സെന്‍സെക്‌സ് 441 പോയിന്റ് ഇടിഞ്ഞു, നിഫ്റ്റി 5400നു താഴെ

മുംബൈ: ഈജിപ്തില്‍ തുടരുന്ന രാഷ്ട്രീയപ്രതിസന്ധികളും കുതിച്ചുയരുന്ന പണപ്പെരുപ്പവും ഇന്ന് ഓഹരി വിപണിയില്‍ കാര്യമായ പ്രതിഫലനങ്ങളുണ്ടാക്കി. മുംബൈ ഓഹരി സൂചികയായ സെന്‍സെക്‌സ് 441.16 പോയിന്റോളം താഴ്ന്ന് 180008.15ലും ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 131 പോയിന്റ് കുറഞ്ഞ് 5395.75ലുമാണ് വില്‍പ്പന അവസാനിപ്പിച്ചത്. മികച്ച സപ്പോര്‍ട്ടീവ് ലെവലായി പരിഗണിക്കുന്ന 5400നും താഴെ നിഫ്റ്റി ക്ലോസ് ചെയ്യുന്നത് ആറുമാസത്തിനിടെ ആദ്യമായിട്ടാണ്. എന്നാല്‍ ഇതില്‍ അദ്ഭുതപ്പെടാനൊന്നുമില്ലെന്നാണ് വിദഗ്ധരുടെ അഭിപ്രായം. മുമ്പത്തെ രണ്ടു ദിവസങ്ങളില്‍ വിപണിയുണ്ടാക്കിയ നേട്ടത്തില്‍ നിന്നു ലാഭം കൊയ്യാനുള്ള ഏതവസരവും നിക്ഷേപകര്‍ പ്രയോജനപ്പെടുത്തുമെന്നത് സ്വാഭാവികമാണ്. തീര്‍ച്ചയായും നിഫ്റ്റിയുടെ മുന്നോട്ടുയാത്ര പ്രവചനാതീതമാണ്. ലഭിച്ച അവസരങ്ങളിലെല്ലാം വിദേശനിക്ഷേപക സ്ഥാപനങ്ങള്‍ വില്‍പ്പന നടത്തിയിട്ടുണ്ട്. അതെല്ലാം ഡോളര്‍ അടിസ്ഥാനനിക്ഷേപങ്ങളിലേക്ക് ഒഴുകുകയാണ്. കൂടാതെ പണം നിക്ഷേപിക്കുന്നതില്‍ നിന്ന് ഒട്ടുമിക്കവരും വിട്ടുനില്‍ക്കുകയാണ്. ഈ പോക്കുപോയാല്‍ നിഫ്റ്റി 5100 ലെവല്‍ വരെ താഴുമെന്ന കാര്യത്തില്‍ സംശയം വേണ്ട. അതേ സമയത്ത് വിദേശനിക്ഷേപ സ്ഥാപനങ്ങള്‍ കൂട്ടത്തോടെ വിപണി കൈവിട്ടാലും തല്‍ക്കാലം പേടിക്കാനില്ലെന്ന് ചിലര്‍ വിലയിരുത്തുന്നുണ്ട്. കാരണം ഇന്‍ഷുറന്‍സ് മേഖലയില്‍ പണം നിക്ഷേപിച്ചിട്ടുള്ള ആഭ്യന്തരവിപണിയിലുള്ളവരുടെ ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലെ പ്രീമിയം കൂടുതലാണെന്നതാണ് ഇതിനൊരു കാരണം. ഇതുവരെ 1.5 ബില്യണ്‍ ഡോളര്‍ പണമാണ് വിദേശനിക്ഷേപസ്ഥാപനങ്ങള്‍ പിന്‍വലിച്ചത്. ഇനി 2.5 ബില്യണ്‍ ഡോളര്‍ കൂടി പിന്‍വലിക്കാനുള്ള സാധ്യതയുണ്ട്. ഇന്നത്തെ ഇടിവ് എല്ലാ മേഖലയെയും ഒരു പോലെ ബാധിച്ചു. ടു ജി സ്‌പെക്രട്രം അഴിമതിക്കേസുമായി ബന്ധപ്പെട്ടുള്ള സി.ബി.ഐ അന്വേഷണത്തില്‍ പരാമര്‍ശിക്കപ്പെട്ടിരിക്കുന്നതിനാല്‍ ഡി ബി റിയാലിറ്റി, യൂനിടെക് ഓഹരികള്‍ക്ക് ഇന്നു കാര്യമായ തിരിച്ചടിയേറ്റു. ജെയിന്‍ ഇറിഗേഷന്‍, വെല്‍സ്പണ്‍, ഡിവിസ് ലാബ്, അരബിന്ദോ ഫാര്‍മ, ഓയില്‍ ഇന്ത്യ ലിമിറ്റഡ് ഓഹരികള്‍ തകര്‍ച്ചക്കിടയിലും തിളങ്ങി. സണ്‍ ടി വി, നാഗാര്‍ജുന കണ്‍സ്ട്രക്ഷന്‍, കുമ്മിന്‍സ് കമ്പനികള്‍ക്ക് ഇന്നു നല്ല ദിവസമായിരുന്നില്ല.