നെ​ഗറ്റീവ് ചിന്തകളെ മുൻവിധികളൊന്നുമില്ലാതെ സ്വീകരിക്കാൻ തയ്യാറാകണം

ഉത്‌ക്കണ്‌ഠ പലപ്പോഴും ജോലിയുടെ ഒഴിവാക്കാനാകാത്ത ഘടകമാണ്. ഇതിനെ മറികടക്കാൻ ഏറ്റവും നല്ല മാർ​ഗ്​ഗം ആക്സപ്റ്റൻസ് കമ്മിറ്റ്മെന്റ് തെറാപ്പി(എസിടി)യാണെന്ന് വിദ​ഗ്ധർ അഭിപ്രായപ്പെടുന്നുണ്ട്. നെ​ഗറ്റീവ് ചിന്തകളെ തീർത്തും നിഷ്പക്ഷതയോടെ, മുൻവിധികളൊന്നുമില്ലാതെ സ്വീകരിക്കാൻ തയ്യാറാകണം. എന്തിനാണ് നെ​ഗറ്റീവ് ചിന്തകളെ ശത്രുക്കളായി കരുതുന്നത്. അങ്ങനെ കാണുമ്പോൾ നിങ്ങൾ നിങ്ങളോട് തന്നെയാണ് പോരാടുന്നത്. നിങ്ങളെ ഭയപ്പെടുത്തുന്ന കാര്യങ്ങളെ ആട്ടിയകറ്റുന്നതിനു പകരം ഇത്തിരി മാന്യതയോടു കൂടി ട്രീറ്റ് ചെയ്യാൻ ശ്രമിച്ചാൽ ഒരു പരിധി വരെ ഉത്കണ്ഠ കൊണ്ടുള്ള പ്രശ്നങ്ങളിൽ നിന്നും രക്ഷപ്പെടാം.
സ്ട്രെസ്സ് എന്നു പറയുന്നത് ദോഷമായ കാര്യമാണെന്ന് ചിന്തിക്കുന്നതാണ് ആദ്യം ഒഴിവാക്കേണ്ടത്. അതിനു പകരം സ്ട്രെസ്സിനെ എങ്ങനെ ഫലപ്രദമായി ഉപയോ​ഗപ്പെടുത്താമെന്ന രീതിയിലേക്ക് നമ്മുടെ ചിന്തകളെ നയിക്കാൻ സാധിക്കണം. സ്ട്രെസ്സിനുള്ളിൽ കുടുങ്ങി കിടക്കുന്നതിനു പകരം ആ സ്ട്രെസ്സിനെ നമ്മളെ തന്നെ മെച്ചപ്പെടുത്തിയെടുക്കാനുള്ള സൗകര്യമായി ചിന്തിക്കാൻ തുടങ്ങിയാൽ കാര്യങ്ങൾ കുറെ കൂടി എളുപ്പമാകും. മൂന്നു കാര്യങ്ങൾ ശ്രദ്ധിച്ചാൽ കുറെ കൂടി പോസിറ്റീവ് റിസൽറ്റ് കിട്ടും.
1 സ്ട്രെസ്സ് ഉണ്ടെന്ന കാര്യം അം​ഗീകരിക്കാൻ തയ്യാറാകണം. അതിനോടൊപ്പം ജോലി ചെയ്യാൻ അല്ലെങ്കിൽ ജീവിയ്ക്കാൻ ശ്രമിക്കണം.
2 അടിസ്ഥാനപരമായ കാര്യം നിങ്ങൾക്ക് പ്രിയപ്പെട്ട ജോലി അല്ലെെങ്കിൽ പ്രധാനപ്പെട്ട എന്തോ ആണ് നിങ്ങളിൽ സ്ട്രെസ്സുണ്ടാക്കുന്നത്. തീർച്ചയായും നിങ്ങൾ തിരിച്ചറിയേണ്ടത് ആ സ്ട്രെസ്സിനു പിറകിലുള്ള പോസിറ്റീവ് മോട്ടിവേഷനാണ്. അത് നിങ്ങൾക്ക് എത്ര മാത്രം പ്രധാനപ്പെട്ടതാണ്? ഇത് നിങ്ങളെ ഏത് രീതിയിൽ ബാധിക്കുന്നു?
3 മൂന്നാമതായി തിരിച്ചറിയേണ്ടത് ഈ സ്ട്രെസ്സ് അതിന്റെ പ്രാധാന്യത്തേക്കാളും നിങ്ങളുടെ എനർജി കളയുന്നുണ്ടോ എന്ന് കണ്ടെത്തുകയാണ്. നമ്മുടെ ജീവിതത്തിന് ഓരോ ലക്ഷ്യങ്ങൾ ഉണ്ടാകുമല്ലോ, അത്തരം ലക്ഷ്യങ്ങൾക്കും മൂല്യങ്ങൾക്കും എത്രമാത്രം ​സഹായകമാണ് ആ സ്ട്രെസ്സെന്ന് തിരിച്ചറിയാൻ സാധിക്കണം.