വിപണിയില്‍ ആറുമാസത്തെ ഏറ്റവും വലിയ തകര്‍ച്ച

മുംബൈ: വ്യവസായായിക ഉല്‍പ്പാദനനിരക്കില്‍ വന്ന കുറവും യൂറോപ്പ്, ചൈന വിപണികളില്‍ പ്രകടമായ പ്രതിസന്ധിയും ചേര്‍ന്ന് സെന്‍സെക്‌സിനെ ആറുമാസത്തിനിടെയുള്ള ഏറ്റവും വലിയ തകര്‍ച്ചയിലേക്ക് നയിച്ചു. മുംബൈ ഓഹരി സൂചിക 2.10 ശതമാനം(432.20 പോയിന്റ്) താഴ്ന്ന് 20156.89ലെത്തിയപ്പോള്‍ ദേശീയ സൂചികയായ നിഫ്റ്റി 122.60 പോയിന്റ് നഷ്ടപ്പെട്ട് 6071.65ലാണ് കച്ചവടം അവസാനിപ്പിച്ചത്.
തുടര്‍ച്ചയായ രണ്ടാം മാസമാണ് വ്യാവസായികഉല്‍പ്പാദന നിരക്കില്‍ കുറവ് രേഖപ്പെടുത്തുന്നത്. കഴിഞ്ഞ വര്‍ഷം സപ്തംബറില്‍ വളര്‍ച്ചാനിരക്ക് 8.2 ശതമാനമായിരുന്നപ്പോള്‍ ഇത്തവണ അത് 4.4 ശതമാനം മാത്രമാണ്.  ഒരു സാമ്പത്തിക വ്യവസ്ഥയുടെ കരുത്തു തെളിയിക്കുന്ന സൂചികയായിട്ടാണ് ഇന്‍ഡെക്‌സ് ഓഫ് ഇന്‍ഡസ്ട്രിയല്‍ പ്രൊഡക്ഷന്‍(ഐ.ഐ.പി-വ്യാവസായിക ഉല്‍പ്പാദന സൂചിക) പരിഗണിക്കപ്പെടുന്നത്. ഐ.ഐ.പിയില്‍ തുടര്‍ച്ചയായി വന്ന ഇടിവ് ഗൗരവത്തോടെ പരിഗണിക്കേണ്ടതുണ്ടെന്ന് ധനകാര്യമന്ത്രി പ്രണബ് മുഖര്‍ജി അഭിപ്രായപ്പെട്ടു. ഒട്ടുമിക്ക ബാങ്കുകളും സാമ്പത്തികവിദഗ്ധരും സെപ്തംബറില്‍ 6.46 ശതമാനത്തിലധികം വളര്‍ച്ചാനിരക്കുണ്ടാവുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. അതുകൊണ്ടു തന്നെ റിപോര്‍ട്ട് പുറത്തുവന്നത് വിപണിയില്‍ കാര്യമായ സമ്മര്‍ദ്ദമുണ്ടാക്കി.
യൂറോപ്യന്‍ വിപണി തുടര്‍ച്ചയായ മൂന്നാം ദിവസവും നഷ്ടത്തിലാണ് ക്ലോസ് ചെയ്തിരുന്നത്. ഐറിഷ് സാമ്പത്തികപ്രതിസന്ധി യൂറോ നിരക്കില്‍ തന്നെ കാര്യമായ ഇടിവുണ്ടാക്കിയിട്ടുണ്ട്. ഈയാഴ്ചക്കുള്ളില്‍ ഈ പ്രതിസന്ധിക്ക് പരിഹാരം കാണാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേ സമയം സോളില്‍ നടക്കുന്ന ജി20 ഉച്ചക്കോടി ഇക്കാര്യത്തില്‍ സമവായത്തിലെത്തുന്നതില്‍ പരാജയപ്പെട്ടാല്‍ പ്രതിസന്ധി കൂടുമെന്നാണ് കണക്കുകൂട്ടുന്നത്. ജൂലൈ-സെപ്തംബര്‍ കാലയളവില്‍ ഫ്രാന്‍സിലെ ജി.ഡി.പി വളര്‍ച്ചാനിരക്കിലുണ്ടായ കുറവും നിക്ഷേപകരെ അലട്ടുന്നുണ്ട്.
