‘മാധ്യമ ജീവികൾ’, അത് എത്രതരം?

1 ലോക്കൽ വാർത്തകളും ചരമപേജും പ്രസ് ക്ലബ്ബും പ്രസ് മീറ്റുമായി ഉരുണ്ട് പോകുന്നവർ. ഇവർക്ക് പോളിസിപരമായ പ്രശ്നങ്ങളൊന്നും ഇല്ല. ഇവരുടെ ഏറ്റവും വലിയ ക്രിയേറ്റിവിറ്റി സ്വന്തം ഗ്രൂപ്പിന്റെ തന്നെ പിരിയോഡിക്കൽസിലേക്കും സപ്ലിമെന്റിലേക്കും ആർട്ടിക്കിൾ എഴുതുകയെന്നതാണ്. വലിയ വലിയ കാര്യങ്ങളിൽ ഇവർക്ക് താത്പര്യം കാണില്ല. വലിയ ആദർശം പറഞ്ഞു വരില്ല. പിന്നെ ഇനി ആദർശം പറഞ്ഞാലും വലിയ കുഴപ്പമില്ല. കാരണം അവർക്ക് അത്തരം വലിയ വലിയ കാര്യങ്ങളിൽ ഇടപെടേണ്ട സാഹചര്യം കുറവായിരിക്കും.

2 മാനേജ്മെന്റുമായി ഒട്ടി ജീവിക്കുന്ന ചിലർ. സ്പെഷ്യൽ സ്റ്റോറികളും സ്ഥാനങ്ങളും മാനേജ്മെന്റിന്റെ കാതു കടിച്ചു തിന്ന് വാങ്ങും. മാധ്യമപ്രവർത്തകർ എന്ന നിലയിൽ പൊതു സമൂഹം ശ്രദ്ധിക്കും. വലിയ വലിയ കാര്യങ്ങളിൽ വലിയ വലിയ അഭിപ്രായം പറയും. പക്ഷേ, അടിസ്ഥാന പ്രവർത്തനം കുത്തിത്തിരിപ്പും കുതികാൽവെട്ടും മണിയടിയും. നിർഭാഗ്യവശാൽ ഇക്കൂട്ടരാണ് കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത്. എവിടെയും ഇവരുടെ ലക്ഷ്യം അധികാരമാണ്. പ്രസ് ക്ലബ്ബിലാണെങ്കിൽ പോലും. നല്ല കളിക്കാരാണിവർ. പേരിനും പ്രശസ്തിക്കുമായി ഇവർ എന്തും ചെയ്യും.

3 ആദർശത്തിന്റെ സൂക്കേടുള്ള അപൂർവം ചില ജന്മങ്ങളുണ്ട്. പണ്ട് കാലത്ത് ഇവരായിരുന്നു റോൾ മോഡൽസ്. എന്നാൽ ഇക്കാലത്ത് അവർ പണിക്ക് കൊള്ളാത്തവരാണെന്ന ലേബലാണുണ്ടാവുക.. വംശനാശം വന്നു കൊണ്ടിരിക്കുന്ന ഈ വിഭാഗം ഇന്ന് നവ മാധ്യമങ്ങളിൽ ഏറെ സജീവമാണ്. ഒരു സ്ഥാപനത്തിലും ഉറച്ചു നിൽക്കാത്ത ഇത്തരക്കാർക്ക് ഈഗോ വളരെ കൂടുതലായിരിക്കും. സിസ്റ്റവുമായി സമരസപ്പെട്ടു പോകുന്ന ഒരു മനസ്സായിരിക്കില്ല ഇവരുടെത്. മാനേജ്മെന്റിന്റെ കണ്ണിലെ കരടും ടെർമിനേറ്റ് ചെയ്യാൻ കമ്പനി ആഗ്രഹിക്കുന്നവരുടെ ലിസ്റ്റിലെ മുൻനിരക്കാരും ആയിരിക്കും. ചിലരൊക്കെ സ്വന്തം ബ്ലോഗുകളും പോർട്ടലുകളുമായി കഴപ്പ് തീർക്കുന്നു.

എന്നാൽ രസകരമായ കാര്യം. ഈ മൂന്നാം വിഭാഗമല്ല മംഗളം വിഷയത്തിൽ ഏറെ ഉറഞ്ഞു തുള്ളിയത്.