ജനുവരി ഒന്നിന് സ്വിച്ചിട്ടതുപോലെ നന്നാവുകയെന്നത് പ്രായോഗികമല്ല. താഴെ പറയുന്ന പല കാര്യങ്ങളും നേരത്തെ തന്നെ നടപ്പാക്കി തുടങ്ങിയതാണ്. പക്ഷേ, ഒരു പുതുവര്‍ഷമൊക്കെ വരികയല്ലേ.. ഒരു നാട്ടുനടപ്പിന്റെ ഭാഗമായി അടുത്ത വര്‍ഷത്തേക്കുള്ള ചിന്തകള്‍ സമര്‍പ്പിക്കുന്നു.
1 ബിസിനസ്, സ്പോര്‍ട്സ്, സിനിമ എന്നിവ പ്രിയപ്പെട്ട മൂന്നു മേഖലകളാണ്. കൂടുതല്‍ ശ്രദ്ധ ഇവിടേയ്ക്ക് തിരിയ്ക്കാന്‍ പുതുവര്‍ഷം വഴിയൊരുക്കുമെന്ന് കരുതുന്നു. 23 വര്‍ഷത്തോളമായി ചെയ്യുന്ന ജോലിയോടുള്ള സമീപനത്തില്‍ വലിയ മാറ്റങ്ങള്‍ വരുത്തണമെന്ന് ആഗ്രഹിക്കുന്നു. ക്രിയാത്മകമായ ഇടപെടലുകളിലൂടെ ചില അടയാളപ്പെടുത്തലുകള്‍ നടത്താന്‍ ആഗ്രഹിക്കുന്നു. കരിയറുമായി ബന്ധപ്പെട്ട പുതിയ പുതിയ സാങ്കേതിക വിദ്യകളില്‍ അതിവേഗം നൈപുണ്യം നേടുകയെന്നതും ലക്ഷ്യത്തിലുണ്ട്.
2 കണ്ടന്റ്, മാനേജ്മെന്റ് പരിചയത്തിനപ്പുറം സെയില്‍സിന്റെയും മാര്‍ക്കറ്റിങിന്റെയും രസതന്ത്രം കൂടുതല്‍ മനസ്സിലാക്കണമെന്ന് ആഗ്രഹിക്കുന്നു. ഒരു നല്ല മാനേജിങ് എഡിറ്ററാകാന്‍ ഇതെല്ലാം അത്യാവശ്യമാണെന്ന് ചിന്തിക്കുന്നു. കൂടാതെ മേഖലയിലെ ഒരു ഓള്‍റൗണ്ടറാവുകയെന്നതാണ് സ്വപ്നം.
3 ഒമ്പത് വര്‍ഷത്തോളം നീണ്ട ബാംഗ്ലൂര്‍ ജീവിതത്തിന് പുതുവര്‍ഷത്തോടെ അവസാനമാകുമെന്നാണ് കരുതുന്നത്. നാടിന്റെ ചൂടിലേക്ക് ചാടുന്നതിനെ ചിലരെങ്കിലും പൊട്ടത്തരം എന്നു പറയുന്നുണ്ടെങ്കിലും വളരെ ആലോചിച്ചെടുത്ത തീരുമാനമാണ്. കാരണം കംഫര്‍ട്ട് സോണില്‍ ഇരിയ്ക്കുന്നത് പലപ്പോഴും മടിയനാക്കുന്നു. എപ്പോഴും ആക്ടീവായിരിക്കണമെന്ന് ആഗ്രഹിക്കുന്നു. ഒന്നോ രണ്ടോ വര്‍ഷത്തിനുശേഷം കമ്പനി മറ്റൊരു ദൗത്യമേല്‍പ്പിച്ചാല്‍ അതുമായി പോകാന്‍ മടിയില്ലെന്ന് ചുരുക്കം.
