ഫിക്‌സഡ് മൈന്‍ഡ് സെറ്റും ഗ്രോത്ത് മൈന്‍ഡ് സെറ്റും

ഒരു ബിസിനസ്സ് ഓപ്പറേറ്റ് ചെയ്യുമ്പോള്‍ നിരന്തരം അഭിമുഖീകരിക്കുന്ന രണ്ട് മൈന്‍ഡ് സെറ്റുകളാണ് ഗ്രോത്തും ഫിക്‌സഡും. എന്താണ് ഇവ തമ്മിലുള്ള വ്യത്യാസം. ആദ്യം മൈന്‍ഡ് സെററ് എന്താണെന്ന് നോക്കാം. അയാളെ കുറിച്ചും അയാളുടെ ചുറ്റുപ്പാടിനെ കുറിച്ചും അയാള്‍ക്കുള്ള കാഴ്ചപ്പാടിനെ നമുക്ക് എളുപ്പത്തില്‍ മൈന്‍ഡ് സെറ്റ് എന്നു വിളിക്കാം. ഒരാളുടെ ജീവിതത്തില്‍ വളരെ സ്വാധീനം ചെലുത്താന്‍ കഴിവുള്ളതാണ് ഈ മാനസികാവസ്ഥ അല്ലെങ്കില്‍ മൈന്‍ഡ് സെറ്റ്. ശരിയായ മൈന്‍ഡ് സെറ്റുള്ള ഒരാളുടെ ജീവിതം അതുകൊണ്ട് തന്നെ സന്തോഷവും വിജയകരവുമായിരിക്കും.

അറിവും കഴിവും തുടര്‍ച്ചയായ കഠിനാധ്വാനത്തിലൂടെ നേടിയെടുക്കാമെന്ന് ഉറച്ച് വിശ്വസിക്കുന്നവരാണ് ഗ്രോത്ത് മൈന്‍ഡ് സെറ്റുള്ളവര്‍. ഇല്ലാത്തത് എല്ലാം നേടിയെടുക്കാമെന്ന ആത്മവിശ്വാസമുള്ളവരാണ് ഇവര്‍. ജീവിതത്തില്‍ പരാജയപ്പെടുന്നതിനും പരീക്ഷണങ്ങള്‍ നടത്തുന്നതിനും യാതൊരു മടിയുമില്ലാത്തവരാണ് ഗ്രോത്ത് മൈന്‍ഡ് സെറ്റുള്ളവര്‍. പരാജയങ്ങളെ പുതിയ പാഠങ്ങള്‍ പഠിയ്ക്കാനുള്ള അവസരങ്ങളായാണ് ഇത്തരക്കാര്‍ കരുതുക.

എന്നാല്‍ ഫിക്‌സഡ് മൈന്‍ഡ് സെറ്റുള്ളവര്‍ എനിക്ക് അറിവും കഴിവും ഉണ്ടെന്ന് ചിന്തിക്കുന്നവരാണ്.. ഉറച്ച ഈ വിശ്വാസത്തില്‍ കാലം കൊണ്ട് യാതൊരു മാറ്റവും വരാന്‍ പോകുന്നില്ലെന്ന് ചിന്തിക്കുന്നവരാണ്. ഇത്തരക്കാര്‍ക്ക് ഒരു കാര്യത്തിനോട് ഐക്യപ്പെടാന്‍ പറ്റിയില്ലെങ്കില്‍ ജീവിതകാലം മുഴുവന്‍ ഈ വിയോജിപ്പ് മനസ്സിലുണ്ടാകും. ഇത്തരക്കാര്‍ പ്രശ്‌നങ്ങളെയും അവസരങ്ങളെയും ഉപയോഗപ്പെടുത്താന്‍ ആഗ്രഹിക്കാത്തവരായിരിക്കും. അവര്‍ ഒരു ഫിക്‌സഡ് മൈന്‍ഡ് സെറ്റില്‍ മുന്നോട്ടു നീങ്ങും. അവര്‍ എപ്പോഴും അവരുടെ ഭാഷയില്‍ ശരിയുമായിരിക്കും. ഇത്തരക്കാര്‍ കഴിഞ്ഞ കാല നേട്ടങ്ങളില്‍ അഭിരമിക്കുന്നവരായിരിക്കും. ചിലരെല്ലാം കഴിവോടു കൂടി ജനിച്ചവരും മറ്റുള്ളവര്‍ അങ്ങനെയല്ലാതെ ജനിച്ചവരുമാണെന്ന ആറ്റിറ്റിയൂഡായിരിക്കും ഇവര്‍ക്ക് ഉണ്ടാവുക.

