നിങ്ങള്‍ നിങ്ങളെ മറ്റുള്ളവരുമായി താരതമ്യം ചെയ്യാറുണ്ടോ?

“Enjoy your own life without comparing it with that of another.” – Marquis de Condorcet

നമ്മുടെ ജീവിതം നമ്മൾ തിരഞ്ഞെടുക്കുന്നതാണ്. അല്ലാതെ മറ്റുള്ളവരോ ചുറ്റുപ്പാടോ തീരുമാനിക്കുന്നതല്ല. ആത്മാര്‍ത്ഥമായി വിചാരിച്ചാൽ ജീവിതത്തിൽ നിങ്ങൾക്കു എന്തും നേടിയെടുക്കാൻ സാധിക്കും. എന്നാൽ ഈ ലോകത്തിലെ എല്ലാ കാര്യങ്ങളും നേടിയെടുക്കാൻ സാധിക്കില്ല. പലതും നമുക്ക് തീർച്ചയായും നഷ്ടപ്പെടും..

മറ്റുള്ളവരോട് നമ്മളെ താരതമ്യം ചെയ്യുമ്പോൾ നിങ്ങൾ ആദ്യം ആലോചിക്കേണ്ട കാര്യവും ഇതാണ്. നമ്മൾ ജീവിതത്തിൽ ചിലതെല്ലാം നേടിയിട്ടുണ്ട്. മറ്റുള്ളവരും. അവരുടെ ഏറ്റവും മികച്ച സം​​ഗതികളെ നമ്മുടെ ശരാശരി കാര്യങ്ങളുമായി താരതമ്യം ചെയ്യുന്പോഴാണ് പ്രശ്നങ്ങൾ തുടങ്ങുന്നത്. ഇടംകൈകൊണ്ട് നന്നായി ബാഡ്മിന്റൺ കളിയ്ക്കുന്ന ഒരാളെ നമ്മൾ നിർബന്ധിച്ച് വലം കൈകൊണ്ട് മറ്റൊരു വലംകൈയ്യനുമായി കളിയ്ക്കാൻ വിട്ടാൽ എങ്ങനെയിരിക്കും. തീർച്ചയായും അതു തന്നെയാണ് നമ്മൾ നമ്മളെ മറ്റുള്ളവരെ താരതമ്യം ചെയ്യുമ്പോൾ നടക്കുന്നത്. വ്യക്തികളെ വ്യക്തികളുമായി താരതമ്യം ചെയ്യുന്നത് തീര്‍ത്തും അശാസ്ത്രീയമായ കാര്യമാണ്.

രണ്ടു വ്യക്തികളെ താരതമ്യം ചെയ്യാൻ ശ്രമിക്കുന്നത് എപ്പോഴും സന്തോഷമില്ലായ്മയ്ക്ക് കാരണമാകുമെന്ന് തിരിച്ചറിയണം. നിങ്ങൾ നിങ്ങളായിരിക്കുമ്പോൾ, മറ്റുള്ളവരോട് താരതമ്യം ചെയ്യുന്നത് തീർത്തും യുക്തിപരമല്ല. മറ്റുള്ളവരുമായി താരതമ്യം ചെയ്യുമ്പോൾ നമ്മൾ എവിടെയാണ് നിൽക്കുന്നതെന്നു മാത്രമാണ് തിരിച്ചറിയേണ്ടത്. അതിനു ശേഷം ശ്രദ്ധിക്കേണ്ടത്. ഇപ്പോൾ നിങ്ങൾക്ക് എന്തു ചെയ്യാൻ സാധിക്കും? നിങ്ങളെ നിങ്ങൾക്ക് എങ്ങനെ മെച്ചപ്പെടുത്താൻ സാധിക്കും അല്ലാതെ അവരെ പോലെ ആകണമെന്നല്ല ചിന്തിക്കേണ്ടത്. അത്തരം അനുകരണ ചിന്തകളും വാശികളും കടന്നു വന്നാൽ അത് നമ്മുടെ ജീവിതത്തെ ഏറെ ബുദ്ധിമുട്ടിലേക്ക് കൊണ്ടു പോകും.

മറ്റുള്ളവരുടെ പ്രതീക്ഷയ്ക്കൊത്ത് ഉയരുന്നില്ലെന്ന തോന്നൽ നിങ്ങൾക്കുണ്ടോ? എങ്കിൽ അതു വളരെ മോശം ചിന്തയാണ്. അവർ ചിന്തിക്കുന്നതു പോലെ നിങ്ങൾ ചിന്തിക്കാൻ ശ്രമിക്കുമ്പോഴാണ് ഈ പ്രശ്നം ഉയർന്നു വരുന്നത്. അവരുടെ പരിചയസമ്പത്തും പ്രതീക്ഷകളും ചേർത്തു കാഴ്ചമങ്ങിപ്പിച്ച ഒരു കണ്ണടയിലൂടെ തന്നെ നിങ്ങളും നോക്കാൻ ശ്രമിക്കുമ്പോഴാണ് പ്രശ്നങ്ങൾ ഉണ്ടാകുന്നത്. ഇവിടെയാണ് നിങ്ങൾക്ക് ഒരു നിലപാട് ഉണ്ടായിരിക്കേണ്ടത്. മറ്റുള്ളവരെ ബോധ്യപ്പെടുത്താനോ മത്സരിക്കാനോ ഉള്ളതല്ല എൻറെ ജീവിതം എന്നു തിരിച്ചറിയാൻ സാധിക്കണം.