4 ഹരിതാഭയും പച്ചപ്പും–ഈ സെന്റിമെന്റെിലൊന്നിലും വിശ്വാസമില്ലെങ്കിലും നമ്മുടെ കുട്ടികള്‍ക്ക് നാട്ടിലെ വിദ്യാഭ്യാസമാണ് നല്ലതെന്ന് കരുതുന്നു. മോശമല്ലാത്ത ബേസിക് രണ്ടു പേര്‍ക്കും ആയിട്ടുള്ളതിനാല്‍ നാട്ടിലെത്തിയാല്‍ ബുദ്ധിമുട്ടുണ്ടാകില്ലെന്നാണ് കരുതുന്നത്. വലിയ ക്ലാസ്സിലേക്ക് മാറുന്നതിന് അനുസരിച്ച് മൂവിങ് എളുപ്പമാകില്ല. കാരണം മലയാളം, കൂടാതെ കുട്ടികളും വരാന്‍ മടി കാണിച്ചു തുടങ്ങും. കുട്ടികളെ നാട്ടിലേക്ക് മാറ്റുന്നു.
5 സെറ്റില്‍മെന്റ് എന്ന കണ്‍ഫ്യൂഷനും 2019 എന്തെങ്കിലും ഉത്തരം തരുമെന്ന പ്രതീക്ഷയുണ്ട്. മനസ്സില്‍ ചില പദ്ധതികളും ഉണ്ട്. കുടുംബവീട് എന്നതിനേക്കാളും സ്വന്തമായൊരു വീട്, അത് എല്ലാവരുടെയും സ്വപ്നമാണല്ലോ. ഒരു വർഷം കൊണ്ടൊന്നും നടക്കില്ലെങ്കിലും ആ ലക്ഷ്യത്തിലേക്ക് കുറച്ച് ദൂരം നടക്കാനാകണം.
6 ജോലിയും ജീവിതവും വേറെ വേറെയാക്കാന്‍ ശ്രമിക്കും. ഇതിനായി പ്രത്യേക ആസൂത്രണം മനസ്സിലുണ്ട്. (നടന്നാല്‍ മതിയായിരുന്നു). ആറു മണിക്കൂര്‍ മിനിമം ഉറക്കം ഉറപ്പാക്കും. കുട്ടികളോടൊത്ത് കൂടുതല്‍ സമയം ചെലവഴിക്കാന്‍ ശ്രമിക്കും.
7 വേട്ടയാടുന്ന ചില ബാധ്യതകളെ 2019ഓടെ പരിപൂര്‍ണമായും ക്ലോസ്സാക്കാനാകുമെന്നാണ് പ്രതീക്ഷ. അതിന് പ്രഥമ പ്രയോറിറ്റി നല്‍കിയിട്ടുണ്ട്. 2009ല്‍ തുടങ്ങിയ പോരാട്ടം. ഇതിനെ പോസിറ്റീവായി നോക്കി കാണാനാണ് ആഗ്രഹിക്കാറുള്ളത്. പോരാട്ട വീര്യത്തിന് ഇന്ധനമായത് പലപ്പോഴും ഈ പ്രതിസന്ധിയാണ്.
8 കൂടുതല്‍ യാത്രകള്‍ നടത്തണമെന്ന് ആഗ്രഹിക്കുന്നു. 2018ല്‍ ഇക്കാര്യത്തില്‍ നല്ല പുരോഗതിയുണ്ടായിരുന്നു. 2019ല്‍ അത് കൂടുതല്‍ ദൂരത്തേക്ക് വ്യാപിപ്പിക്കണമെന്ന് ആഗ്രിഹിക്കുന്നു.
9 ജോലിയുടെ ആവശ്യത്തിനോ പഠിയ്ക്കുന്നതിനോ വേണ്ട ഡിജിറ്റല്‍ വായന മാത്രമേ ഉള്ളൂ. പുസ്തക വായന കൂട്ടണമെന്ന് ആഗ്രഹിക്കുന്നു.
10 പ്രജിയുടെ ഡിജിറ്റല്‍ കണ്‍സള്‍ട്ടിങ് കമ്പനിയെ കേരളത്തിലെ നമ്പര്‍ വണ്‍ ബ്രാന്‍ഡുകളിലൊന്നാക്കി മാറ്റുകയും അതിലൂടെ അവളെ സ്വയം പര്യാപ്തമാക്കുകയും ചെയ്യുകയെന്നതും പുതുവര്‍ഷ ലക്ഷ്യത്തിന്റെ ഭാഗമാണ്. ഈ ലക്ഷ്യത്തിനുവേണ്ടി പ്രജിയ്ക്ക് കൂടുതല്‍ പ്രചോദനം നല്കാന് കഴിയുമെന്നാണ് പ്രതീക്ഷ.
#NewYearResolution, #HappyNewYear, #Welcome2019, #YearEnd2018