക്കുന്നു.
ടിപി ചന്ദ്രശേഖരന്റെ കൊലപാതകത്തിനുശേഷം ‘ചത്തത് കീചകനെങ്കില്‍ കൊന്നത് ഭീമന്‍ തന്നെ’ എന്ന നയസമീപനങ്ങളാണ് സിപിഎം ഔദ്യോഗിക നേതൃത്വം കൈകൊണ്ടത്. കൊല്ലപ്പെട്ട ടിപി എന്ന കമ്യൂണിസ്റ്റുുകാരന്റെ വീട്ടിലേക്ക് വിഎസിനെയും പ്രദീപ് കുമാറിനെയും പോലെ അപൂര്‍വം നേതാക്കള്‍ക്കേ കയറി ചെല്ലാന്‍ സാധിക്കുമായിരുന്നുള്ളൂ. വിഎസിന്റെ ഈ യാത്ര പാര്‍ട്ടിപരമായ ‘അന്ധവിശ്വാസം’ ഇല്ലാത്ത സാമാന്യജനം അംഗീകരിച്ചതാണ്. മരിച്ചുകിടക്കുന്നത് ശത്രുവായാലും ആദരിക്കപ്പെടേണ്ടതാണ് എന്ന പാരമ്പര്യമാണ് വിഎസ് ഇവിടെ കാത്തുസൂക്ഷിച്ചത്. അതിന് വിഭാഗീയതയുടെ രാഷ്ട്രീയമുണ്ടെങ്കില്‍ അതിനെ കണ്ടില്ലെന്ന് വെയ്ക്കുകയാണ് പാര്‍ട്ടി ചെയ്യേണ്ടിയിരുന്നത്. ആ നീക്കം പാര്‍ട്ടിയുടെ നീക്കമാക്കി വ്യാഖ്യാനിക്കാനുള്ള സാമാന്യതന്ത്രം പോലും സ്വീകരിക്കാതെ വിഎസിനെതിരേ തിരിയുകയാണ് ഔദ്യോഗിക നേതൃത്വം ചെയ്തത്.
ടിപിയുടെ കൊലപാതകം മാധ്യമങ്ങള്‍ ആഘോഷിക്കുകയായിരുന്നു. ആഗോളതലത്തില്‍ തന്നെ സിപിഎമ്മിനെതിരേയുള്ള വികാരം ശക്തമായി കൊണ്ടിരിക്കെ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കൊല്ലപ്പെട്ടയാളെ നിരന്തരം മോശക്കാരനായി ചിത്രീകരിക്കാന്‍ ശ്രമിച്ചത് തീര്‍ച്ചയായും ന്യായീകരിക്കാനാവുന്ന ഒന്നായിരുന്നില്ല. ഇത്തരം ഒരു സാഹചര്യത്തിലാണ് ഡാങ്കെയുമായി വിഎസ് ഉപമിച്ചത്. സെക്രട്ടറിയുടെ ആവര്‍ത്തിച്ചുള്ള ‘കുലംകുത്തി’ പ്രയോഗങ്ങള്‍ കൊണ്ടും കളിയാക്കല്‍ കൊണ്ടും അലോസരമപ്പെട്ട ആയിരകണക്കിന് മനസ്സുകളെ തണുപ്പിക്കാന്‍ വിഎസിന്റെ ഈ പ്രയോഗം കൊണ്ട് സാധിച്ചു.
മറ്റു മാര്‍ഗ്ഗങ്ങള്‍ ലഭ്യമല്ലാത്ത സാഹചര്യത്തില്‍ മാത്രമാണ് ആണവ ഊര്‍ജ്ജം ഉപയോഗിക്കേണ്ടതെന്ന നിലപാടാണ് സിപിഎമ്മിനുള്ളത്. പക്ഷേ, കൂടംകുളം വിഷയം പരിഗണിക്കുമ്പോള്‍ തമിഴ്‌നാട് ഘടകം ഒറ്റക്കെട്ടായി മുന്നോട്ടുവെച്ച നിലപാടുകളെ പാര്‍ട്ടി അംഗീകരിക്കുകയാണ് ചെയ്യുന്നത്. ആണവ റിയാക്ടറിനെതിരേ ഉയരുന്ന ജനരോഷത്തെ കണ്ടില്ലെന്ന് നടിയ്ക്കാനാണ് പാര്‍ട്ടി തീരുമാനിച്ചത്. ഇരകള്‍ക്കൊപ്പം നില്‍ക്കുമെന്ന് പ്രതീക്ഷിയ്ക്കുന്ന പാര്‍ട്ടിയുടെ നിലപാട് ഏറെ പേരെ ഞെട്ടിച്ചിരുന്നു.
