സ്വര്‍ണം: ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ ഇപ്പോള്‍ പലരും സ്വര്‍ണത്തിലാണ് പണമിറക്കുന്നത്. എന്നാല്‍ ചിലപ്പോഴൊക്കെ മഞ്ഞലോഹത്തിന്റെ വിലയില്‍ വന്‍ ഇടിവാണുണ്ടാകാറുള്ളത്. എന്തൊക്കെ കാരണങ്ങളാലാണ് സ്വര്‍ണത്തിന്റെ വിലയില്‍ കുറവുണ്ടാവുന്നത്.

അത്യാവശ്യഘട്ടത്തില്‍ ഉപയോഗിക്കുന്നതിനുവേണ്ടി രാജ്യങ്ങള്‍ കരുതല്‍ ധനം സ്വര്‍ണമായി സൂക്ഷിക്കാറുണ്ട്. അമേരിക്കയാണ് ഇക്കാര്യത്തില്‍ ഏറ്റവും മുന്നില്‍. ഏതെങ്കിലും പ്രതിസന്ധിയില്‍ അമേരിക്ക സ്വര്‍ണം വിറ്റ് പ്രശ്‌നം പരിഹരിക്കാന്‍ തീരുമാനിച്ചാല്‍ വില കുറയും. അന്താരാഷ്ട്ര നാണയ നിധി(ഐഎംഎഫ്)യുടെ കൈയിലും വേണ്ടത്ര സ്വര്‍ണമുണ്ട്. ഒന്നിച്ചുള്ള ഏത് വില്‍പ്പനയും വില താഴ്ത്തും.

ഡോളറിന്റെ വില കൂടിയാല്‍ സ്വര്‍ണത്തിന്റെ വിലകുറയും. കാരണം സ്വര്‍ണത്തിന്റെ വില ഡോളറിലാണ് കണക്കുകൂട്ടുന്നത്. വാങ്ങാന്‍ ചെലവേറുന്നതോടെ പലരും വിട്ടുനില്‍ക്കും.

ഓഹരി വിപണി ഇടിയുന്നതുകൊണ്ടാണ് സ്വര്‍ണം മികച്ച നിക്ഷേപമായി മാറുന്നത്. ആഗോളതലത്തില്‍ തന്നെ വിപണികള്‍ മെച്ചപ്പെട്ട പ്രകടനം നടത്തുകയാണെങ്കില്‍ ആളുകളുടെ ശ്രദ്ധ വീണ്ടും ഓഹരിയിലേക്ക് തിരിയും. ഇതോടെ കൈയിലുള്ള സ്വര്‍ണം വിറ്റൊഴിവാക്കും.

പണപ്പെരുപ്പം കുറയുക, അമേരിക്കന്‍ കടപ്പത്രങ്ങളുടെ ആവശ്യകതയും റേറ്റിങും വര്‍ധിക്കുക, യൂറോപ്യന്‍ രാജ്യങ്ങളിലെ സാമ്പത്തിക മാന്ദ്യം മാറുക തുടങ്ങിയ ഒട്ടനവധി കാര്യങ്ങള്‍ ഉണ്ടെങ്കിലും ഏറ്റവും എളുപ്പം മനസ്സിലാവുന്നതും ഏറ്റവും സ്വാധീനിക്കുന്നതുമായ ഘടകങ്ങള്‍ മുകളില്‍ പറയുന്നതാണ്.

original story from oneindia.in