ഇതിനർത്ഥം നല്ല ഉപദേശങ്ങൾ നൽകുന്നവരെ നിരാകരിക്കണം എന്നല്ല. നിങ്ങളുടെ ജീവിതത്തിന് മുതൽക്കൂട്ടാകുന്ന കാര്യങ്ങളെ തിരിച്ചറിയാൻ സാധിക്കണം. കാരണം നിങ്ങളുടെ ജീവിതം നിങ്ങളുടെ മാത്രമാണ്. അതുകൊണ്ട് മനസ്സിൽ വ്യക്തികളുമായി നിങ്ങളെ താരതമ്യം ചെയ്യുന്നത് അവസാനിപ്പിക്കണം. നിങ്ങൾ നിങ്ങളുടെ ഉള്ളിലേക്ക് ഇറങ്ങി ചെന്ന്, അവിടെ എന്താണ് ആവശ്യമെന്ന് തിരിച്ചറിയാൻ ശ്രമിക്കണം. മറ്റുള്ളവരുടെ ജീവിതത്തിൽ ഇടപെടാനും കളിയ്ക്കാനും എളുപ്പമാണ്.

എന്നാൽ സ്വന്തം ജീവിതത്തിൽ ഒരു പ്ലാനുണ്ടാക്കുകയെന്നത് നിങ്ങൾക്കു മാത്രം ചെയ്യാൻ കഴിയുന്ന കാര്യമാണ്. ആ പ്ലാനിൽ വേണം നിങ്ങൾ ജീവിയ്ക്കാൻ. ജീവിതത്തിലെ പ്രധാനപ്പെട്ട കാര്യങ്ങളെല്ലാം സംഭവിക്കുന്നത് നമ്മുടെ മനസ്സിനുള്ളിൽ നിന്നു തന്നെയാണ്. നിങ്ങൾക്ക് മാത്രം നന്നായി ചെയ്യാൻ കഴിയുന്ന ഒട്ടേറെ കാര്യങ്ങളുണ്ടെന്ന് തിരിച്ചറിയണം. നിങ്ങൾ നിങ്ങളെ താരതമ്യം ചെയ്യേണ്ടത്..നിങ്ങളുടെ തന്നെ ഇന്നലെയുമായാണ്. എന്തു വ്യത്യാസം നിങ്ങളിൽ ഉണ്ടായെന്നും എന്തൊക്കെ മാറ്റങ്ങളാണ് വരുത്തേണ്ടതെന്നും ഈ താരതമ്യത്തിലൂടെയാണ് കണ്ടെത്തേണ്ടത്. അല്ലാതെ മറ്റേതെങ്കിലും വ്യക്തിയെ നോക്കിയായിരിക്കരുത് നമ്മുടെ ജീവിതം മുന്നോട്ടു കൊണ്ടു പോകേണ്ടത്. നിങ്ങൾ നിങ്ങളായിരിക്കുക. താരതമ്യം നിങ്ങളെ ദുഖത്തിലേക്കു മാത്രമേ നയിക്കൂ..

ഇത്രയും കാലം ജീവിച്ചതിനും ഇങ്ങനെ ജീവിയ്ക്കാൻ സാധിച്ചതിനും അഭിമാനിക്കുന്ന ഒരാളാണ് ഞാൻ. ഇങ്ങനെയൊക്കെ ജീവിയ്ക്കാൻ കഴിയുന്നതിൽ ആശ്വസിക്കാറുണ്ട്. കാരണം ഇത്രയും കാലം ജീവിച്ചതെല്ലാം എന്റെ സ്വന്തം ഇഷ്ടത്തിനാണ്. .നൂറു ശതമാനവും എന്റെ തീരുമാനങ്ങൾ തന്നെയാണ് എന്നെ മുന്നോട്ട് നയിച്ചിരുന്നത്. പോളിസികളിൽ തെറ്റുകൾ വന്നിട്ടുണ്ടെങ്കിൽ കാലാ കാലങ്ങളിൽ തിരുത്തലുകളും വരുത്താറുണ്ട്. അറിവ് നേടാനുള്ള അവസരങ്ങളൊന്നും തന്നെ നഷ്ടപ്പെടുത്താറുമില്ല. പറഞ്ഞു വരുന്നത്..നിങ്ങള്‍ നിങ്ങളെ മെച്ചപ്പെടുത്തി കൂടുതൽ ഉയരങ്ങളിലേക്ക് കുതിക്കാനാണ് നോക്കേണ്ടത് എന്നാണ്..തളര്‍ന്നിരിക്കരുത്.. പോരാടൂ.. തോല്‍ക്കാന്‍ എല്ലാവര്‍ക്കും സാധിക്കും. എന്നാല്‍ തോല്‍വികളില്‍ നിന്നും ഫീനിക്സ് പക്ഷിയെ പോലെ കുതിച്ചുയരുന്നിടത്താണ് മിടുക്ക്..