വിദേശനിക്ഷേപസ്ഥാപനങ്ങള്‍ പിന്‍വലിയുന്നു, മൂന്നാം ദിവസവും റെഡ്‌സോണില്‍, സെന്‍സെക്‌സ് 18395.97, നിഫ്റ്റി 5512.15

മുംബൈ: ഇന്ത്യന്‍ വിപണിയില്‍ നിന്ന് വിദേശനിക്ഷേപസ്ഥാപനങ്ങള്‍ പിന്‍വാങ്ങുന്നതിനുള്ള വേഗത വര്‍ധിച്ചതോടെ തുടര്‍ച്ചയായ മൂന്നാം ദിവസവും ഇന്ത്യന്‍ ഓഹരി വിപണി നഷ്ടത്തിലേക്ക് കൂപ്പുകുത്തി. ദീപാവലിക്കുശേഷമുള്ള കണക്കു പരിശോധിക്കുകയാണെങ്കില്‍ നിക്ഷേപകര്‍ക്ക് ഇതുവരെ 11 ലക്ഷം കോടിയുടെ നഷ്ടമാണുണ്ടായിട്ടുള്ളത്. വിപണി കഴിഞ്ഞ അഞ്ചുമാസത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തിയപ്പോള്‍ സെന്‍സെക്‌സ് 18395.97ലും(നഷ്ടം 288.46), നിഫ്റ്റി 5512.15ലും(നഷ്ടം 92.15) നില്‍ക്കുകയാണ്. നിഫ്റ്റി ഒരു സമയത്ത് 5459 വരെ താഴ്ന്നിരുന്നു.
വിദേശനിക്ഷേപ സ്ഥാപനങ്ങളുടെ പിന്‍വാങ്ങലിനൊപ്പം പണപ്പെരുപ്പം, വര്‍ധിച്ച പലിശനിരക്ക് എന്നിവയും വിപണിക്ക് തിരിച്ചടിയാവുന്നുണ്ട്.
പണപ്പെരുപ്പം തടയുന്നതിന് റിസര്‍വ് ബാങ്ക് പലിശനിരക്ക് വര്‍ധനയെന്ന ഒറ്റനിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ഇത് വളര്‍ച്ചാ നിരക്കിനെ പ്രതികൂലമായി ബാധിക്കുമെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ വിലക്കയറ്റവും പണപ്പെരുപ്പവും തടയുന്നതിന് ബഹുമുഖപരിപാടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ ഒരുക്കമല്ലാത്തതാണ് കാര്യം.
കഴിഞ്ഞ വര്‍ഷം 28 ബില്യന്‍ ഡോളര്‍ ഇന്ത്യന്‍ വിപണിയില്‍ നിക്ഷേപിച്ച വിദേശസ്ഥാപനങ്ങള്‍ ജനുവരില്‍ മാത്രം 3400 കോടി രൂപയാണ് പിന്‍വലിച്ചത്. അതിനര്‍ഥം ഇനിയും പിന്‍വലിക്കല്‍ തുടര്‍ന്നാല്‍ വിപണിയും താഴോട്ട് വീഴുമെന്നു തന്നെയാണ്. ചില ഇ.ടി.എഫ് ഫണ്ടുകളുടെ ഭാവി പോലും ഇരുട്ടിലാക്കിയാണ് വിദേശനിക്ഷേപ സ്ഥാപനങ്ങള്‍ പിന്‍വാങ്ങുന്നത്. 5450-5350 എന്ന റേഞ്ച് നിഫ്റ്റിയെ സംബന്ധിച്ചിടത്തോളം നിര്‍ണായകമാണ്. തിങ്കളാഴ്ച ഇതു തകര്‍ത്ത് താഴോട്ടിറങ്ങുകയാണെങ്കില്‍ പിന്നെ ചുരുങ്ങിയത് ആറുമാസത്തേക്ക് വിപണിയുടെ തിരിച്ചുവരവ് പ്രതീക്ഷിക്കേണ്ടതില്ല. അമേരിക്കന്‍ വിപണി മെച്ചപ്പെടുന്നതും ഡോളറിന്റെ മൂല്യം വര്‍ധിക്കുന്നതും ഇതിനോടൊപ്പം കൂട്ടിവായിക്കണം. കൂടാതെ വിപണി താഴോട്ടുള്ള യാത്ര തുടരുന്നതില്‍ ഒരു വലിയ വിഭാഗം നിക്ഷേപകര്‍ കൂടുതല്‍ ഇടിവിനായി പണം മാറ്റി കാത്തിരിക്കുന്നതും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു. ഓഹരി വിദഗ്ധരുടെ അഭിപ്രായത്തില്‍ വരുന്ന ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ നിഫ്റ്റി 5200 ലെവലിലേക്ക് താഴും. അതേ സമയം ആഗോള റേറ്റിങ് ഏജന്‍സിയായ എസ് ആന്റ് പിയുടെ കണക്കനുസരിച്ച് ജപ്പാന്‍ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങികൊണ്ടിരിക്കുകയാണെന്ന റിപോര്‍ട്ടുകളും ഇന്നു പ്രതികൂലമായി ബാധിച്ചു. റിയല്‍ എസ്റ്റേറ്റ് മേഖലയിലാണ് നഷ്ടം ഏറ്റവും കൂടുതല്‍ അനുഭവപ്പെട്ടത്. എച്ച്. ഡി.ഐ.എള്‍, ഐ.വി.ആര്‍.സി എല്‍, ബി.ജി.ആര്‍ എനര്‍ജി, ജെ.എസ്.ഡബ്ല്യു സ്റ്റീല്‍, ഡി.എല്‍.എഫ് ലിമിറ്റഡ് ഓഹരികള്‍ക്ക് ഇന്നു കനത്ത തിരിച്ചടിയേറ്റു. പ്രതിസന്ധിക്കിടയിലും ആന്ധ്ര ബാങ്ക്, സിന്‍ഡിക്കേറ്റ് ബാങ്ക്, ഒ.എന്‍.ജി.സി, ഗ്ലാക്‌സോ, കോര്‍പ്പറേഷന്‍ ഓഹരികള്‍ തിളങ്ങി.
ഇപ്പോഴത്തെ നിലയില്‍ ഐ.സി.സി.ഐ, എസ്.ബി.ഐ ഓഹരികള്‍ വാങ്ങുന്നത് ഏറെ നല്ലതാണ്. സൗത്ത് ഇന്ത്യന്‍ ബാങ്ക് ഓഹരികളുടെ വിലകുറയുന്നതുകണ്ട് ആശങ്കപ്പെടേണ്ട. ദീര്‍ഘകാല അടിസ്ഥാനത്തില്‍ വാങ്ങി സൂക്ഷിക്കാവുന്ന മികച്ച ഓഹരികളിലൊന്നാണിത്. മഹീന്ദ്ര ആന്റ് മഹീന്ദ്ര, ബജാജ് ഓട്ടോ വാങ്ങുന്നതിനുള്ള അനുകൂലസമയമാണ്. അതേ സമയം ടാറ്റാ മോട്ടോര്‍സ്, എ.സി.സി എന്നിവ വിറ്റൊഴിവാക്കാന്‍ പറ്റുമെങ്കില്‍ അതാണ് നല്ലത്. 600 താഴെ ടാറ്റാ സ്റ്റീല്‍ എത്തിയാല്‍ വാങ്ങാവുന്നതാണ്.