കലാനാഥന്‍ മാഷ്‌ക്കെതിരേയുള്ള ആക്രമണം അപലപനീയം

പദ്മനാഭസ്വാമി ക്ഷേത്രത്തിലെ നിധി എന്തു ചെയ്യണമെന്ന അഭിപ്രായപ്രകടനത്തിന്റെ പേരില്‍ കലാനാഥന്‍ മാഷുടെ വീടിനുനേരെയുണ്ടായ ആക്രമണം അങ്ങേയറ്റം അപലപനീയമാണ്.
ചര്‍ച്ചയില്‍ കലാനാഥന്‍ മാഷുടെ അഭിപ്രായമാണ് ചോദിച്ചത്. അദ്ദേഹം അതിനുള്ള മറുപടി പറയുകയും ചെയ്തു. മറുപടിക്കുള്ള മറുപടി കൈകൊണ്ടായിപോയത് തീര്‍ത്തും നിര്‍ഭാഗ്യകരമാണ്. മികച്ച നേതാവും തന്റെ അഭിപ്രായളെ പ്രായോഗികവല്‍ക്കരിക്കുകയും ചെയ്ത അപൂര്‍വം നേതാക്കളിലൊരാളാണ് മാഷ്. വള്ളിക്കുന്ന് പഞ്ചായത്ത് പ്രസിഡന്റ് എന്ന നിലയില്‍ ദേശീയ ശ്രദ്ധ  നേടിയ അദ്ദേഹത്തിനുനേരെ ആക്രമണം നടത്തിയവര്‍ ചെറുതാവുകയാണ് ചെയ്തത്.

നിധി തൊടാന്‍ സമ്മതിക്കില്ലെന്ന് നായര്‍ പ്രമാണികളും ഫാസിസ്റ്റുകളും മുറവിളി മുഴക്കിയതിനെ അദ്ദേഹം എതിര്‍ത്തിരുന്നു. അത് കലനാഥന്‍ മാഷുടെ അഭിപ്രായമാണ്. അതിനെ അങ്ങനെ വേണം എടുക്കാന്‍. അതിനുപകരം അതിനെതിരേ കൈവാളുമെടുത്തിറങ്ങുന്നവരും മൂവാറ്റുപ്പുഴയില്‍ അധ്യാപകന്റെ കൈവെട്ടിയവരും തമ്മില്‍ യാതൊരു വ്യത്യാസവും ഇല്ല. രണ്ടും ഒരു പോലെ അപകടമാണ്. അഭിപ്രായം പറയാനുള്ള ഒരാളുടെ അവകാശത്തെ ചോദ്യം ചെയ്യുന്ന് ശരിയല്ല. ആ അഭിപ്രായത്തോടെ നിങ്ങള്‍ വിയോജിപ്പ് പ്രകടിപ്പിക്കാം. അതും സാമൂഹ്യപരമായി മാനിക്കപ്പെടുന്ന ഒരാളാണെങ്കില്‍ മാത്രം. അല്ലെങ്കില്‍ ഒരു ചെവിയിലൂടെ കേട്ട് മറുചെവിയിലൂടെ വിടണം. പക്ഷേ, ഈ അഭിപ്രായ സ്വാതന്ത്ര്യം എന്തു വിളിച്ചുപറയാനുള്ള ലൈസന്‍സായി തെറ്റിദ്ധരിക്കരുത്. ഇനി അങ്ങനെ വിളിച്ചുപറഞ്ഞാല്‍ അതിനുള്ള ശിക്ഷാനടപടി സ്വീകരിക്കാന്‍ ആരും ആരെയും ചുമതലപ്പെടുത്തിയിട്ടില്ല. ആരും അങ്ങനെ ഒന്നിന്റെ സംരക്ഷകരായി ചമയുന്നത് നന്നല്ല.
വാസ്തവത്തില്‍ ഈ ഒരു നടപടി കൊണ്ട് കലനാഥന്‍ മാഷുടെ നിലപാട് കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുകയാണ് ചെയ്യുക.