സുരക്ഷാപരമായി ഒട്ടേറെ സംശയങ്ങള്‍ നിലനിര്‍ത്തികൊണ്ടാണ് കൂടംകുളം നിലയം പണിപൂര്‍ത്തിയാക്കി കൊണ്ടിരിക്കുന്നത്. പ്രദേശത്തുള്ള ജനങ്ങളുടെ ആശങ്ക ദുരീകരിക്കുന്നതിനോ അവര്‍ക്ക് വ്യക്തമായ മറുപടി നല്‍കുന്നതിനോ ഇന്നേ വരെ അധികൃതര്‍ക്ക് സാധിച്ചിട്ടില്ല. വികസിത രാജ്യങ്ങള്‍ കാറ്റും കല്‍ക്കരിയും സൗരോര്‍ജ്ജവും തിരമാലകളും ഉപയോഗിച്ച് വൈദ്യുതി ഉണ്ടാക്കുമ്പോള്‍ ആണവ ഇന്ധനം വേണമെന്ന് ഇന്ത്യ എന്തിനാണ് വാശിപിടിക്കുന്നത്? എന്ന് ചോദിക്കുന്ന ഇരകള്‍ക്കൊപ്പമാണ് വിഎസ്. മനുഷ്യനെ വെറും കമ്പോളവസ്തുവായി കണ്ട് പ്രകൃതിയെ ചൂഷണം ചെയ്യുന്ന അമേരിക്ക,ജപ്പാന്‍ തുടങ്ങിയ സാമ്രാജത്വശക്തികളെ ചൂണ്ടിക്കാട്ടി ആണവറിയാക്ടറുകള്‍ സ്വീകരിക്കാമെന്ന് സിപിഎം പറഞ്ഞത് പാര്‍ട്ടിയെ സ്‌നേഹിക്കുന്നവരെയെല്ലാം വേദനിപ്പിച്ചിരുന്നു.
മുകളില്‍ പറഞ്ഞ എല്ലാ വിഷയത്തിലും വിഎസിന് വ്യക്തമായ നിലപാടുണ്ട്. പക്ഷേ, അച്ചടക്കമുള്ള പാര്‍ട്ടി പ്രവര്‍ത്തകന്‍ എന്ന നിലയില്‍ പാര്‍ട്ടിയുടെ ജനവിരുദ്ധ നിലപാടുകളെ അംഗീകരിക്കുന്നുവെന്നാണ് വിഎസ് പ്രഖ്യാപിച്ചിരിക്കുന്നത്. മുതിര്‍ന്ന നേതാവെന്ന നിലയില്‍ കേന്ദ്രകമ്മിറ്റിയുടെ നിര്‍ദ്ദേശം അനുസരിക്കാനുള്ള ബാധ്യതയാണ് വിഎസ് നിറവേറ്റിയത്. ചില നിലപാടുകളില്‍ അഭിപ്രായം വ്യത്യാസമുണ്ടെങ്കിലും അടിസ്ഥാന പ്രത്യയശാസ്ത്ര മൂല്യങ്ങളില്‍ ഇപ്പോഴും വിശ്വാസമുള്ളതുകൊണ്ട് പാര്‍ട്ടി വിടുന്നില്ലെന്നാണ് സിപിഎം സ്ഥാപകനേതാക്കളിലൊരാളായ വിഎസ് പറയാതെ പറയുന്നത്.
ടിപി വധത്തില്‍ സിബിഐ അന്വേഷണം വേണ്ടായെന്ന വിവേകശൂന്യമായ പ്രസ്താവന പാര്‍ട്ടി കേന്ദ്ര നേതൃത്വത്തിന്റെ ഭാഗത്തുനിന്നുണ്ടായതോടെയാണ് സ്വന്തം പാര്‍ട്ടിയിലെ അപചയത്തിന്റെ ആഴം പലരും അടുത്തറിഞ്ഞത്. പല അടവ് നയങ്ങളും അവസരവാദങ്ങളും ഇതോടൊപ്പം കൂട്ടിവായിക്കുമ്പോള്‍ പാര്‍ട്ടിയുടെ നാശത്തിന്റെ തുടക്കം മനസ്സിലാകും. ‘പാര്‍ട്ടിയിലെ അവശേഷിക്കുന്ന നന്മ’ എന്ന ലേബല്‍ വിഎസിനുണ്ട്. അത് സ്വന്തം പ്രതിച്ഛായ വളര്‍ത്താന്‍ അദ്ദേഹം ഉപയോഗപ്പെടുത്തുന്നുവെന്ന കാര്യത്തിലും സംശയമില്ല. പക്ഷേ, ആശയങ്ങളില്‍ വെള്ളം ചേര്‍ത്ത് ഇടതും വലതും തമ്മില്‍ വ്യത്യാസമില്ലാതാക്കിയ പാര്‍ട്ടി ഭാരവാഹികളോട് ശക്തമായി വിയോജിക്കുന്ന വിഭാഗങ്ങള്‍ സിപിഎമ്മിനകത്തും പുറത്തും സജീവമാണെന്ന കാര്യമാണ് വിഎസിനെ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കാതിരിക്കാനുള്ള പ്രധാനകാരണം.
Story Published in oneindia
Link: http://malayalam.oneindia.in/feature/2012/vs-cpm-pinarayi-playing-leadership-trapped-105241.html