പരാജയം ശാശ്വതമല്ലെന്ന് ചിന്തിക്കുന്നവരാണ് ഗ്രോത്ത് മൈന്‍ഡ് സെറ്റുള്ളവര്‍. അതുകൊണ്ട് തന്നെ ഇത്തരക്കാര്‍ പ്രകടനത്തില്‍ സ്ഥിരത പുലര്‍ത്തുകയും ഒരിക്കലും കീഴടങ്ങി കൊടുക്കാന്‍ തയ്യാറാവുകയും ചെയ്യില്ല. മറ്റുള്ളവരുടെ വിജയത്തില്‍ ആഹ്ലാദിക്കുകയും അതിനെ മോട്ടിവേഷനായി എടുക്കാനാണ് ഗ്രോത്ത് മൈന്‍ഡ് സെറ്റുള്ളവര്‍ ശ്രമിക്കുക. അവര്‍ക്ക് ചെയ്യാനാകുമെങ്കില്‍ എനിക്ക് എന്തുകൊണ്ട് ചെയ്യാനാകില്ല എന്നായിരിക്കും ഇത്തരക്കാര്‍ ചിന്തിക്കുക.

ഫിക്‌സഡ് മൈന്‍ഡ് സെറ്റുള്ളവര്‍ പരാജയങ്ങളെ നാണക്കേടായാണ് കരുതുക. അതുകൊണ്ട് തന്നെ ഇത്തരക്കാരുടെ ജീവിതത്തില്‍ നിരന്തരം പ്രശ്‌നങ്ങളുണ്ടാകും. ഇത്തരക്കാര്‍ക്ക് പുതിയ കാര്യങ്ങള്‍ പരീക്ഷിക്കാന്‍ വളരെ മടിയായിരിക്കും. പലപ്പോഴും സ്വയം ശപിക്കുകയും ഒട്ടേറെ നെഗറ്റീവ് സ്വഭാവങ്ങള്‍ പ്രകടിപ്പിക്കുകയും ചെയ്യും. പരാജയങ്ങളെ ഇത്തരം ആളുകള്‍ സ്ഥിരതയായാണ് കാണുന്നത്. അതുകൊണ്ട് തന്നെ ഒരിക്കലോ ഒന്നിലേറെ തവണയോ പരാജയപ്പെട്ടാല്‍ പിന്നീട് അതേ കാര്യത്തിനു വേണ്ടി ശ്രമിക്കാന്‍ ഇത്തരക്കാര്‍ തയ്യാറാവുകയില്ല. കഴിവുകളെ ഒരു സമ്മാനമായി കരുതുന്നവരാണ് ഫിക്‌സഡ് മൈന്‍ഡ് സെറ്റുള്ളവര്‍. ഇത്തരക്കാര്‍ മറ്റുള്ളവരുടെ വിജയത്തില്‍ അസൂയയുള്ളവരായിരിക്കും. ഈ ലോകം നീതികാണിയ്ക്കുന്നില്ലെന്ന് എല്ലാവരോടും പരാതി പറയാനുള്ള കാരണമായിട്ടായിരിക്കും അവര്‍ മറ്റുള്ളവരുടെ വിജയത്തെ കാണുക.

വിമര്‍ശനത്തെ ഗ്രോത്ത് മൈന്‍ഡ് സെറ്റുള്ളവര്‍ ഒരു അനുഗ്രഹമായിട്ടാണ് കാണുക. എന്താണ് മെച്ചപ്പെടുത്തേണ്ടതെന്ന് അവര്‍ ഇത്തരം വിമര്‍ശനങ്ങളില്‍ നിന്ന് തിരിച്ചറിയുകയാണ് ചെയ്യുന്നത്. എന്നാല്‍ വിമര്‍ശനങ്ങളോട് വളരെ നിഷേധാക്തകമായാണ് ഫിക്‌സഡ് മൈന്‍ഡ് സെറ്റുള്ളവര്‍ പ്രവര്‍ത്തിക്കുക. അതുകൊണ്ട് വിമര്‍ശനങ്ങളെ ശക്തമായി പ്രതിരോധിക്കാനാണ് ഇത്തരക്കാര്‍ ശ്രമിക്കുക.

ഇതില്‍ നിന്നും ജീവിതത്തില്‍ വിജയിക്കുന്നവരുടെ മൈന്‍ഡ് സെറ്റ് ഏതാണെന്ന് മനസ്സിലായി കാണുമല്ലോ? ഇനി നിങ്ങള്‍ക്ക് നിങ്ങളുടെ മൈന്‍ഡ് സെറ്റ് ഏതാണെന്ന് പരിശോധിക്കാം