കണ്ണട പുരാണം: കിഷന് ലോട്ടറിയടിച്ച സന്തോഷം, നമുക്കോ ടെൻഷനും

നാലാം ക്ളാസ്സിൽ പഠിയ്ക്കുമ്പോൾ നിർമല ടീച്ചറാണ് അതു കണ്ടു പിടിച്ചത്. ബോർഡിലേക്ക് നോക്കുമ്പോൾ എന്റെ കണ്ണിൽ നിന്നും കണ്ണീർ ഒലിച്ചിറങ്ങുന്നു. ” ഇവന്റെ കണ്ണൊന്ന് പരിശോധിപ്പിക്കണം” ടീച്ചർ അമ്മയോട് നിർദ്ദേശിച്ചു.. അന്ന് മൂന്നച്ഛൻ(അച്ഛന്റെ ഏട്ടൻ) ജോലി ചെയ്യുന്നത് ബീച്ച് ആശുപത്രിയിലാണ്. പരിശോധന അവിടെ വെച്ചായിരുന്നു. സംഗതി ശരിയാണ്. രണ്ടു കണ്ണിനും ഇത്തിരി കാഴ്ച കുറവുണ്ട്.
 
അങ്ങനെ നല്ല കറുത്ത ഫ്രെയിമോടു കൂടിയ കുപ്പിഗ്ളാസ് റെഡി. ഏഴാം ക്ളാസുവരെ അതു വെച്ചുവെന്നാണ് ഓർമ. ഹൈസ്കൂളിലെത്തിയതോടെ കണ്ണാടി, സോഡാകുപ്പി ചെല്ലപ്പേരുകളെ പേടിച്ചും ആ പ്രായത്തിന്റെ ഇത്തിരി സൗന്ദര്യബോധത്തിന് ക്ഷീണമാകുമെന്നതിനാലും കണ്ണട വെയ്ക്കുന്ന പരിപാടിയങ്ങ് നിർത്തി.(കണ്ണു കാണാത്ത പ്രശ്നമൊന്നും നമുക്കില്ല, ദൂരത്തുള്ളത് വായിക്കാൻ ഇത്തിരി ബുദ്ധിമുട്ടാണ് അത്ര മാത്രമേ ഉള്ളൂ.)
 
പക്ഷേ, ആ നിർത്തൽ വലിയ തിരിച്ചടിയുണ്ടാക്കി. അടുത്ത തവണ പരിശോധിച്ചപ്പോൾ അത് 1.75ലേക്ക് എത്തിപ്പോയി (ആദ്യം .25ഉം .75ഉം ആയിരുന്നെന്നാണ് ഓർമ). കണ്ണട സ്ഥിരമായി വെയ്ക്കാൻ ഡോക്ടർ പറഞ്ഞിരുന്നു. എങ്ങനെയെങ്കിലും കണ്ണട ഒഴിവാക്കണമെന്ന ചിന്തയിൽ മാമനാണ് എന്നെ മണ്ണൂരിലെ പ്രസിദ്ധമായ വൈദ്യരുടെ അടുത്ത് കൊണ്ടുപോയത്. രാവിലെ പാൽക്കഷായം, മുരിങ്ങ ഇലയുടെ നീരെടുത്ത് ചെറുതേനിൽ ചാലിച്ച് മൂന്നുനേരം കണ്ണിൽ ഇറ്റിക്കണം, പിന്നെ മറ്റു പഥ്യങ്ങളും. മരുന്നു കൊണ്ട് ഫലമുണ്ടായിരുന്നു. പക്ഷേ, മാമന് നല്ലൊരു തുക പ്രതിമാസം ചെലവാകുന്നുവെന്ന തിരിച്ചറിവിൽ നിന്നും..ഞാൻ കണ്ണട വെയ്ക്കാൻ പോവുകയാണെന്ന് പ്രഖ്യാപിച്ചു. പിന്നീട് കണ്ണട ശീലമായി. ഏകദേശം 25 വർഷമായി…
 
വലുതായതോടെ കണ്ണട ഒരു അലങ്കാരവും ഒരു സ്വകാര്യ ‘അഹങ്കാരവുമായി’ മാറി. ഇപ്പോ ഷോർട്ട് സൈറ്റും ലോങ് സൈറ്റും ചേർന്ന പ്രോഗ്രസ്സീവ് ലെൻസാണ്. വിശ്രമമില്ലാതെ കണ്ണിന് ജോലി കൊടുത്തതുകൊണ്ട് ‘പവറിന്’ യാതൊരു കുറവുമില്ല. രണ്ടു വർഷം കൂടുമ്പോൾ കൃത്യമായി കണ്ണ് പരിശോധിക്കുകയും കണ്ണട മാറ്റുകയും ചെയ്യാറുണ്ട്. കഴിഞ്ഞ മാസവും ഏകദേശം നല്ലൊരു തുക ഈ വകുപ്പിൽ ചെലവാക്കേണ്ടിയും വന്നിട്ടുണ്ട്. പുതിയ കോംപിനേഷൻ ലെൻസിന് നല്ല വിലയാണ്. കാരണം വലതു കണ്ണ് -5ഉം ഇടത് കണ്ണ് -4ഉം ആണ്.
 