പണപ്പെരുപ്പനിരക്ക് പിടിച്ചുനിര്‍ത്താന്‍ ചൈനീസ് സര്‍ക്കാര്‍ കടുത്ത നടപടികള്‍ സ്വീകരിക്കാന്‍ ഇടയുണ്ടെന്ന റിപോര്‍ട്ടുകളാണ് യൂറോപ്പ്, ഏഷ്യന്‍ വിപണികളെ തകര്‍ച്ചയിലേക്ക് നയിക്കുന്നതില്‍ പ്രധാനകാരണമെന്നു വേണമെങ്കില്‍ പറയാം. ദുബൈയിലെ ഒരു പ്രമുഖ ബിസിനസ് ഗ്രൂപ്പ് വായ്പാതിരിച്ചടവില്‍ വരുത്തിയ വീഴ്ചയും വിപണിയെ ചെറിയ തോതിലെങ്കിലും ഉലച്ചിട്ടുണ്ട്. വായ്പ നിസ്സാരതുകയല്ല. 330 മില്യന്‍ അമേരിക്കന്‍ ഡോളറാണ്. ശൈഖ് മുഹമ്മദ് ബിന്‍ റഷീദ് അല്‍മഖ്തൂമിന്റെ ഉടമസ്ഥതയിലുള്ള ദുബൈ ഹോള്‍ഡിങിന്റെ ഭാഗമായ കമ്പനി തിരിച്ചടവിന്റെ കാര്യത്തിനായി ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ തുടങ്ങിയിട്ടുണ്ട്.
ബ്ലുചിപ്പ് കമ്പനികളായ റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഐ.സി.ഐ.സി.ഐ,എസ്.ബി.ഐ, ഡി.എല്‍.എഫ് എന്നീ ഓഹരികളിലാണ് ഇന്ന് കാര്യമായ വിറ്റൊഴിക്കല്‍ നടന്നത്. ശ്രീ രേണുകാ ഷുഗേഴ്‌സ് ഓഹരികള്‍ക്ക് 12 ശതമാനം മൂല്യതകര്‍ച്ച സംഭവിച്ചു. എഡ്യുകോംപ് സൊലൂഷന്‍സ്, ഹിന്ദ് കോപ്പര്‍, ഹിന്ദ് ഓയില്‍, അപ്പോളോ ടയേഴ്‌സ് ഓഹരികളാണ് ഇന്ന് ഏറ്റവും കൂടുതല്‍ തിരിച്ചടിയേറ്റത്. അതേ സമയം കാഡില ഹെല്‍ത്ത്‌കെയര്‍, രാഷ്ട്രീയ കെമിക്കല്‍സ്, പാറ്റ്‌നി കംപ്യൂട്ടേഴ്‌സ്, അദാനി എന്റര്‍പ്രൈസസ്, ടി.വി.എസ് മോട്ടോഴ്‌സ് തുടങ്ങിയ കമ്പനികള്‍ക്ക് തകര്‍ച്ചക്കിടിയിലും നില മെച്ചപ്പെടുത്താനായി. രണ്ടാം പാദഫലം പുറത്തുവന്നപ്പോള്‍ ലാഭത്തില്‍ ഭീമമായ കുറവുണ്ടായതാണ് അപ്പോളോടയേഴ്‌സിന് തിരിച്ചടിയായത്.
ഇന്നത്തെ തകര്‍ച്ചയുടെ മറ്റൊരു പ്രത്യേകത സപ്പോര്‍ട്ടിങ് ലെവലുകളില്‍ തങ്ങിനില്‍ക്കാതെ വളരെ വേഗത്തില്‍ താഴേക്ക് പതിക്കുകയായിരുന്നു. ഇന്നുംനാളെയുമായി യൂറോപ്പ്, ചൈന പ്രതിസന്ധിക്ക് പരിഹാരമായാല്‍ തിങ്കളാഴ്ച വിപണി തിരിച്ചെത്തുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. നിക്ഷേപകര്‍ തിങ്കളാഴ്ചത്തെ വിപണി കൂടി നിരീക്ഷിച്ചതിനുശേഷം പണമിറക്കിയാല്‍ മതി. തകര്‍ച്ച തുടരുകയും ഓഹരി സൂചിക പ്രതിസന്ധികളിലൂടെ 2000 പോയിന്റെങ്കിലും താഴേക്കിറങ്ങുകയും ചെയ്താല്‍ വാങ്ങി സൂക്ഷിക്കാവുന്ന, സുരക്ഷിതമായ ഒട്ടേറെ ഓഹരികളുണ്ട്.
This entry was posted in Uncategorized by . Bookmark the permalink.