യൂസേഴ്സിനു വേണ്ടിയുള്ള പോരാട്ടം..ഒരു തുടർക്കഥ

പലപ്പോഴും മുന്നിലൂടെ കടന്നു പോയ യൂസേഴ്സിനെ അല്ലെങ്കിൽ കസ്റ്റമേഴ്സിനെ കുറിച്ച് ചിന്തിക്കാറുണ്ട്..
പത്രവിതരണം: അതാണല്ലോ ആദ്യം ചെയ്ത ജോലി…പത്തോളം കിലോമീറ്റർ സൈക്കിൾ ചവിട്ടി വിതരണം കഴിഞ്ഞെത്തിയാൽ 5 രൂപ കിട്ടും. അത് അത്ര ചെറിയ പൈസയൊന്നുമല്ല. കോളജിൽ പോകാൻ 25 പൈസ മതി. ഉച്ചയ്ക്ക് അവിൽ മിൽക്ക് കഴിയ്ക്കാൻ 1.5 രൂപ..ഇനി ഇത്തിരി ആർഭാടമായി ഒരു സിനിമയ്ക്ക് പോകാനാണെങ്കിലും ആ ക്യാഷ് ധാരാളം. നമ്മുടെ കാര്യങ്ങളെല്ലാം നടക്കും. ഈ കാലത്ത് രണ്ട് അനുഭവങ്ങൾ എപ്പോഴും ഓർമയിലുണ്ട്..

ഇന്ത്യൻ എക്സ്പ്രസ് പത്രം വിതരണം ചെയ്യുന്ന കാലത്ത്..മഴക്കാലത്ത് പത്രം വിതരണം ചെയ്യുമ്പോൾ..കുട പിടിച്ചോടിയ്ക്കാനാകില്ല. റെയിൻ കോട്ട് അതെല്ലാം ഒരു സ്വപ്നം മാത്രം.. ആകെയുള്ള മാർ​ഗ്​ഗം പത്രം ഒരു പ്ലാസ്റ്റിക് കവർ കൊണ്ട് പൊതിയുകയും നമ്മൾ നന്നായി മഴകൊണ്ട് ഓടിയ്ക്കുകയുമാണ്. കടലുണ്ടി റെയിൽവേ സ്റ്റേഷനു പിറകിലുള്ള ഒരു വീട്ടിൽ പത്രം കൊടുക്കാനായി അത്യാവശ്യം നല്ല വേ​ഗതയിൽ പോവുകയാണ്.. ആകെ നനഞ്ഞിട്ടുണ്ട്.. പ്ലാസ്റ്റിക് കെട്ടിൽ നിന്ന് പത്രമെടുത്ത് വീടിന്റെ കോലായിലേക്ക് ഇടുന്നതിനിടെ സ്വാഭാവികമായും ചില തുള്ളി ആ പത്രത്തിലും വീണു… അയാളിൽ നിന്നു കേട്ട തെറിക്ക് കൈയും കണക്കുമില്ല..ശരിയ്ക്കും സങ്കടമായി..

എന്നാൽ മാതൃഭൂമി വിതരണം ചെയ്യുന്ന കാലത്ത് രസകരമായ ഒരു സംഭവം ഉണ്ടായി..വീട്ടുടമസ്ഥൻ എല്ലാ ദിവസവും കാണുമ്പോൾ ചിരിയ്ക്കും…പക്ഷേ, ഒരു ദിവസം പത്രം ഇട്ടു തിരിഞ്ഞപ്പോൾ..അയാൾ പറഞ്ഞു പോകല്ലേ.. മോളേ…ഷിനോദിന് മിഠായി കൊടുക്കൂ.. ഞാൻ ഞെട്ടി..അയാൾക്ക് എന്റെ പേരറിയാം.. ഇന്നു മോളുടെ ബെർത്ത് ഡേ ആണ്…..പിന്നെ എന്നോട് പറഞ്ഞു.. നന്നായി പഠിയ്ക്കണം.. നിന്റെ സ്കൂളിലെ മാർക്കും വിവരങ്ങളുമെല്ലാം എനിക്കറിയാം.. ഒരു യുദ്ധം കീഴടക്കിയ സന്തോഷമായിരുന്നു അന്ന്… കാരണം സാധാരണ പത്രം വിതരണം ചെയ്യാൻ വരുന്ന പിള്ളേരെ..ഏതോ തലതിരിഞ്ഞ ചെറുക്കൻ എന്നു ചിന്തിക്കുന്നതാണ് നാട്ടിലെ പ്രകൃതം..