കുട്ടികളായപ്പോൾ ആർക്കെങ്കിലും ഷോർട്ട് സൈറ്റ് ഉണ്ടാകുമോ എന്ന ആശങ്കയുണ്ടായിരുന്നു. രണ്ടു പേരുടെയും കണ്ണ് പരിശോധിക്കണമെന്ന് കരുതും. പിന്നെ ചിന്തിക്കും..എന്തെങ്കിലും പ്രശ്നം കാണിയ്ക്കുമ്പോൾ നോക്കാമെന്ന്… ഞാൻ പണ്ടേ ടിവി മുന്നിൽ ഇരുന്നാണ് കാണുക.. എനിക്ക് ആദ്യം കാണണം എന്ന് പറഞ്ഞ് കൂട്ടുകാരും വീട്ടുകാരും കളിയാക്കാറുണ്ട്. പക്ഷേ, അങ്ങനെ ശീലമായി പോയി. പിറകിലിരുന്നാലും കാണും..പക്ഷേ, ഒരു മനസ്സുഖം കിട്ടില്ല.(ഒരു പക്ഷേ, ഷോർട്ട് സൈറ്റ് കൊണ്ടായിരിക്കണം ആ സംതൃപ്തി കുറവുണ്ടാകുന്നത്). കിഷൻ ടിവിയുടെ തൊട്ടുമുന്നിൽ കസേരയിട്ടു കാണുമ്പോൾ അതുകൊണ്ട് തന്നെ യാതൊരു പ്രത്യേകതയും തോന്നിയില്ല. അച്ഛനെ കണ്ടു പഠിച്ചതാകുമെന്ന് കരുതി.
 
എന്നാൽ ഇത്തിരി ബലം പ്രയോഗിച്ച് കിഷനെ പിറകിലേക്ക് മാറ്റാൻ നോക്കിയപ്പോഴാണ് എന്തോ ഒരു പന്തികേട് തോന്നിയത്. അങ്ങനെ ഈ ഞായറാഴ്ച സംശയം തീർക്കാനായി മാറ്റി വെച്ചു. ആദ്യം വാസൻ ഐ കെയറിലാണ് പോയത്..രണ്ടു സെന്ററിൽ പോയിട്ടും സംഗതി നടന്നില്ല.(ആദ്യ സെന്ററിൽ-ജയനഗർ, ക്യാഷേ സ്വീകരിക്കൂവെന്ന ധാഷ്ട്യം ഇഷ്ടപ്പെട്ടില്ല. ആറ്റിറ്റ്യൂഡ് വെച്ചു പൊറുപ്പിക്കുന്ന ശീലം പണ്ടേ ഇല്ല. വാസ്തവത്തിൽ ഇതേ സെന്ററിലാണ് സ്ഥിരമായി ഞാൻ പോകാറുള്ളത്. എല്ലാ തവണയും ഡിജിറ്റൽ പേയ്മെന്റാണ് സ്വീകരിച്ചത്. ഇന്ന് ഞായറാഴ്ചയായതുകൊണ്ട് ഫിനാൻസ് ടീം ഇല്ലാത്തതുകൊണ്ടായിരിക്കും. എന്നാൽ അക്കാര്യം സൗമ്യമായി പറയുന്നതിനു പകരം ക്യാഷ് തന്നെ വേണമെന്ന് ആവശ്യപ്പെട്ടത് ഇഷ്ടപ്പെട്ടില്ല. ഹുളിമാവിലുള്ള രണ്ടാമത്തെ സെന്റർ ഒരു മണിയ്ക്ക് ക്ലോസാക്കുമെന്ന് 12.55ന് പ്രഖ്യാപിച്ചതോടെ അതും വിട്ടു). അങ്ങനെ നാരായണ നേത്രാലയത്തിലെത്തി. മൂന്നു മണിക്കൂറോളം നീണ്ട പരിശോധനയ്ക്കൊടുവിൽ ആ സത്യം തിരിച്ചറിഞ്ഞു. കിഷനു ചെറിയ തോതിൽ ഷോർട്ട് സൈറ്റുണ്ട്.(ശരിയ്ക്കും എന്റേതു പോലെ തന്നെ). പാറുവിന് ക്ളീൻ സർട്ടിഫിക്കറ്റും കിട്ടി.
 
ഇതറിഞ്ഞതു മുതൽ കിഷൻ നല്ല ത്രില്ലിലാണ്. അച്ഛനെ പോലെ കണ്ണട വെയ്ക്കാലോ…കുട്ടിക്കുറുമ്പന്മാരുടെ ക്ളാസ്സിലാണ് പഠിയ്ക്കുന്നത്.. പൊട്ടിയ്ക്കുമെന്ന് പേടിച്ച് അത്യാവശ്യം വിലയുള്ള ഫ്രെയിമും ടിവിയും കംപ്യൂട്ടറും ഉപയോഗിക്കുന്നതിനാൽ ബ്ളുകട്ട് ലെൻസും വാങ്ങേണ്ടി വന്നു. പഴയ നമ്മുടെ ഗാന്ധി കണ്ണടയെ ഈ സമയത്ത് വെറുതെ ആലോചിച്ചു. കണ്ണട പൊട്ടുമെന്ന് പേടിച്ച് കളിയ്ക്കാൻ പോലും പോകാതിരുന്നത്. പിന്നീട് ആക്ടിവിറ്റികളിൽ നിന്നു പതുക്കെ പിറകോട്ട് പോയത്..എന്തായാലും ഇതൊന്നും കിഷന്റെ കാര്യത്തിൽ ഉണ്ടാകില്ലെന്ന് ഉറപ്പ് വരുത്തണം.
വാൽക്കഷണം: ഇത്തിരി നീളം കൂടിപോയെന്നറിയാം. പക്ഷേ, ഇത്തരം അനുഭവങ്ങൾ ചിലർക്കെങ്കിലും ഉണ്ടാകുമെന്നതിനാലാണ് നീളം കൂട്ടിയത്.