ഷാജി കൈലാസേ പുതിയതൊന്നും ഇല്ലേ..

കിങും കമ്മീഷണറും കിടിലന്‍ എന്ന റിവ്യു വായിച്ച് അക്കിടി പറ്റിപോയതിന്റെ ക്ഷീണം രണ്ടു വരി അടിച്ചു തീര്‍ക്കാമെന്നുവെച്ചു. പിള്ളേ..കലിപ്പ് തീരുന്നില്ല..മമ്മുട്ടിയും സുരേഷ് ഗോപിയും കൂടി ഇന്ത്യ മഹാരാജ്യത്തെ രക്ഷിച്ച് തോക്കുമേന്തി മടങ്ങുന്ന സീന്‍ മറക്കില്ല പൊന്നേ…തേട്ടി..തേട്ടി വരുന്നു….

കിങ്, കമ്മീഷണര്‍ എന്ന സിനിമകള്‍ അതാതു കാലഘട്ടത്തിന്റെ ശരിയായിരുന്നു. കൂടുതല്‍ പഠിച്ച്, കരുതലോടെയെടുത്ത പടങ്ങളായിരുന്നു അവ. ഈ രണ്ടു പടങ്ങളും ‘കാണാപാഠം’ പഠിച്ചാണ് ആണും പെണ്ണും കെട്ട ഒന്നിനെ ഷാജി കൈലാസും രഞ്ജിയും ചേര്‍ന്ന് പടച്ചുവിട്ടിരിക്കുന്നത്. ക്രിയേറ്റിവിറ്റിയുടെ അംശം പോലും തൊട്ടുതീണ്ടാത്ത ഒരു സ്ഥിരം ഫോര്‍മുല…

ആവര്‍ത്തനവിരസതയുണ്ടാക്കുന്ന ഡയലോഗുകള്‍,തമിഴ്‌സിനിമയെ ഓര്‍മ്മിപ്പിക്കുന്ന പരിചയപ്പെടുത്തലുകള്‍, സാങ്കേതികപരമായുള്ള യുക്തിരാഹിത്യം, അപ്‌ഡേറ്റഡാണെന്ന് തോന്നിക്കാന്‍ വേണ്ടി മുഴച്ചുനില്‍ക്കുന്ന കൂട്ടിച്ചേര്‍ക്കലുകള്‍.

ഇടിവെട്ട് ഡയലോഗുകളുണ്ടെന്ന് കരുതി ഡിക്ഷണറിയുമായി പോയവര്‍ക്ക് കരച്ചില്‍ വന്നുവെന്നതാണ് സത്യം. രഞ്ജിപണിക്കരെ മലയാളിയുടെ ടേസ്റ്റ് മാറി പോയി..പഴയവീഞ്ഞ് പുതിയ കുപ്പിയിലിട്ടു വന്നിട്ടുകാര്യമൊന്നുമില്ല…ഈ പരിപ്പ് വേവാനുള്ള സാധ്യത കുറവാണ്..

ആദ്യ പകുതി എളുപ്പത്തില്‍ കഴിഞ്ഞുപോയെന്ന പ്രതീതിയുണ്ടാക്കിയെങ്കിലും രണ്ടാം പകുതിയില്‍ ഇടക്കിടെ വാച്ച് നോക്കേണ്ടി വന്നു. പ്രധാനമന്ത്രിയുടെയും സുരക്ഷാഉപദേഷ്ടാവിന്റെയും റോളിലെത്തിയവര്‍ ഒരു വ്യത്യസ്തത തോന്നിപ്പിച്ചു. അവസാനം വില്ലന്റെ ശരീരത്തില്‍ പതാകയുള്ള വടി കുത്തിയിറക്കുന്ന ഒരൂ സീനുണ്ട്. അത് വാസ്തവത്തില്‍ പലതും പ്രതീക്ഷിച്ചെത്തിയ പ്രേക്ഷകരുടെ നെഞ്ചത്താണ് ആഴ്ന്നിറങ്ങിയത്.

ഇത്തരം റോളുകള്‍ ചെയ്യുന്നതില്‍ നിന്ന് സുരേഷ് ഗോപിയും മമ്മുട്ടിയും വിട്ടുനില്‍ക്കുന്നതാണ് നല്ലത്. കല്ലുകടി നിറഞ്ഞുനില്‍ക്കുന്ന ഈ സിനിമ ആരാധകരുടെ പിന്തുണയോടെ കുറിച്ചുദിവസം പിടിച്ചുനിന്നാല്‍ അതു തന്നെ ഭാഗ്യം.എങ്കിലും കാസനോവയേക്കാള്‍ കാശുണ്ടാക്കുമെന്നു വിചാരിക്കാം. പക്ഷേ, മുന്നോട്ടും പിന്നോട്ടും തിരിഞ്ഞു നോക്കുമ്പോഴും..തത്സമയ കമന്റുകളും കൂവലുകളും കേട്ടപ്പോഴും..അത്ര വിശ്വാസം പോര.. കണ്ടറിയാം… ആറു ദിവസം മുമ്പെ ടിക്കറ്റ് ബുക്ക് ചെയ്ത് ആദ്യദിവസം കണ്ടവരുടെ കാര്യമോര്‍ത്ത് സങ്കടം വരുന്നു. മോള് ചോദിച്ച ചോദ്യമാണ് ശരി. അച്ഛാ ഇതെപ്പഴാ തീരാ..