ഇവിടെ രണ്ട് യൂസേഴ്സ് രണ്ടു രീതിയിലാണ് ബിഹേവ് ചെയ്തത്.. പഠിയ്ക്കുമ്പോൾ പല പണികളും എടുത്തിട്ടുണ്ട്….
സ്റ്റുഡിയോയിൽ അസിസ്റ്റന്റായും മെഡിക്കൽ ഷോപ്പിൽ സെയിൽസ്മാനായും ഐസ്ക്രീം പാർലറിൽ വിൽപ്പനക്കാരനായും മരക്കമ്പനിയിലെ കണക്കെഴുത്തുപിള്ളയായും കോളജിൽ അധ്യാപകനായും ജോലി ചെയ്തതിനുശേഷമാണ് ഡ്രീം ജോബായ ജേർണലിസത്തിലേക്ക് കാലെടുത്തുവെയ്ക്കുന്നത്. വേറൊരു ജോലിയും സ്വപ്നത്തിലില്ലായിരുന്നു. എല്ലാ ജോലിയും ചെയ്തത് ഈ ലക്ഷ്യത്തിലേക്കെത്താൻ വേണ്ടിയായിരുന്നു. പിജിയും ജേർണലിസവും കഴിഞ്ഞ് ഉടൻ ജോലിയും കിട്ടി.. അതിനിടയിൽ പിജിയ്ക്ക് പഠിയ്ക്കുന്ന കാലത്ത് കേരളകൗമുദിയിൽ പ്രൂഫ് റീഡറുടെ പണിയും നോക്കിയിരുന്നു…ഇത് പാഷന്റെ തീവ്രത കൂട്ടുകയാണ് ചെയ്തത്. പലരീതിയിലുള്ള യൂസേഴ്സുമായി ഇക്കാലത്ത് ഇടപെടാൻ സാധിച്ചു.

എന്നാൽ ആദ്യത്തെ പത്രത്തിൽ എട്ടിന്റെ പണി കിട്ടി. മൂന്നു മാസം ശമ്പളം കിട്ടി..പിന്നെ കിട്ടിയത് ആ പത്രം തന്നെയായിരുന്നു. അതിന്റെ എല്ലാ നടത്തിപ്പും എന്റെയും പ്രദീപേട്ടന്റെയും തലയിൽ വീണു.. റിപ്പോർട്ടിങ്, ടൈപ്പിങ്, ഡിസൈനിങ്, പ്രിന്റിങ്, പരസ്യം പിടിയ്ക്കൽ..എല്ലാം കൂടി എട്ടുമാസം വണ്ടിയോടിച്ചു.. വാസ്തവത്തിൽ ആ പോരാട്ടമായിരുന്നു…പിന്നീട് കരിയറിലെ ഊർജ്ജമായി മാറിയത്.. ഇൻഡസ്ട്രിയിലെ വിവിധ ടൈപ്പിലുള്ള ആളുകളെ അഭിമുഖീകരിക്കാൻ പഠിച്ചു.. അതിനുശേഷം അഞ്ചോളം പത്രങ്ങൾ മാറി… 2002ഓടെ തന്നെ ഡിജിറ്റൽ മീഡിയയിൽ ശ്രദ്ധയൂന്നി തുടങ്ങി. 2010 ആകുമ്പോഴേക്കും പരിപൂർണമായും ഡിജിറ്റൽ മീഡിയ ജേർണലിസ്റ്റ് എന്ന രീതിയിലേക്ക് കൺവെർട്ട് ആയി.. ഏറ്റവും രസകരമായ കാര്യം ഞാനിപ്പോൾ ഏറ്റവും കൂടുതൽ കേൾക്കുന്ന വാക്കുകളിലൊന്ന് യൂസേഴ്സ് എന്നതാണ്.. മുന്നോട്ടു കുതിയ്ക്കാനും എതിരാളിയുടെ മനസ്സിലുള്ള കാര്യങ്ങളിലേക്ക് ഇറങ്ങി ചെല്ലാനും പലപ്പോഴും എനിക്ക് വെളിച്ചമാകുന്നത് ഈ വ്യത്യസ്ത മേഖലയിലുള്ള യൂസേഴ്സ് അല്ലെങ്കിൽ കസ്റ്റമേഴ്സ് നൽകിയ അനുഭവങ്ങൾ തന്നെയാണ്… പോരാട്ടം തുടരുന്നു….